
2024–25ലെ തെരഞ്ഞെടുപ്പുകള്‍ക്കായി ബിജെപി കോൺഗ്രസിനെക്കാൾ 274% തുക അധികം ചെലവഴിച്ചു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പ് വർഷങ്ങളിൽ നിന്ന് കുത്തനെയുള്ള ഉയര്‍ച്ചയാണിത്. 2019–20ൽ 56, 2014–15ൽ 59% വീതമായിരുന്നു രണ്ട് പാര്‍ട്ടികളും തമ്മിലുള്ള വ്യത്യാസം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം, 2024–25ലെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് 896 കോടി രൂപ ചെലവഴിച്ചപ്പോള്‍ തെരഞ്ഞെടുപ്പിനും പ്രചാരണത്തിനുമായി ബിജെപി ചെലവഴിച്ചത് 3,355 കോടി രൂപയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിന് പുറമേ, ഹരിയാന, ജമ്മു കശ്മീർ, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡിഷ, സിക്കിം, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, ഡൽഹി എന്നീ ഒമ്പത് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും നടന്നിരുന്നു.
അഞ്ച് വര്‍ഷം മുമ്പ്, 2019–20ൽ തെരഞ്ഞെടുപ്പുകൾക്കായി ബിജെപി 1,352 കോടി രൂപയാണ് ചെലവഴിച്ചത്. അന്ന് കോൺഗ്രസിന്റെ ചെലവ് 864 കോടിയായിരുന്നു. 2014–15 സാമ്പത്തിക വർഷത്തിൽ, ബിജെപി 925 കോടി തെരഞ്ഞെടുപ്പുകൾക്കായി ചെലവഴിച്ചപ്പോള്‍, കോൺഗ്രസ് 582 കോടി ചെലവഴിച്ചു. 2024 — 25 വര്‍ഷത്തില്‍ ബിജെപി വിനിയോഗിച്ച 3,355 കോടിയില്‍ 1,124 കോടിയും ഇലക്ട്രോണിക്സ് മാധ്യമങ്ങള്‍ക്കായിരുന്നു. 2019–20ല്‍ 249 കോടിയായിരുന്നു ഈയിനത്തിലെ തുക. 352% വര്‍ധനവാണ് രേഖപ്പെടുത്തിയത്. വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കുമായി 583 കോടി ചെലവഴിച്ചു. 2019–2020 ൽ 250 കോടിയായിരുന്നു. സ്ഥാനാര്‍ത്ഥികളുടെ ചെലവിലേക്കായി ബിജെപി നല്‍കിയ സാമ്പത്തിക സഹായം 2014–15ല്‍ 88 കോടിയായിരുന്നത് 2019–20ല്‍ 198 കോടിയായും 2024–25ല്‍ 312 കോടിയായും വര്‍ധിച്ചു. പരസ്യത്തിനുള്ള ചെലവിലും ഗണ്യമായ വര്‍ധനവാണ് ഇതേ കാലയളവില്‍ രേഖപ്പെടുത്തിയത്. 2029–20ല്‍ 400 കോടി ചെലവഴിച്ച ബിജെപി 2024–25 ല്‍ 897 കോടി ചെലവ് വര്‍ധിപ്പിച്ചു.
വരുമാനത്തിന്റെ കാര്യത്തിലും ബിജെപി തൊട്ടടുത്തുള്ള കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി. 2014–15ല്‍ സ്വമേധയാ ഉള്ള സംഭാവന 872 കോടിയായിരുന്നത് 2019–20ല്‍ 4,427 കോടിയായും 2024–25ല്‍ 6,124 കോടിയായും കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷം രാജ്യസഭയി, ബിജെപിയുടെ ബാങ്ക് അക്കൗണ്ട് ബാലന്‍സ് 2004ല്‍ 88 കോടിയായിരുന്നത് 2024ല്‍ 10,107 കോടിയായി ഉയര്‍ന്നതായും ഇതേ കാലയളവില്‍ കോണ്‍ഗ്രസിന്റെ ബാലന്‍സ് 38 കോടിയില്‍ നിന്ന് 133 കോടിയായി മാത്രമാണ് വര്‍ധിച്ചതെന്നും കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ പ്രസ്താവിച്ചിരുന്നു. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യ വര്‍ഷം മുതലുള്ള ബിജെപി വരുമാനവും ഇലക്ടറല്‍ ബോണ്ട് വഴിയുള്ള സംഭാവനയും ഗണ്യമായി വര്‍ധിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനും പ്രചാരണത്തിനുമായി 3,355 കോടി ചെലവഴിച്ചുവെന്ന രേഖ പുറത്തുവന്നിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.