
കിങ് ഫിഷർ എയർലൈൻസിലെ മുൻ ജീവനക്കാരുടെ ദീർഘകാല കുടിശികയിലേക്ക് 300 കോടിയിലധികം രൂപയുടെ ഫണ്ട് തിരിച്ചുനൽകിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) ഇഡി നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പുനഃസ്ഥാപിച്ച അറ്റാച്ച് ചെയ്ത ഓഹരികളുടെ വില്പനയിൽ നിന്ന് സ്വരൂപിച്ച ഫണ്ട് വിട്ടുകൊടുക്കാൻ ചെന്നൈയിലെ ഡെബ്റ്റ്സ് റിക്കവറി ട്രിബ്യൂണൽ (ഡിആർടി) ഡിസംബർ 12ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ജീവനക്കാര്‍ക്ക് തുക നല്‍കാന്‍ തീരുമാനമായതെന്ന് അന്വേഷണ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.
ബാങ്ക് വായ്പാ തട്ടിപ്പ് ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്ക് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ അനുവദിക്കുന്ന പിഎംഎൽഎയുടെ സെക്ഷൻ 8(8) പ്രകാരം, ഇഡി നേരത്തെ എസ്‌ബിഐക്ക് 14,132 കോടി രൂപയുടെ സ്വത്തുക്കൾ തിരിച്ചുനൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കണ്ടുകെട്ടിയ സ്വത്തുക്കളാണ് എസ്ബിഎെക്ക് കൈമാറിയത്. അതിൽ നിന്നാണ് ഇപ്പോഴത്തെ തിരിച്ചടവ് സുഗമമാക്കിയതെന്ന് ഏജൻസി പറഞ്ഞു. 311.67 കോടി രൂപയുടെ ഈ തുക കിങ് ഫിഷർ എയർലൈൻസിലെ മുൻ ജീവനക്കാർക്ക് നൽകുന്നതിനായി ഔദ്യോഗിക ലിക്വിഡേറ്റർക്ക് കൈമാറും. കിങ് ഫിഷർ എയർലൈൻസ് ഉടമയായ വിജയ് മല്യ, സിബിഐ വായ്പാ തട്ടിപ്പ് കേസിനെത്തുടർന്ന് ലണ്ടനിലേക്ക് ഒളിവിൽ പോയിരുന്നു. തുടര്‍ന്ന് ഇഡി അദ്ദേഹത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ആരംഭിച്ചു. 2018ലെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫെൻഡർ ആക്ട് (എഫ്ഇഒഎ) നിയമപ്രകാരം 2019ൽ മുംബൈയിലെ പ്രത്യേക കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.