17 January 2026, Saturday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

3.69 ലക്ഷം കോടിയുടെ സെസ് കേന്ദ്രം വകമാറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
August 12, 2025 10:57 pm

2023–24 സാമ്പത്തിക വര്‍ഷം വരെ വിദ്യാഭ്യാസം, ആരോഗ്യം, സമൂഹികക്ഷേമം ഉള്‍പ്പെടെയുള്ളവയ്ക്ക് ചെലവഴിക്കുന്നതിനായി സെസിലൂടെ സമാഹരിച്ച 3.69 ലക്ഷം കോടി രൂപ കേന്ദ്രം വകമാറ്റി. വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും, ദേശീയ പാതകള്‍, എണ്ണ വ്യവസായം എന്നിവയുടെ വികസനത്തിനായി സമാഹരിച്ച തുക വിതരണം ചെയ്യുന്നതിലും കേന്ദ്രത്തിന് ഗുരുതര വീഴ്ചയെന്ന് സിഎജി റിപ്പോര്‍ട്ട്. ഇന്നലെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ലമെന്റിന് മുന്നില്‍ സമര്‍പ്പിച്ചത്. വിവിധ സെസ് ഇനങ്ങളിലായി പിരിച്ച തുക 2024 മാര്‍ച്ച് 31 വരെ ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തുന്ന അധികനികുതിയാണ് സെസ്. ഏറ്റവും കൂടുതല്‍ സെസ് ഈടാക്കുന്നതും നയാപൈസപോലും വിതരണം ചെയ്യാത്തതും ആരോഗ്യ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കാണ്. 2004 ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ നികുതിക്കും മേല്‍ രണ്ട് ശതമാനമാണ് വിദ്യാഭ്യാസ സെസ് ആയി കേന്ദ്രം ഈടാക്കുന്നത്. 2007 മുതല്‍ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ആദായ നികുതിയിലും സര്‍ചാര്‍ജിലും ഒരു ശതമാനം സെസ് കൂടുതലായി ഈടാക്കുന്നുണ്ട്. 2018 ഏപ്രില്‍ ഒന്നുമുതല്‍ ഈ രണ്ട് സെസുകളെ സംയോജിപ്പിച്ച് വിദ്യാഭ്യാസ — ആരോഗ്യ സെസ് നാല് ശതമാനമാക്കി വര്‍ധിപ്പിച്ചു. 2005 നവംബറില്‍ ഈ തുക പ്രാരംഭിക് ശിക്ഷ കോശിലേക്ക് (പിഎസ്‌കെ) മാറ്റാന്‍ ആരംഭിച്ചു. 

2017ല്‍ ഇതിനായി മാധ്യമിക് ആന്റ് ഉച്ചതര്‍ ശിക്ഷാ കോശ് സ്ഥാപിച്ചു. 2021ല്‍ ഇതിനെ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ നിധി (പിഎംഎസ്എസ്എന്‍) എന്ന് പേര് മാറ്റി. സിഎജി റിപ്പോര്‍ട്ട് പ്രകാരം 2018–19 മുതല്‍ 2023–24 വരെ വിദ്യാഭ്യാസ ആരോഗ്യ സെസ് ഇനത്തില്‍ പിരിച്ച 37,537 കോടിയാണ് കേന്ദ്രം നല്‍കാനുള്ളത്. എന്നാല്‍ കാലയളവില്‍ ബന്ധപ്പെട്ട ഫണ്ടിലേക്ക് 3.66 ലക്ഷം കോടി കൈമാറിയെന്നും സെസ് സമാഹരണത്തെക്കാള്‍ കൂടുതലാണിതെന്നുമാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം ഈ കാലയളവില്‍ കേന്ദ്രത്തിന്റെ അക്കൗണ്ടില്‍ നിന്ന് 2.65 ലക്ഷം കോടിയുടെ ഇടപാട് മാത്രമാണ് നടന്നിട്ടുള്ളതെന്ന് സിഎജി വ്യക്തമാക്കുന്നു. നിക്ഷേപക പരിശീലനത്തിനും സംരക്ഷണത്തിനുമായുള്ള ഫണ്ടില്‍ 2,505.5 കോടിയും ദേശീയ പാതാ ഫണ്ടില്‍ 5,968 കോടിയും കേന്ദ്രസര്‍ക്കാര്‍ നല്‍കാനുണ്ട്. ഓയില്‍ ഇന്‍ഡസ്ട്രി ഡെവലപ്മെന്റ് ബോര്‍ഡി(ഒഐഡിബി)ന്റെ കണക്കനുസരിച്ച് 1974–75 വര്‍ഷം മുതല്‍ 2023–24 വരെ ക്രൂഡ് ഓയിലിന്റെ സെസ് ഇനത്തില്‍ 2,94,850.56 കോടി പിരിച്ചിട്ടുണ്ട്. ഇതില്‍ 2023–24 വര്‍ഷത്തെ 18,845.98 കോടിയും ഉള്‍പ്പെടും. എന്നാല്‍ സിഎജി റിപ്പോര്‍ട്ട് അനുസരിച്ച് 1974–75 മുതല്‍ 1991–92 വരെ 902.40 കോടി മാത്രമാണ് കേന്ദ്രം ഒഐഡിബിക്ക് നല്‍കിയത്. എല്ലാവര്‍ഷവും സെസ് ശേഖരിക്കുന്നുണ്ടെങ്കിലും പിന്നീട് കേന്ദ്രം പണം നല്‍കിയിട്ടില്ലെന്നും സിഎജി പറയുന്നു. തൊഴിലാളി സെസ് ഫണ്ട് മുഴുവനും ചെലവഴിക്കുന്ന സംസ്ഥാനം കേരളം മാത്രമാണെന്നും മറ്റ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രകടനം ഇക്കാര്യത്തില്‍ മോശമാണെന്നും കഴിഞ്ഞ വര്‍ഷം കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2024 മാര്‍ച്ച് 31 വരെ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും തൊഴിലാളി സെസ് ഇനത്തില്‍ 1,12,331.09 കോടി പിരിച്ചെടുത്തു. ഇതില്‍ 64,193.90 കോടിയാണ് ചെലവഴിച്ചത്. ബാക്കി 48,137.19 കോടി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ ചെലവഴിക്കാതെ കിടക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.