
ഒമ്പതരവര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം യുവാക്കള്‍ക്ക് നിയമന ശുപാര്‍ശ നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍ ചരിത്രനേട്ടം കുറിച്ചു. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് കര്‍ശനമാക്കിയതും പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കിയതും പ്രധാന റാങ്ക് ലിസ്റ്റുകള്‍ തുടര്‍ച്ചയായി ഉറപ്പാക്കിയതുമെല്ലാം അഭിമാനനേട്ടത്തിന് ഊര്‍ജമായി. രാജ്യത്താകെ നടക്കുന്ന പിഎസ്‌സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിലാണ്.
2016 മേയ് 25 മുതല്‍ ഈ മാസം 19 വരെ കേരള പിഎസ്‌സി നല്‍കിയ നിയമന ശുപാര്‍ശകളുടെ എണ്ണം 3,02,202 ആണ്. പ്രതിവര്‍ഷം 30,000ലധികം ശുപാര്‍ശകള്‍. ഇതോടെ, എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിദിനം ശരാശരി 90ലധികം പേര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നുവെന്നാണ് കണക്കുകള്‍. 2026 മേയ് മാസത്തോടെ നിയമന ശുപാര്‍ശകളുടെ എണ്ണം 3.15 ലക്ഷം ആകുമെന്നാണ് വിലയിരുത്തല്‍.
വിവിധ തസ്തികകളുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം ശരാശരി 800ഓളം വിജ്ഞാപനങ്ങളാണ് പിഎസ്‌സി പുറപ്പെടുവിക്കുന്നത്. അരലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്കായി അഭിമുഖ പരീക്ഷകളും 30,000ത്തോളം പേര്‍ക്ക് കായികക്ഷമതാ പരീക്ഷയുമാണ് ഓരോ വര്‍ഷവും നടത്തുന്നത്. ഇത്തരത്തില്‍ കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്, രാജ്യത്ത് യുപിഎസ്‌സിയും മുഴുവന്‍ സംസ്ഥാന പിഎസ്‌സികളും നല്‍കുന്ന നിയമന ശുപാര്‍ശകളില്‍ 60 ശതമാനവും കേരളത്തിലായത്.
അടുത്ത വര്‍ഷത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകള്‍ മുന്‍കൂട്ടി പിഎസ്‌സിയെ അറിയിക്കാന്‍ നിര്‍ദേശം.
2026 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ഓരോ തസ്തികയിലും പ്രതീക്ഷിത ഒഴിവുകള്‍ കണക്കാക്കിയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
ഡിസംബര്‍ 26ന് മുമ്പ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനാണ് വകുപ്പ് അധ്യക്ഷന്മാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും സമാനമായ രീതിയില്‍ പ്രതീക്ഷിത ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്തതിലൂടെ പിഎസ്‌സി നിയമനനടപടികള്‍ വേഗത്തിലാക്കാന്‍ സാധിച്ചിരുന്നു.
ഈ സർക്കാർ ഇതുവരെ ക്ഷേമ പെൻഷൻ വിതരണത്തിന് അനുവദിച്ചത് 45,517 കോടി രൂപയാണ്. 2011–16ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ 18 മാസത്തെ കുടിശികയുൾപ്പെടെ ഒമ്പതര വർഷംകൊണ്ട് എല്‍ഡിഎഫ് സർക്കാർ ചെലവിട്ടത് 80,671 കോടി രൂപയാണ്.
ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതമുള്ളത് 8.46 ലക്ഷം പേർക്കുമാത്രം. അതാകട്ടെ ശരാശരി 300 രൂപ വരെയാണ് ലഭിക്കുന്നത്. ഇതിലും 200 കോടിയോളം രൂപ കേരളത്തിന് കിട്ടാനുണ്ട്. ഈ തുക സംസ്ഥാന സർക്കാർ മുൻകൂട്ടി നല്‍കിയതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.