24 November 2024, Sunday
KSFE Galaxy Chits Banner 2

കാലാവസ്ഥാ വ്യതിയാനം മൂലം മരി ച്ചത് 3000 പേര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 29, 2023 10:32 pm

ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ രാജ്യത്ത് 3000 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഈ മാസങ്ങളിലെ ഒട്ടുമിക്ക ദിവസങ്ങളും അതിതീവ്ര കാലാവസ്ഥയായിരുന്നുവെന്നും സെന്റര്‍ ഫോര്‍ സയൻസ് ആന്റ് എൻവയോണ്‍മെന്റ് (സിഎസ്ഇ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 86 ശതമാനം ദിവസങ്ങളിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടായി. 2,923 പേര്‍ മരിക്കുകയും 20 ലക്ഷം ഹെക്ടര്‍ കൃഷിഭൂമി നശിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ അപകടങ്ങളില്‍ 80,000 വീടുകളാണ് നശിച്ചത്. 92,000 മൃഗങ്ങളും ചത്തു. എല്ലാ മേഖലയില്‍ നിന്നും വിവരങ്ങളും ലഭ്യമല്ലാത്തതിനാല്‍ കണക്കുകള്‍ ഇതിനെക്കാള്‍ കൂടുതലായിരിക്കാമെന്നും ‘ഇന്ത്യ 2023: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച അവലോകനം’ എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ല്‍ രാജ്യം അതിതീവ്ര താപനില വര്‍ധനയ്ക്ക് സാക്ഷ്യം വഹിച്ചതായാണ് കണ്ടെത്തിയിരിക്കുന്നതെന്ന് സിഎസ്ഇ ഡയറക്ടര്‍ ജനറല്‍ സുനിതാ നരൈൻ പറഞ്ഞു. 

മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കാലാവസ്ഥാ വ്യതിയാന സംഭവങ്ങള്‍ (138) ഉണ്ടായത്. അതേസമയം ബിഹാറിലാണ് കൂടുതല്‍ മരണം സംഭവിച്ചത്- 642 പേര്‍. ഹിമാചല്‍ പ്രദേശില്‍ 365, ഉത്തര്‍പ്രദേശില്‍ 341 പേരുമാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ മൃഗങ്ങള്‍ ചത്തത് പഞ്ചാബിലും വീടുകള്‍ക്ക് നാശനഷ്ടമുണ്ടായത് ഹിമാചല്‍ പ്രദേശിലുമാണ്.
ദക്ഷിണ മേഖലയില്‍ കാലാവസ്ഥാ വ്യതിയാനം കൂടുതലായി ബാധിച്ചത് കേരളത്തിലാണ്. സംസ്ഥാനം 67 അതിതീവ്ര കാലാവസ്ഥാ ദിനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. 60 പേര്‍ മരിക്കുകയും ചെയ്തു. തെലങ്കാനയിലാണ് കൂടുതല്‍ മൃഗങ്ങള്‍, കൃഷി, എന്നിവയ്ക്ക് നാശനഷ്ടമുണ്ടായത്. ഇവിടെ 62,000 ഹെക്ടര്‍ കൃഷിഭൂമി നശിക്കുകയും 645 മൃഗങ്ങള്‍ ചാകുകയും ചെയ്തു. കര്‍ണാടകയില്‍ 11,000 വീടുകള്‍ നശിച്ചു. 

വടക്കുപടിഞ്ഞാറൻ മേഖലയില്‍ ഉത്തര്‍പ്രദേശാണ് അതിതീവ്ര കാലാവസ്ഥാ ദിനങ്ങള്‍ നേരിട്ടത്- 113 ദിനം. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളും കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങള്‍ നേരിട്ടു.
കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ അസമില്‍ 102 അതിതീവ്ര ദിനങ്ങളാണ് അനുഭവപ്പെട്ടത്. 159 കന്നുകാലികള്‍ ചത്തൊടുങ്ങുകയും 48,000 ഹെക്ടര്‍ കൃഷിഭൂമി നശിക്കുകയും ചെയ്തു. നാഗാലാൻഡില്‍ 1,900 വീടുകള്‍ നശിച്ചു.
ജനുവരിയില്‍ ശരാശരി താപനില കൂടുതലായിരുന്നുവെന്നും എന്നാല്‍ ഫെബ്രുവരി അതിനെ കടത്തിവെട്ടി 122 വര്‍ഷത്തെ ഏറ്റവും ചൂടേറിയ മാസമായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മിന്നലുകളും കൊടുങ്കാറ്റുമാണ് കൂടുതലായി അനുഭവപ്പെട്ടത്. 273 ദിവസങ്ങളിലായി 711 ജീവനുകളാണ് ഇതിലൂടെ നഷ്ടമായത്. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ബിഹാറിലും. കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയാണ് കൂടുതല്‍ ദുരന്തങ്ങള്‍ ഉണ്ടാക്കിയത്. ഇതിലൂടെ 1900 പേര്‍ക്ക് ജീവൻ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Summary:3000 peo­ple died due to cli­mate change
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.