
ഭൂരഹിതരില്ലാത്ത കേരളമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി മട്ടന്നൂർ നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച പട്ടയ മേളയിൽ 244 പേർ ഭൂമിയുടെ അവകാശികളായി. കൂത്തുപറമ്പ് ലാൻഡ് ട്രിബ്യൂണൽ 125, ഇരിട്ടി ലാൻഡ് ട്രിബ്യൂണൽ 112, ഏഴ് ലക്ഷംവീട് പട്ടയങ്ങൾ എന്നിവയാണ് മേളയിൽ വിതരണം ചെയ്തത്.
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എല്ലാ കുടുംബങ്ങൾക്കും ഭൂമി എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ എത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റൽ സർവെ പൂർത്തിയാകുന്നതോടെ ഭൂമി സംബന്ധിച്ച ഒരുതർക്കവും സംസ്ഥാനത്തെവിടെയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം നീങ്ങുകയാണ്. ഇതിനായി രൂപീകരിച്ച പട്ടയ മിഷനും പട്ടയ അസംബ്ലികളും ഓരോ മണ്ഡലത്തിലെയും ഭൂരഹിതരെ കണ്ടെത്തി പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷയായി. മട്ടന്നൂർ മുനിസിപ്പൽ സി ഡി എസ് ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ എൻ ഷാജിത്ത് മാസ്റ്റർ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി മിനി, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, മട്ടന്നൂർ വാർഡ് കൗൺസിലർ വി.എൻ മുഹമ്മദ്, പാർട്ടി പ്രതിനിധികളായ ഇ പി ഷംസുദ്ദീൻ, ജയ്സൻ ജീരകശ്ശേരി, കെ വി പുരുഷോത്തമൻ, കെ അശോകൻ, കെ.പി രമേശൻ, മനോജ് മാവില, ഡെപ്യൂട്ടി കലക്ടർ ലതാദേവി, ഇരിട്ടി തഹസിൽദാർ സി.വി പ്രകാശൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.