ഇടുക്കി വന്യജീവി സങ്കേതത്തിൽ നടത്തിയ വാർഷിക ജന്തുജാല കണക്കെടുപ്പിൽ 37 പുതിയ ജീവിവർഗത്തെ കൂടി കണ്ടെത്തി. 14 പക്ഷികൾ, 15 ചിത്രശലഭങ്ങൾ, എട്ട് തുമ്പികൾ എന്നിവയാണ് പുതിയതായി കണ്ടെത്തിയ അതിഥികൾ. തിരുവനന്തപുരം ആസ്ഥാനമായുള്ള ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും (ടിഎൻഎച്ച്എസ്) കേരള വനം വന്യജീവി വകുപ്പും 21 മുതൽ 23 വരെ സംയുക്തമായി നടത്തിയ സർവേയിലാണ് കണ്ടെത്തൽ. മൂന്ന് ദിവസം നീണ്ട് നിന്ന സർവ്വേയിൽ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ എൻജിഒകളിൽ നിന്നും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള 45 പേർ പങ്കെടുത്തു.
14 പുതിയവ ഉൾപ്പെടെ ആകെ 174 പക്ഷികളെ സർവേയിൽ നിരീക്ഷിച്ചു. ഗ്രേ ഹെറോൺ (ചാരമുണ്ടി), ഇന്ത്യൻ സ്പോട്ട് ഈഗിൾ (പുള്ളി കഴുകൻ), സ്റ്റെപ്പി ഈഗിൾ (കായൽപ്പരുന്ത്), ബോണെല്ലി ഈഗിൾ (ബോൺല്ലി പരുന്ത്), വെസ്റ്റേൺ മാർഷ് ഹാരിയർ (കരി തപ്പി), മൊൺടാഗു ഹാരിയർ (മേടുതപ്പി), യൂറോപ്യൻ സ്പാരോ ഹോക്ക് (യൂറേഷ്യൻ പ്രാപ്പിടിയൻ), സാവന്ന നൈറ്റ് ജാർ (ചിയിരാച്ചുക്ക്), ബ്ലൂ ഫേസ് മൽക്കോഹ (നീലക്കണ്ണൻ പച്ചച്ചുണ്ടൻ), ബ്ലൂ ഈയേഡ് കിംഗ്ഫിഷർ (പൊടിപ്പോന്മാൻ), ഗ്രേറ്റ് ബ്ലാക്ക് വുഡ് പെക്കർ (കാക്ക മരംകൊത്തി), റോസി സ്റ്റാർ (റോസ് മൈന), ലോങ്ങ് ബെല്ലിഡ് പിപ്പിറ്റ് (പാറ നിരങ്ങൻ), ഇന്ത്യൻ സിൽവർബിൽ (വയലാറ്റ) എന്നിവയാണ് കണ്ടെത്തിയ പുതിയ പക്ഷികൾ.
ഇവയെ കൂടാതെ ലഗീസ് ഹോക്ക് ഈഗിൾ (കിന്നരിപരുന്ത്), ബ്ലാക്ക് ബാസ (കിന്നരി പ്രാപ്പരുന്ത്), റൂഫസ് ബില്ലിഡ് ഹോക്ക് ഈഗിൾ (ചെമ്പനെറിയൻ), റിവർ ടേൺ (പുഴ ആള), ബ്രൗൺ ഫിഷ് ഓൾ (മീൻ കൂമൻ), ഫോറസ്റ്റ് ഈഗിൾ ഓൾ (കാട്ടു മൂങ്ങ), ഗ്രേറ്റ് ഇയേർഡ് നൈറ്റ്ജാർ (ചെവിയൻ രാചുക്ക്) എന്നിവയാണ് പക്ഷികളിലെ പ്രധാനപ്പെട്ട മറ്റ് കണ്ടെത്തലുകൾ. ഇതോടെ സങ്കേതത്തിൽ ഇതുവരെ കാണപ്പെട്ട പക്ഷികളുടെ എണ്ണം 245 ആയി ഉയർന്നു.
15 പുതിയവ ഉൾപ്പെടെ ആകെ 155 ഇനം ശലഭങ്ങളെയും രേഖപ്പെടുത്തി. ഇതോടെ സങ്കേതത്തിലെ ആകെ ചിത്രശലഭങ്ങളുടെ എണ്ണം 212 ആയി ഉയർന്നു. കൂടാതെ നീലക്കടുവകൾ (ബ്ലൂടൈഗർ), കരിനീലക്കടുവ (ഡാർക്ക് ബ്ലൂടൈഗർ), അരളി ശലഭം ( കോമൺ ക്രോ) എന്നിവയുടെ ആയിരക്കണക്കിന് കൂട്ടങ്ങളെയും ഗവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞു.ഡാമിന്റെ വൃഷ്ടി പ്രദേശത്ത് വരണ്ട കാലാവസ്ഥ ആയിരുന്നെങ്കിലും എട്ട് പുതിയ ഇനത്തിൽപ്പെട്ട 48-ഓളം തുമ്പികളെയും കാണാനായി. ഇതോടെ സങ്കേതത്തിൽ രേഖപ്പെടുത്തിയ തുമ്പികളുടെ ആകെ എണ്ണം 73 ആയി ഉയർന്നു.202 ഇനം നിശാശലഭങ്ങൾ, 52 ഇനം ഉറുമ്പുകൾ എന്നിവയേയും ആന, നീർ നായ, ചെറിയ സസ്തനികൾ എന്നിവയുടെ സാന്നിധ്യവും സർവേയിൽ ശ്രദ്ധിക്കപ്പെട്ടു.
ഓഫ് സീസൺ സർവേയിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണെന്നും മഴക്കാലത്തിന് ശേഷം തുടർ സർവേ നടത്തുമെന്നും ഇടുക്കി വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ ജയചന്ദ്രൻ ജി, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ബി പ്രസാദ് കുമാർ എന്നിവർ ജനയുഗത്തോട് പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ സി ആനന്ദൻ, സജിമോൻ, കെ ആർ സന്തോഷ്, എന്നിവരും സർവേയ്ക്ക് നേതൃത്വം നൽകി. ടിഎൻഎച്ച്എസ് റിസർച്ച് അസോസിയേറ്റ് ഡോ. കലേഷ് സദാശിവൻ ഡാറ്റകൾ ക്രോഡീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.