2024–25ൽ രാജ്യത്തുടനീളമുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ 2,936 പേർ മരിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഹിമാചല്‍ പ്രദേശിലും മധ്യപ്രദേശിലും കേരളത്തിലുമാണ് വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉൾപ്പെടെയുള്ള ദുരന്തങ്ങളില്‍ ഏറ്റവുമധികം ആള്‍നാശവും നാശനഷ്ടങ്ങളും നേരിട്ടതെന്നും പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. ഹിമാചൽ പ്രദേശിൽ വിവിധ കാലാവസ്ഥാ ദുരന്തങ്ങളിലായി 408 പേർ മരിച്ചു, മധ്യപ്രദേശ് (373), കേരളം (355), മഹാരാഷ്ട്ര (206), കർണാടക (185), അസം (128) എന്നിങ്ങനെയാണ് മരണത്തിന്റെ കണക്കുകള്‍. 14.24 ലക്ഷം ഹെക്ടർ കൃഷിനാശത്തിനും 3.63 ലക്ഷത്തിലധികം വീടുകളുടെ നഷ്ടത്തിനും 61,826 കന്നുകാലികളുടെ ജീവനാശത്തിനും പ്രകൃതി ദുരന്തങ്ങള്‍ കാരണമായി. അസമില്‍ 1.56 ലക്ഷത്തിലധികം വീടുകള്‍ തകര്‍ന്നു. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം. വിവിധ കാലാവസ്ഥാ ദുരന്തങ്ങളിലായി നാല് ലക്ഷം ഹെക്ടർ സ്ഥലത്തെ കൃഷിനാശമുണ്ടായി.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്ഥാനങ്ങളെ സഹായിക്കുന്നതിന് സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്), ദേശീയ ദുരന്ത പ്രതികരണ നിധി (എൻഡിആർഎഫ്) എന്നിവയ്ക്ക് കീഴിൽ 26,841.60 കോടി രൂപ അനുവദിച്ചതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ദുരന്തനിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രേഖാമൂലമുള്ള മറുപടിയിൽ പറയുന്നു.
എസ്ഡിആർഎഫിന്റെ ആദ്യ ഗഡുവായി 11,200.40 കോടി വിതരണം ചെയ്തു. രണ്ടാം ഗഡുവായി 5,365.60 കോടിയും സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ഹിമാചൽ പ്രദേശ്, കർണാടക, മിസോറാം, സിക്കിം, തമിഴ്‌നാട്, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്ക് എൻഡിആർഎഫിന് കീഴിൽ 4,050.91 കോടി രൂപ ലഭിച്ചു. മൊത്തം കണക്കിൽ 3,454.22 കോടി (85.2 ശതമാനം) കർണാടകയ്ക്ക് ലഭിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.