സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനിടെ അളവ് തൂക്ക ക്രമക്കേടിന് 289.67 കോടി രൂപ ലീഗല്‍ മെട്രോളജി പിഴ ഈടാക്കിയതായി മന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ അറിയിച്ചു. 2024ല്‍ 20,636 വ്യാപാര സ്ഥാപനങ്ങൾ പരിശോധിക്കുകയും അളവുതൂക്കത്തിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് 2026 കേസുകൾ രജിസ്റ്റർ ചെയ്ത് 59.99 ലക്ഷം രൂപ പിഴയായും ഈടാക്കിയെന്ന് സി കെ ആശ, പി എസ് സുപാല്‍, വി ശശി, വാഴൂര്‍ സോമൻ എന്നിവര്‍ക്ക് മന്ത്രി മറുപടി നല്‍കി. ലീഗൽ മെട്രോളജി വകുപ്പിൽ മതിയായ വാഹനങ്ങൾ ഇല്ലാത്തത് വകുപ്പിന്റെ കാര്യക്ഷമതയെ ബാധിച്ചിട്ടുണ്ട്. 45 വാഹനങ്ങളാണ് വകുപ്പിനുണ്ടായിരുന്നത്.
ഇതിൽ എട്ടുവാഹനങ്ങൾ 15 വർഷം പൂർത്തിയായതിനാൽ ഉപയോഗിക്കാൻ കഴിയില്ല. ഈ വർഷം ഡിസംബറോടെ ആറ് വാഹനങ്ങൾ കൂടി 15 വർഷം പൂർത്തിയാകും. 83 ഇൻസ്പെക്ടർ ഓഫീസുകളും 18 അസി. കൺട്രോൾ ഓഫീസുകളും 30 ഡെപ്യൂട്ടി കൺട്രോൾ ഓഫീസുകളും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിലുള്ള വാഹനങ്ങൾ കൈമാറി ഉപയോഗിച്ചാണ് വ്യാപാരസ്ഥാപനങ്ങളിലും ഓഫീസുകളിലും പെട്രോൾ പമ്പുകളിലുമെല്ലാം പരിശോധന നടത്തുന്നത്. ഇത് പരിഹരിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുമെന്നുമെന്നും മന്ത്രി അറിയിച്ചു.
അതിഥി തൊഴിലാളികൾക്ക് ആധാറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് റേഷൻ കാർഡ് അനുവദിക്കുക എന്നത് പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളുടെ റേഷൻ കാർഡ് ഡാറ്റാബേസുകൾ പരസ്പരം ഇന്റഗ്രേറ്റഡ് അല്ലാത്തതിനാൽ അതിഥി തൊഴിലാളികൾ സംസ്ഥാനത്ത് പുതിയ റേഷൻ കാർഡിന് അപേക്ഷിക്കുന്നപക്ഷം ആധാർ ഡ്യൂപ്ലിക്കേഷൻ സംവിധാനം മുഖേന, ഈ വ്യക്തികൾക്ക് മറ്റേതെങ്കിലും സംസ്ഥാനത്ത് നിലവിൽ റേഷൻ കാർഡ് ഉണ്ടോയെന്നത് അറിയാൻ സാധിക്കാത്തതാണ് ഇതിന് കാരണം. എന്നാൽ ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പ്രകാരം അവരവരുടെ സംസ്ഥാനത്തുള്ള എൻഎഫ്എസ്എ റേഷൻ കാർഡുകളുപയോഗിച്ച് കേരളത്തിൽ നിന്ന് റേഷൻ വാങ്ങുന്നതിന് സാധിക്കും. ഇത് സംബന്ധിച്ച് ബോധവത്‌കരണം നടത്തുന്നതിന് അതിഥി തൊഴിലാളികൾക്ക് “റേഷൻ റൈറ്റ്സ് കാർഡ് എന്ന പേരിൽ ഒരു കാർഡ് നൽകുന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.