29 September 2024, Sunday
KSFE Galaxy Chits Banner 2

ജൂവലറിയില്‍ നിന്ന് 31 പവൻ കവർന്ന് കടന്നു; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

Janayugom Webdesk
പേരാമ്പ്ര (കോഴിക്കോട്)
September 27, 2024 3:45 pm

കോഴിക്കോട് ചെറുവണ്ണൂരിലെ ജൂവലറിയില്‍ നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. ബിഹാറില്‍ പോയി നേപ്പാള്‍ അതിര്‍ത്തി ഗ്രാമത്തില്‍നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസില്‍ മറ്റൊരു പ്രതിയായ ബിഹാര്‍ സ്വദേശി ഇസാഖിനെ കൂടി പിടികൂടാനുണ്ട്.

31 പവന്‍ സ്വര്‍ണവും അഞ്ച് കിലോ വെള്ളിയും നഷ്ടമായിരുന്നു. ജൂലൈ ആറിനാണ് ചെറുവണ്ണൂര്‍ ടൗണിലെ പവിത്രം ജ്വല്ലറി വര്‍ക്സില്‍ കവര്‍ച്ചനടന്നത്. ഇസാഖ് മാങ്കുര ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് താമസിച്ച് ജോലിചെയ്തുവരികയായിരുന്നു. ബിഹാറില്‍ നിന്ന് മുഹമ്മദ് മിനാറുല്‍ഹഖ്, ഇസാഖുമായി ചേർന്ന് ആറാം തീയതി പുലര്‍ച്ചെ ജ്വല്ലറിയുടെ പിന്നിലെ ചുവര്‍ കുത്തിത്തുറന്ന് അകത്തു കയറി മോഷണം നടത്തി. ശേഷം തീവണ്ടിയില്‍ നാട്ടിലേക്ക് പോകുകയായിരുന്നു.

സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ വിളികളും പിന്തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ബിഹാര്‍ പൊലീസിന്റെ സഹായത്തോടെ എസ്.ഐ. കെ.വി. സുധീര്‍ ബാബു, എ.എസ്.ഐ. ലിനേഷ്, സി.പി.ഒ.മാരായ സിഞ്ചുദാസ്, ജയേഷ് എന്നിവരാണ് ബിഹാറിലെ നേപ്പാള്‍ അതിര്‍ത്തിയിലുള്ള ദിഗല്‍ ബങ്ക് എന്ന സ്ഥലത്തെ ബംഗ്ലാദേശ് കോളനിയില്‍നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡി.വൈ.എസ്.പി. വി.വി. ലതീഷ്, മേപ്പയ്യൂര്‍ ഇന്‍സ്പെക്ടര്‍ ഇ.കെ. ഷൈജു എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.