28 December 2024, Saturday
KSFE Galaxy Chits Banner 2

324 വില്ലേജ് ഓഫിസുകൾ ‌‌‌‌‌സ്മാർട്ടായി

 ആറ് മാസത്തിനുള്ളിൽ 139 എണ്ണം കൂടി സ്മാർട്ട് 
 377 എണ്ണത്തില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി
 റവന്യു ഇ‑സാക്ഷരത നവംബര്‍ ഒന്നു മുതല്‍
Janayugom Webdesk
തിരുവനന്തപുരം
May 23, 2023 11:02 pm

വില്ലേജ് ഓഫിസുകൾ ജനസൗഹൃദമാക്കാനും മുഖംമിനുക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച സ്മാർട്ട് വില്ലേജ് ഓഫിസ് പദ്ധതി പ്രകാരം സംസ്ഥാനത്തെ 324 ഓഫിസുകൾ സ്മാർട്ടായി. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് പുറമെ സേവനങ്ങൾ വേഗത്തിലും സുതാര്യവും കടലാസ് രഹിതവുമാക്കി ഭരണനിർവഹണം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 

കൊല്ലം 45, പാലക്കാട് 34, തിരുവനന്തപുരം, തൃശൂർ 33 വീതം, കോഴിക്കോട് 27, കാസർകോട് 21, കോട്ടയം 23, ഇടുക്കി 19, കണ്ണൂർ 17, ആലപ്പുഴ 16, മലപ്പുറം, പത്തനംതിട്ട 15 വീതം, വയനാട് 14, എറണാകുളം 12 എന്നിങ്ങനെയാണ് സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ കണക്ക്. 377 വില്ലേജ് ഓഫിസുകള്‍ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി നവീകരിച്ചു. കണ്ണൂർ 59, മലപ്പുറം, കോഴിക്കോട് 47 വീതം, കാസർകോട് 39 വില്ലേജ് ഓഫിസുകളാണ് നവീകരിച്ച് സ്മാർട്ട് ആക്കിയത്. 219 വില്ലേജ് ഓഫിസുകൾക്ക് ചുറ്റുമതില്‍ നിർമ്മിച്ചു. 

അടുത്ത ആറ് മാസത്തിനുള്ളിൽ 139 വില്ലേജ് ഓഫിസുകൾ സ്മാർട്ട് ആക്കാനും ലക്ഷ്യമിടുന്നു. പാലക്കാട് 26, കണ്ണൂർ 21, ആലപ്പുഴ 17, ഇടുക്കി 15, പത്തനംതിട്ട 13, കാസർകോട് 11, കോഴിക്കോട് ഒമ്പത്, തിരുവനന്തപുരം ഏഴ്, തൃശൂർ ആറ്, കോട്ടയം അ‍ഞ്ച്, കൊല്ലം നാല്, എറണാകുളം, വയനാട് രണ്ട് വീതം, മലപ്പുറം ഒന്ന് എന്നിങ്ങനെയാണ് സ്മാർട്ടാകുന്ന വില്ലേജ് ഓഫിസുകൾ.
സാധാരണ വില്ലേജ് ഓഫിസുകളിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും പുറമേ ഫ്രണ്ട് ഓഫിസ്, വിശ്രമകേന്ദ്രം, കുടിവെള്ളം, ആധുനിക ശുചിമുറി, ഭിന്നശേഷിക്കാർക്ക് റാമ്പും പ്രത്യേക ശുചിമുറിയും എന്നിവ ഉറപ്പാക്കുന്നതാണ് സ്മാർട്ട് വില്ലേജ് ഓഫിസുകൾ. 2022–23 സാമ്പത്തിക വർഷം ഒരു വില്ലേജിന് 50 ലക്ഷം രൂപയും 2020–21, 2021–22 സാമ്പത്തിക വർഷങ്ങളിൽ 44 ലക്ഷം രൂപ വീതവും സ്മാർട്ട് വില്ലേജ് ഓഫിസുകൾക്ക് സർക്കാർ ഭരണാനുമതി നല്‍കിയിട്ടുണ്ട്.

റവന്യു സേവനങ്ങൾ ജനങ്ങൾക്ക് സ്വന്തം ഡിജിറ്റൽ ഉപകരണങ്ങൾ മുഖേന നേരിട്ട് ലഭ്യമാകുന്നതിന് ആരംഭിച്ച റവന്യു ഇ‑സർവീസസ് ആപ്പ് 50,000ത്തിലേറെ ആളുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. റവന്യു സേവനങ്ങൾ സ്വന്തം ഡിജിറ്റൽ ഉപകരണങ്ങൾ മുഖേന നേരിട്ട് ലഭ്യമാക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്ന വിധം സമഗ്രമായ റവന്യു ഇ‑സാക്ഷരതാ പദ്ധതി നടപ്പിലാക്കാനും വകുപ്പ് ലക്ഷ്യമിടുന്നു. കേരളത്തിലെ 94 ലക്ഷം കുടുംബങ്ങളിലും കുറഞ്ഞത് ഒരാളെ വീതം റവന്യു സേവനങ്ങൾ ഓൺ ലൈനായി പ്രാപ്തമാക്കാൻ കഴിയുന്നവിധം ബഹുജനപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി വിവിധതലങ്ങളിലുള്ള പരിശീലനങ്ങൾ പൂർത്തിയാക്കി കേരളപ്പിറവിദിനമായ നവംബർ ഒന്നിന് റവന്യു ഇ‑സാക്ഷരത പദ്ധതിക്ക് തുടക്കം കുറിക്കാനും വകുപ്പ് ലക്ഷ്യമിടുന്നു. 

Eng­lish Summary;324 vil­lage offices have become smart

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.