പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത ‑ശമ്പള പരിഷ്‌ക്കരണ കുടിശികകള്‍ പൂര്‍ണമായും അനുവദിക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക, കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അധ്യാപകരും ജീവനക്കാരും ജനുവരി 22 ന് പണിമുടക്കുമെന്ന് അധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ പ്രഖ്യാപിച്ചു.
അധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തി വന്ന 36 മണിക്കൂര്‍ രാപ്പകല്‍ സമരത്തില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇക്കഴിഞ്ഞ 2024–2025 വര്‍ഷത്തെ ബഡ്ജറ്റില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി തുടരുകയില്ലെന്നും പഴയ പെന്‍ഷന്‍ പദ്ധതിയിലെ ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്തി പുതിയൊരു പദ്ധതി പ്രഖ്യാപിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും ജീവനക്കാരുടെ പെന്‍ഷന്‍ വിഹിതം നിര്‍ബന്ധിതമായി പിരിച്ചെടുത്ത് പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് നല്‍കുകയാണ്. മുന്‍കാല ഇടതുപക്ഷ ഗവണ്‍മെന്റുകളില്‍ നിന്ന് വ്യത്യസ്തമായി ക്ഷാമബത്ത കുടിശിക പ്രഖ്യാപിക്കുമ്പോള്‍ മുന്‍കാല പ്രാബല്യത്തെക്കുറിച്ച് സൂചന നല്‍കാതെ ഉത്തരവുകളിറക്കി ജീവനക്കാരെ കബളിപ്പിക്കുന്നു. സംസ്ഥാന വരുമാനത്തിന്റെ ഏറിയ പങ്കും ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനാണ് ഉപയോഗിക്കുന്നതെന്ന് ഉള്‍പ്പെടെയുള്ള വ്യാജ പ്രചരണങ്ങള്‍ നടത്തി ജീവനക്കാരെ അപമാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ പണിമുടക്കമല്ലാതെ മറ്റു മാര്‍ഗങ്ങള്‍ മുന്നിലില്ല.
പണിമുടക്ക് നോട്ടീസ് നല്‍കി മുന്നോട്ടു പോകുമെന്നും അനുകൂല തീരുമാനമുണ്ടായില്ലാ എങ്കില്‍ ജനുവരി 22 ന് പണിമുടക്കുമെന്നും അദ്ദേഹം അറിയിച്ചു.
സമാപന സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സമരസമിതി ചെയര്‍മാന്‍ ഒ കെ ജയകൃഷ്ണന്‍ അധ്യക്ഷനായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.