
തെലങ്കാന‑ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ സുരക്ഷാസേന 26 മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു. കൊല്ലപ്പെട്ടവരില്‍ നാല് വനിതകളുമുണ്ട്.
ബുധനാഴ്ച തെലങ്കാന അതിര്‍ത്തിപ്രദേശത്തെ കരേഗുട്ട കുന്നുകളിലാണ് സുരക്ഷാസേന ഏറ്റുമുട്ടല്‍ നടത്തിയതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. 20,000ത്തോളം സൈനികര്‍ പങ്കെടുത്ത മാവോയിസ്റ്റ് വേട്ടയ്ക്ക് സിആര്‍പിഎഫും ഛത്തീസ്ഗഢ് പൊലീസുമാണ് നേതൃത്വം നല്‍കിയത്. ഏപ്രില്‍ 21ന് ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയില്‍ ആരംഭിച്ച ഓപ്പറേഷന്‍ 18 ദിവസങ്ങള്‍ക്ക് ശേഷമാണ് തെലങ്കാന അതിര്‍ത്തിക്ക് അപ്പുറത്തെത്തിയത്.
കൊല്ലപ്പെട്ടവരില്‍ നിന്ന് വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍, ചരക്ക് നീക്കത്തിനുള്ള വസ്തുക്കള്‍, ആയുധ നിര്‍മ്മാണ ഫാക്ടറികള്‍ എന്നിവ പിടിച്ചെടുത്തെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. ബസ്തറിലെ വലിയ ദൗത്യങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ ഓപ്പറേഷനില്‍ ഛത്തീസ്ഗഢ് പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡ്, ബസ്തര്‍ ഫൈറ്റേഴ്സ്, സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ്, അതിന്റെ എലൈറ്റ് കോബ്ര യൂണിറ്റ് എന്നിവയുള്‍പ്പെടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഏകദേശം 24,000 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു.
മാവോയിസ്‌റ്റുകളുടെ ഏറ്റവും ശക്തമായ സൈനിക രൂപീകരണമായ ഒന്നാം ബറ്റാലിയനിലെയും തെലങ്കാന മാവോയിസ്‌റ്റ് സംസ്ഥാന കമ്മിറ്റിയിലെയും മുതിർന്ന കേഡറുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് സൂചനയുണ്ട്. തെലങ്കാന‑ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ 2025 ജനുവരി ഒന്നുമുതൽ നിരവധി ഏറ്റുമുട്ടലുകളിലായി 213 നക്‌സലൈറ്റുകള്‍ അറസ്‌റ്റിലായിട്ടുണ്ട്. വിവിധ ഏറ്റുമുട്ടലുകളിലായി ആകെ 90 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടതായും പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.