
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി 362 കോടിയിലധികം രൂപയാണ് കേന്ദ്രം ചെലവിട്ടിരിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുകെ, മാലദ്വീപ് സന്ദര്‍ശനങ്ങളുടെ ചെലവ് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. പാര്‍ലമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്റെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം യാത്രാച്ചെലവ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. അന്താരാഷ്ട്ര ഉച്ചകോടികൾക്കും ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും രാഷ്ട്രത്തലവന്മാര്‍ക്ക് വിദേശ യാത്രകൾ ആവശ്യമായി വരാറുണ്ട്. അതേസമയം ഈ യാത്രകളിലെല്ലാം സാധാരണയായി ഒന്നിലധികം രാജ്യങ്ങൾ കൂടി ഉള്‍പ്പെടുത്താന്‍ മോഡി ശ്രദ്ധിക്കാറുണ്ട്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് മാത്രം 67 കോടി രൂപ ചെലവായി.
അമേരിക്ക, ഫ്രാന്‍സ്, മൗറീഷ്യസ്, തായ്‌ലന്‍ഡ്, ശ്രീലങ്ക, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു മോഡിയുടെ യാത്രകള്‍. ഫെബ്രുവരിയിലെ ഫ്രാന്‍സ് യാത്രയ്ക്ക് മാത്രം 25,59,82,902 രൂപയാണ് ചെലവിട്ടത്. ഇതിനോടനുബന്ധിച്ചുണ്ടായിരുന്ന യുഎസ് യാത്രയ്ക്ക് 16,54,84,302 രൂപ ചെലവ് വന്നിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ജൂണിൽ യുഎസിലേക്ക് നടത്തിയ യാത്രയ്ക്ക് 22 കോടിയിലധികം ചെലവായി. അഞ്ച് വര്‍ഷത്തിനിടെ 2021, 2023, 2024, 2025 വർഷങ്ങളിലായി മോഡി അമേരിക്കയിലേക്ക് നാല് യാത്രകള്‍ നടത്തി. ആകെ 74.41 കോടി രൂപ ഈ സന്ദർശനങ്ങൾക്ക് ചെലവായി.
ഏപ്രിലിലെ തായ്‌ലന്‍ഡ്, ശ്രീലങ്ക യാത്രകള്‍ക്ക് ഒമ്പത് കോടി രൂപയാണ് ചെലവായത്. ഇതേമാസം രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിന് 15,54,03,792.47 രൂപയും ചെലവിട്ടു. മൗറീഷ‍്യസ്, കാനഡ, ക്രൊയേഷ‍്യ, ഘാന, ട്രിനിഡാഡ് ആന്റ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ‍്യങ്ങളും 2025ൽ പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു.
എന്നാൽ ഈ സന്ദർശനങ്ങൾക്കായി ചെലവായ തുക കണക്കുകളില്‍ ഉൾപ്പെടുത്തിയിട്ടില്ല. 2024ൽ മോഡി നടത്തിയ 11 വിദേശ യാത്രകൾക്കായി ഖജനാവിന് 109.5 കോടി രൂപ ചെലവായി, ഇതിൽ 17 രാജ്യങ്ങൾ ഉൾപ്പെടുന്നു. 15.3 കോടി രൂപ ചെലവഴിച്ച്, 2024 സെപ്റ്റംബർ 21ന് ആരംഭിച്ച മൂന്ന് ദിവസത്തെ യുഎസ് പര്യടനമായിരുന്നു ആ വർഷത്തെ ഏറ്റവും ചെലവേറിയത്. 2024ൽ തന്റെ മൂന്നാം ടേമിൽ പ്രധാനമന്ത്രി നടത്തിയ ആദ്യ വിദേശ യാത്ര ജിഏഴ് ഉച്ചകോടിക്കായുള്ള ഇറ്റലി സന്ദർശനമായിരുന്നു, ഇതിന് 14.36 കോടി രൂപ ചെലവായി. 2023ൽ 93.6 കോടി ചെലവഴിച്ച ആറ് യാത്രകളിലായി പ്രധാനമന്ത്രി 11 രാജ്യങ്ങൾ സന്ദർശിച്ചു. ജപ്പാൻ, അമേരിക്ക, ഫ്രാൻസ് പര്യടനങ്ങള്‍ക്ക് യഥാക്രമം 17.1, 22.8, 13.74 കോടി എന്നിങ്ങനെയാണ് ചെലവ്. 2021 ലും 2022ലും പ്രധാനമന്ത്രി 10 തവണകളിലായി 14 രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. രണ്ട് വർഷത്തിനിടയിൽ കേന്ദ്രം 90 കോടിയിലധികം ഇതിനായി നല്‍കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലും 2021ൽ മൂന്ന് യാത്രകളിലായി പ്രധാനമന്ത്രി ബംഗ്ലാദേശ്, യുഎസ്, ഇറ്റലി, യുകെ എന്നിവ സന്ദർശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.