
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ അട്ടിമറി നീക്കമെന്ന് സൂചന. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ (ഇസിഐ) പ്രഖ്യാപിച്ച വോട്ടര്‍ പട്ടിക സൂക്ഷ്മപരിശോധന (എസ്ഐആര്‍) യുടെ ഭാഗമായി 7.89 കോടി വോട്ടര്‍മാരില്‍ ഏകദേശം 2.93 കോടി പേര്‍ പുറത്തായേക്കുമെന്നാണ് ആശങ്ക.
തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സൂക്ഷ്മപരിശോധനയ്ക്കായി ഓരോ വോട്ടർമാരും അവരുടെ യോഗ്യതയും പൗരത്വവും തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. അസമിലെ ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) പ്രക്രിയയുമായി ഇതിന് ഏറെ സാമ്യമുണ്ട്. ഫലത്തില്‍ എന്‍ആര്‍സി പിന്‍വാതിലൂടെ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ബിഹാറിന് പുറമേ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി, അസം സംസ്ഥാനങ്ങളിലും സമാന രീതിയിലുള്ള പട്ടിക പുതുക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയും കോടിക്കണക്കിന് പേര്‍ പുറത്താകാനിടയുണ്ടെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.
ഭരണഘടനയുടെ അനുച്ഛേദം 326 വോട്ടര്‍മാരുടെ യോഗ്യത വ്യക്തമാക്കുന്നു. 18 വയസിന് മുകളിലുള്ള ഓരോ വ്യക്തിയും അതത് മണ്ഡലങ്ങളിലെ സാധാരണ താമസക്കാരും ഇന്ത്യന്‍ പൗരന്മാരുമാണെങ്കില്‍ വോട്ടര്‍മാരാകാം. ബിഹാറില്‍ നിലവിലെ 7.9 കോടിയിലധികം വോട്ടര്‍മാരില്‍ 4.96 കോടി പേര്‍ 2003 ജനുവരി ഒന്നിന് നടന്ന അവസാനത്തെ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ യോഗ്യത നേടിയവരാണ്. ഇവര്‍ തങ്ങളുടെ പേര് പട്ടികയിലുണ്ടെന്ന് സ്ഥിരീകരിച്ച്, ഫോം പൂരിപ്പിച്ച് നല്‍കണം. മറ്റ് രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ 2003ലെ പട്ടികയില്‍ പേരില്ലാത്ത വ്യക്തികള്‍ പിന്നീട് വോട്ട് ചെയ്തിട്ടുണ്ടെങ്കിലും യോഗ്യത സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് ഈമാസം 24ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
ധൃതിപിടിച്ചുള്ള സൂക്ഷ്മപരിശോധനാ പ്രക്രിയ എന്തുകൊണ്ടാണെന്ന് കമ്മിഷന്‍ വിശദീകരിച്ചിട്ടില്ല. ബിഹാർ പോലുള്ള ദരിദ്ര സംസ്ഥാനങ്ങളിൽ, ലക്ഷക്കണക്കിന് ആളുകൾ പുറത്ത് ജോലി ചെയ്യുന്നതിനാൽ, കുറഞ്ഞ സമയത്തിനുള്ളില്‍ വീണ്ടും വോട്ടവകാശം തെളിയിക്കാൻ ആവശ്യപ്പെടുന്നത് വലിയൊരു വിഭാഗത്തിന്റെ അവകാശം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും.
നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഇസിഐ നടപടിക്രമങ്ങള്‍ നേരത്തെയും വന്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും തുടർന്ന് മഹാരാഷ്ട്രയിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കും മുന്നോടിയായി ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് പേരുകൾ വോട്ടർ പട്ടികയിൽ ചേർത്തതിനെക്കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വൈകുന്നേരത്തിനുശേഷം അസാധാരണമാംവിധം ഉയർന്ന പോളിങ് രേഖപ്പെടുത്തിയതും തെരഞ്ഞെടുപ്പ് കമ്മിഷനെ സംശയനിഴലിലാക്കിയിരുന്നു. അതേസമയം ഈ ആരോപണങ്ങളിലൊന്നും ഡിജിറ്റൽ, മെഷീൻ റീഡബിൾ ഇലക്ടറൽ റോളുകൾ അല്ലെങ്കിൽ പോളിങ് ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സംശയം ദൂരീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.