
സ്ത്രീസുരക്ഷാ നിയമങ്ങൾ കർശനമാക്കിയെന്ന് അവകാശപ്പെടുമ്പോഴും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കുറവില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ചഒ) യുടെ പുതിയ റിപ്പോർട്ട്. ഇന്ത്യയിൽ 30 ശതമാനത്തോളം സ്ത്രീകൾ ഭര്‍ത്താവില്‍ നിന്നോ പങ്കാളികളിൽ നിന്നോ ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ‘സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം’ ആചരിക്കുന്നതിന് മുന്നോടിയായാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
രാജ്യത്തെ 15ന് മുകളില്‍ പ്രായമുള്ള വനിതകളിൽ ഏകദേശം 30% പേർ പങ്കാളികളിൽ നിന്നുള്ള അതിക്രമങ്ങൾക്ക് ഇരയാകുന്നു. കൂടാതെ, നാല് ശതമാനം പേര്‍ പങ്കാളികളികളല്ലാത്തവരിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു.
ലോകത്താകമാനം മൂന്നിൽ ഒന്ന് വീതം, അതായത് ഏകദേശം 840 ദശലക്ഷം സ്ത്രീകൾ അവരുടെ ജീവിതകാലത്ത് പങ്കാളികളിൽ നിന്നുള്ള അതിക്രമമോ ലൈംഗികാതിക്രമമോ അനുഭവിച്ചിട്ടുണ്ട്. 2000 മുതൽ ഈ കണക്കുകളിൽ കാര്യമായ മാറ്റം വന്നിട്ടില്ല എന്നത് ആശങ്കാജനകമാണ്. 2023ലെ കണക്കുകൾ പ്രകാരം, 15നും 49നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ അഞ്ചിലൊന്ന് പേരും (20 ശതമാനത്തിലധികം) പങ്കാളികളിൽ നിന്നുള്ള അതിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്.
2030 ഓടെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ പൂർണമായി ഇല്ലാതാക്കുക എന്നതായിരുന്നു ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ലക്ഷ്യം കൈവരിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും മാനുഷിക പ്രതിസന്ധികളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അക്രമം തടയുന്നതിനുള്ള പദ്ധതികൾക്ക് ആവശ്യമായ ധനസഹായം ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി. 2022ൽ ആഗോള വികസന സഹായത്തിന്റെ വെറും 0.2 % മാത്രമാണ് സ്ത്രീകൾക്കെതിരായ അക്രമം തടയുന്ന പദ്ധതികൾക്കായി വകയിരുത്തിയത്. ഈ വർഷം ധനസഹായത്തിൽ വീണ്ടും കുറവ് വന്നു.
ഓരോ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലും ജീവിതം തകർക്കപ്പെട്ട സ്ത്രീകളും പെൺകുട്ടികളുമുണ്ടെന്ന് ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസ് ഓർമ്മിപ്പിച്ചു. സ്ത്രീകള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കുക എന്നത് കേവലം ഒരു നയം മാത്രമല്ല, അത് വ്യക്തിയുടെ അന്തസിന്റെയും സമത്വത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രശ്നമാണ്. സ്ത്രീകൾക്ക് സുരക്ഷിതത്വമുള്ള ലോകം എല്ലാവർക്കും മികച്ചതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.