
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20യില്‍ മികച്ച സ്കോറുയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് സ്വന്തമാക്കി. അതിവേഗ അര്‍ധ സെഞ്ചുറിയുമായി ഹര്‍ദ്ദിക് പാണ്ഡ്യ കത്തിക്കയറിയതോടെയാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ഒപ്പം തിലക് വര്‍മയും അര്‍ധ സെഞ്ചുറിയുമായി പിന്തുണ നല്‍കി. ഹര്‍ദ്ദിക് 16 പന്തില്‍ 54 റണ്‍സടിച്ചാണ് അതിവേഗം അര്‍ധ സെഞ്ചുറി കണ്ടെത്തിയത്. 5 സിക്‌സും 4 ഫോറും സഹിതമായിരുന്നു മിന്നല്‍ ബാറ്റിങ്. 5 വീതം സിക്‌സും ഫോറും സഹിതം 25 പന്തില്‍ 63 റണ്‍സെടുത്താണ് ഹര്‍ദ്ദിക് മടങ്ങിയത്.
തിലക് വര്‍മയും ക്രീസില്‍ ഉറച്ചു നിന്നു മികച്ച ബാറ്റിങുമായി കളം വാണു. താരം 42 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 73 റണ്‍സെടുത്ത് ടോപ് സ്കോററായി. ആറാമനായി എത്തിയ ശിവം ദുബെ 3 പന്തില്‍ ഒരു സിക്‌സും ഫോറും തൂക്കി 10 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. ശുഭ്മാന്‍ ഗില്ലിനു പകരമായി പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയ സഞ്ജു സാംസണ്‍ അഭിഷേകിനൊപ്പം ചേര്‍ന്നു ഗംഭീര തുടക്കമാണ് ടീമിനു നല്‍കിയത്. 5.4 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 63 റണ്‍സിലെത്തി. 63 റണ്‍സില്‍ നില്‍ക്കെയാണ് ഇന്ത്യയ്ക്കു ആദ്യ വിക്കറ്റ് നഷ്ടമായത്. അഭിഷേക് ശര്‍മയാണ് ആദ്യം മടങ്ങിയത്. താരം 21 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സെടുത്തു.
മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന്റെ മടക്കം. തിലക് വര്‍മയും സഞ്ജുവും ചേര്‍ന്നു ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോകുന്നതിനിടെയാണ് സഞ്ജുവിന്റെ അപ്രതീക്ഷിത മടക്കം. താരത്തെ ജോര്‍ജ് ലിന്‍ഡാണ് പുറത്താക്കിയത്. ലിന്‍ഡിന്റെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡായി. ഇന്ത്യയുടെ രണ്ടാം വിക്കറ്റായാണ് സഞ്ജു വീണത്. സ്കോര്‍ 97ല്‍ നില്‍ക്കെയാണ് മലയാളി താരം മടങ്ങിയത്. സഞ്ജു 22 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും സഹിതം 37 റണ്‍സെടുത്തു മടങ്ങി. കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഗില്ലിനെ ഒഴിവാക്കി സഞ്ജുവിനു അവസരം നല്‍കിയത്. പിന്നീട് ക്രീസിലേക്കെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വീണ്ടും നിരാശപ്പെടുത്തി. 7 പന്തില്‍ 5 റണ്‍സ് മാത്രമായിരുന്നു ക്യാപ്റ്റന്റെ സംഭാവന. അതിനു ശേഷം ക്രീസില്‍ ഒന്നിച്ച ഹര്‍ദ്ദിക് പാണ്ഡ്യ‑തിലക് വര്‍മ സഖ്യം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ ഗ്രൗണ്ടിനു നാല് വശത്തേയ്ക്കും പായിക്കുന്ന കാഴ്ചയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.