31 October 2024, Thursday
KSFE Galaxy Chits Banner 2

മനുഷ്യാവകാശലംഘനത്തിൽ 37 ശതമാനം വർധന: ഏറ്റവും കൂടുതൽ യുപിയിൽ

Janayugom Webdesk
July 5, 2022 11:12 pm

ഒരു വർഷത്തിനിടെ രാജ്യത്തെ മനുഷ്യാവകാശലംഘന കേസുകളിൽ 37 ശതമാനം വർധനയെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. ഇക്കഴിഞ്ഞ 11 മാസത്തിൽ തൊട്ടു മുമ്പുള്ള വർഷത്തെ അപേക്ഷിച്ച് 27,571 കേസുകളാണ് കൂടുതലായതെന്ന് കമ്മിഷൻ വ്യക്തമാക്കുന്നു.
2020–21ൽ 74,968 മനുഷ്യാവകാശ ലംഘന കേസുകളാണ് എൻഎച്ച്ആർസി രജിസ്റ്റർ ചെയ്തത്. അതേസമയം 2021–22 വർഷത്തിൽ 22 ഫെബ്രുവരി വരെ മാത്രം 1,02,539 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021–22 ൽ ഒക്ടോബർ വരെയുള്ള ആറ് മാസം കൊണ്ട് 64,170 മനുഷ്യാവകാശ ലംഘന കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 24,242 കേസുകളും (37.7ശതമാനം) മനുഷ്യാവകാശ ലംഘനങ്ങളും ഉത്തർപ്രദേശിലാണ്. ഏപ്രിൽ ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
കേസുകൾ വർധിക്കുന്നതിനോടൊപ്പം ശുപാർശ ചെയ്യുന്ന നഷ്ടപരിഹാര തുകയിലെ കുറവും ആശങ്കപ്പെടുത്തുന്നതാണ്. കമ്മിഷൻ ശുപാർശ ചെയ്ത നഷ്ടപരിഹാരം 2018–19ൽ നിന്ന് 2019–20ൽ 30 ശതമാനം കുറഞ്ഞു. 2018–19ൽ 713 കേസുകളിൽ 27,67,54,996 രൂപ ധനസഹായമായി നൽകിയപ്പോൾ 2019–20 ൽ 488 കേസുകളിലായി 15,06,85,840 രൂപയായി കുറഞ്ഞു.
എൻഎച്ച്ആർസി വാർഷിക റിപ്പോർട്ടുകൾ 2019 മുതൽ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും, മൂന്ന് വർഷങ്ങളിലെ കണക്കുകൾ കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ മേശപ്പുറത്ത് വച്ചിരുന്നു. അതിലാണ് ഈ വിവരങ്ങളുള്ളത്. മനുഷ്യാവകാശ ലംഘനങ്ങളുടെ കുതിച്ചുചാട്ടം അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാരിന്റെ പരാജയത്തെയാണ് കാണിക്കുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാഷ് കുമാർ പറഞ്ഞു.
ജൂൺ 25 ന് ആക്ടിവിസ്റ്റ് ടീസ്ത സെതൽവാദിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തതിൽ യുഎൻ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ പ്രത്യേക വക്താവ് മേരി ലോലർ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നത്തിലും മനുഷ്യാവകാശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഹ്യൂമൻ റൈറ്റ് കൗൺസിലും ആശങ്ക പങ്കുവച്ചിരുന്നു.
കഴിഞ്ഞ വർഷം സുപ്രീം കോടതി മുൻ ജഡ്ജി അരുൺ കുമാർ മിശ്രയെ കമ്മിഷൻ ചെയർപേഴ്സണായി നിയമിച്ചപ്പോൾ തന്നെ എൻഎച്ച്ആർസിയുടെ സ്വാതന്ത്ര്യമില്ലായ്മയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നിരുന്നു. അലിഗഡ് മുസ്‍ലിം സർവകലാശാലയിലും ജാമിയ മിലിയ ഇസ്‍ലാമിയയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തുകയും പൊലീസിന്റെ അമിതമായ ബലപ്രയോഗത്തെ കമ്മിഷൻ ന്യായീകരിക്കുകയും ചെയ്തു. എന്നാൽ കോവിഡ് കാലത്ത് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എൻഎച്ച്ആർസി ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
അതേസമയം ഫാദർ സ്റ്റാൻ സ്വാമിയുടെ ദാരുണമായ മരണം ഉൾപ്പെടെയുള്ള ജയിലുകളിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ തടയാൻ കഴിഞ്ഞില്ല. 

Eng­lish Sum­ma­ry: 37 per­cent increase in human rights vio­la­tions: high­est in UP

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.