സംസ്ഥാനത്ത് കാലവർഷം എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വേനൽ മഴ തകർക്കുന്നു. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് ലഭിച്ചത് 35 ശതമാനം അധിക മഴയാണ്. ഇന്നലെ വരെ 433.9 മില്ലി മീറ്റർ മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. സാധാരണയായി ഈ കാലയളവിൽ 321.3 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണ് അധിക മഴ രേഖപ്പെടുത്തിയത്. മാർച്ച് 1 മുതൽ മേയ് 31 വരെ ലഭിക്കുന്ന മഴയാണ് വേനൽ മഴയായി രേഖപ്പെടുത്തുന്നത്.
ആലപ്പുഴ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലും അധികമഴ ലഭിച്ചു. തിരുവനന്തപുരം ജില്ലയിൽ 76 ശതമാനം അധികമഴ ലഭിച്ചപ്പോൾ കോട്ടയത്ത് 68ഉം എറണാകുളത്ത് 64 ഉം ആലപ്പുഴ 63 ശതമാനവും അധികമഴ ലഭിച്ചു. ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ച കോട്ടയം ജില്ലയിൽ മഴയുടെ ലഭ്യത 676.3 മില്ലിമീറ്ററാണ്. മറ്റെല്ലാ ജില്ലകളിലും അധികമഴ ലഭിച്ചെങ്കിലും ഇടുക്കിയിൽ മഴയുടെ ലഭ്യത സാധാരണ നിലയേക്കാൾ 18 ശതമാനം കുറവാണ്. മാർച്ച് ഒന്നുമുതൽ ഇന്നലെ വരെ 400. 6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇടുക്കിയിൽ ലഭിച്ചത് 329.8 മില്ലി മീറ്റർ മഴയാണ്.
കടുത്ത വേനലിന് ശേഷം മേയ് പകുതിയോടെയാണ് സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നത്. അതേസമയം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂൺ ഒന്നുവരെ ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്നും തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസവും വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും 30 ‑40 കിലേമീറ്റർ ശക്തിയോടുകൂടിയ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary:35 percent extra rain fell after paying off the debt
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.