മൂന്നുമാസത്തെയും കുടിശികയും ഇൻസെന്റീവും ഉൾപ്പടെ ആശാ വർക്കേഴ്സിന് ജനുവരിയിലെ ഓണറേറിയം അനുവദിച്ചു
ഇന്‍സന്റീവിലെ കുടിശികയും കൊടുത്തു തീര്‍ത്തുവെന്നാണ് വിവരം. ഒരു വിഭാഗം ആശാ വര്‍ക്കര്‍മാര്‍ ദിവസങ്ങളായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ കുടിശിക കൊടുത്തു തീര്‍ത്തത്. മൂന്നു മാസത്തെ കുടിശിക അനുവദിക്കണമെന്നതായിരുന്നു സമരക്കാരുടെ ഒരു ആവശ്യം.
ആശാ വർക്കേഴ്സിനോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ഓണറേറിയം വർധിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കേന്ദ്രം നൽകാനുള്ള കുടിശിക 100 കോടി രൂപയോളമാണ്. സംസ്ഥാനത്തിന്റെ ഓണറേറിയം പൂർണമായി നൽകിയെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ ആദ്യം ഉന്നയിച്ചത് ആശാവർക്കേഴ്സിന്റെ കാര്യമെന്നും മന്ത്രി അറിയിച്ചു. ഇൻസെന്റീവുൾപ്പെടെ 89% എല്ലാ ആശാ വർക്കേഴ്സിനും ലഭിക്കുന്നുണ്ട്. രണ്ടായിരത്തിൽ താഴെ മാത്രം വർക്കേഴ്സാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സമരം തുടങ്ങുമ്പോള്‍ നവംബര്‍ മുതൽ ജനുവരി വരെയുള്ള ഓണറേറിയം ആണ് കിട്ടാനുണ്ടായിരുന്നത്. സമരം തുടങ്ങി പതിനഞ്ചാം ദിവസമാണ് ആദ്യ രണ്ടു മാസത്തെ കുടിശിക നല്‍കിയത്. അതേസമയം, സമരം തുടരുമെന്ന് ആശാ വര്‍ക്കര്‍മാര്‍ പറഞ്ഞു. ഓണറേറിയം കുടിശിക ചെയ്തു തീര്‍ത്ത ജോലിക്കുള്ള കൂലിയാണ്. ഓണറേറിയം പ്രതിദിനം 700 രൂപയായി വര്‍ധിപ്പിക്കുക, 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശാ വര്‍ക്കര്‍മാര്‍ മുന്നോട്ടുവയ്ക്കുന്നത്. ആശാ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശമാര്‍ തൊഴിലാളികള്‍ ആണെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഓണറേറിയം വര്‍ധിപ്പിക്കാന്‍ ധനവകുപ്പുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.