
തെക്കൻ ബംഗളൂരുവിലെ സുദ്ദഗുണ്ടെപാളയയിൽ 27കാരിയായ ടെക്കി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി.
രണ്ടര വർഷം മുൻപാണ് സോഫ്റ്റ് വെയർ പ്രൊഫഷണലായിരുന്ന പ്രവീണുമായി ശിൽപ്പയുടെ വിവാഹം നടന്നത്. ഇവർക്ക് ഒന്നര വയസ് പ്രായമുള്ള ഒരു കുട്ടിയുമുണ്ട്.
എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ ശിൽപ്പ വിവാഹത്തിന് മുൻപ് വരെ ഇൻഫോസിസിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഒറാക്കിളിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്ന പ്രവീൺ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ജോലി രാജി വയ്ക്കുകയും ഫുഡ് ബിസിനസ് ആരംഭിക്കുകയുമായിരുന്നു.
വിവാഹസമയത്ത് പ്രവീണിൻറെ കുടുംബം 15 ലക്ഷം രൂപയും 150 ഗ്രാം സ്വർണാഭരണങ്ങളും വീട്ട് സാധനങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്ന് ശിൽപ്പയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതെല്ലാം നൽകിയിട്ടുമം വിവാഹശേഷം വീണ്ടും പണവും വിലപിടിപ്പുള്ള വസ്തുക്കളും ആവശ്യപ്പെട്ട് പ്രവീണിൻറെ വീട്ടുകാർ ശിൽപ്പയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
സ്ത്രീധനത്തെച്ചൊല്ലിയുള്ള നിരന്തരമായ പരിഹാസവും മാനസിക പീഡനവുമാണ് ശിൽപ്പയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിൻറെ ആരോപണം.
നിറത്തിൻറെ പേരിലും പ്രവീണിൻറെ വീട്ടുകാർ ശിൽപ്പയെ ആക്ഷേപിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ആറ് മാസം മുൻപ് ബിസിനസ് ആവശ്യങ്ങൾക്കായി പ്രവീണിൻറെ കുടുംബം 5 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും അത് നൽകിയെന്നും കുടുംബം പരാതിയിൽ പറയുന്നു.
സ്ത്രീധന പീഡനത്തിനും അസ്വാഭാവിക മരണത്തിനും സുദ്ദഗുണ്ടേപാളയ പോലീസ് കേസെടുത്തു. പ്രവീണിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അസിസ്റ്റന്റ് പോലീസ് കമ്മീഷണർ തലത്തിലുള്ള ഒരു ഓഫീസറാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ശിൽപയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.