24 September 2024, Tuesday
KSFE Galaxy Chits Banner 2

375 വര്‍ഷം മറഞ്ഞിരുന്നു; എട്ടാമത്തെ ഭൂഖണ്ഡമാകാന്‍ സീലാന്‍ഡിയ

Janayugom Webdesk
ലണ്ടന്‍
September 27, 2023 11:01 pm

ഭൂമിയില്‍ എട്ടാമതൊരു ഭൂഖണ്ഡം കൂടിയുണ്ടെന്ന കണ്ടെത്തലിന് ശാസ്ത്രീയമായ സ്ഥിരീകരണം. ഭൗമശാസ്ത്രജ്ഞരും ഭൂചലനഗവേഷകരുമടങ്ങുന്ന ഒരു സംഘമാണ് സീലാന്‍ഡിയ അഥവാ തെ-റിയു-അ‑മാവിയുടെ പരിഷ്‌കരിച്ച ഭൂപടം തയ്യാറാക്കിയിരിക്കുന്നത്.
പസഫിക് സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് ശേഖരിച്ച പാറക്കഷണങ്ങളുടേയും മണ്ണിന്റേയും പരിശോധനയിലൂടെയാണ് സീലാന്‍ഡിയയുടെ ഏകദേശ ആകൃതിയും പ്രകൃതവും ഗവേഷകര്‍ അനുമാനിച്ചിരിക്കുന്നത്. ഗവേഷണവിവരങ്ങള്‍ ടെക്ടോണിക്‌സ് എന്ന ജേണലിലൂടെയാണ് പുറത്തുവിട്ടത്. Phys.org എന്ന വെബ്പോര്‍ട്ടലില്‍ ഇതിന്റെ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1672ലാണ് എട്ടാമതൊരു ഭൂഖണ്ഡത്തെക്കുറിച്ച് ഡച്ച് നാവികനായ ആബേല്‍ ടാസ്മാന്‍ സൂചന നല്‍കിയത്. പസഫിക് അഥവാ ശാന്തസമുദ്രത്തിന്റെ അടിത്തട്ടില്‍ ഒരു ഭൂഖണ്ഡം സ്ഥിതിചെയ്യുന്നുണ്ടെന്ന സംശയം ടാസ്മാന്‍ പങ്കുവച്ചിരുന്നു. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക് വേണ്ടിയുള്ള ടാസ്മാന്റെ യാത്രകള്‍ പുതിയ സമുദ്രമാര്‍ഗങ്ങളുടേയും പുതിയ കരകളുടേയും കണ്ടുപിടിത്തത്തിന് വഴിയൊരുക്കി. സീലാന്‍ഡിയയെക്കുറിച്ച് ടാസ്മാന്‍ രേഖപ്പെടുത്തിയ സൂചനകള്‍ 1895‑ല്‍ സ്‌കോട്ടിഷ് പ്രകൃതി ശാസ്ത്രജ്ഞനായ സര്‍ ജയിംസ് ഹെക്ടര്‍ ശേഖരിച്ചു. സമുദ്രാന്തര്‍ഭാഗത്തുള്ള സീലാന്‍ഡിയയുടെ ജലോപരിതലത്തിലുള്ള അവശേഷിപ്പാണ് ടാസ്മാന്‍ എത്തിച്ചേര്‍ന്ന ന്യൂസിലാന്‍ഡ് എന്ന് ഹെക്ടര്‍ അനുമാനിച്ചു. പിന്നീട് 1960 വരെ സീലാന്‍ഡിയയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നില്ല.
1995ല്‍ അമേരിക്കല്‍ ജിയോഫിസിസ്റ്റായ ബ്രൂസ് ലൂയെന്‍ഡിക്കാണ് പ്രദേശത്തെ ഭൂഖണ്ഡമായി കണക്കാക്കാന്‍ കഴിയുമെന്ന് പറഞ്ഞത്. സീലാന്‍ഡിയ എന്ന പേര് നിര്‍ദേശിക്കുകയും ചെയ്തു. ഉപഗ്രഹങ്ങളുടെ സഹായത്തോടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സീലാന്‍ഡിയയുടെ വ്യക്തമായ രൂപരേഖ ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയിട്ടുണ്ട്.

ഏകദേശം ഓസ്‌ട്രേലിയയുടെ വലിപ്പമുണ്ട് സീലാന്‍ഡിയയ്ക്ക്. ബിബിസി യുടെ റിപ്പോര്‍ട്ടനുസരിച്ച് 1.89 ദശലക്ഷം ചതുരശ്ര മൈല്‍ (4.9 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍) വിസ്തൃതിയാണ് ഭൂഖണ്ഡത്തിനുള്ളത്. മഡഗാസ്‌കറിന്റെ ആറിരട്ടി വലിപ്പം വരുമിത്.
എല്ലാ റെക്കോഡുകളും തകര്‍ത്തായിരിക്കും സീലാന്‍ഡിയുടെ വരവ്. ഏറ്റവും ചെറുതും ലോലമായതും പ്രായം കുറഞ്ഞതുമായ എട്ടാമത്തെ ഭൂഖണ്ഡമെന്ന പദവി സീലാന്‍ഡിയയ്ക്ക് സ്വന്തമാകും. ഇതിന്റെ 94 ശതമാനവും ജലത്തിനടിയിലാണ്. ന്യൂസിലാന്‍ഡിന് സമാനമായി ദ്വീപുകളുടെ സമൂഹം സീലാന്‍ഡിയയിലുണ്ട്.
സീലാന്‍ഡിയന്‍ പ്രദേശത്തുനിന്ന് ശേഖരിച്ച പാറകളുടേയും മറ്റു പദാര്‍ഥങ്ങളുടേയും പഠനത്തില്‍നിന്ന് ഈ പ്രദേശത്തിന്റെ ഭൗമഘടനയ്ക്ക് പശ്ചിമ അന്റാര്‍ട്ടിക്കയുടേതിന് സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
സമുദ്രാന്തര്‍ഭാഗത്ത് 3500 അടി ആഴത്തിലാണ് സീലാന്‍ഡിയയുടെ സ്ഥാനമെന്നാണ് നിഗമനം. ഇതിനെക്കുറിച്ചുള്ള സ്ഥിരീകരണം നടത്തിയിട്ടില്ല. കൃത്യമായി നിര്‍വചിക്കപ്പെട്ട അതിര്‍ത്തികളുള്ളതും ഒരു ദശലക്ഷം ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണമുള്ളതുമായ ഭൂഭാഗമാണ് ഭൂഖണ്ഡം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
കൂടാതെ ഉപരിഭാഗം സമുദ്രത്തിന്റെ പുറംപാളിയേക്കാള്‍ കടുപ്പമുള്ളതാവുകയും വേണം. ഭൂഖണ്ഡമെന്ന നിര്‍വചനത്തിന്റെ നിബന്ധനകള്‍ പാലിക്കുന്നുണ്ടെങ്കിലും സമുദ്രത്തിന്റെ ആഴത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ സീലാന്‍ഡിയയെ വന്‍കരയായി കണക്കാനാകുമോയെന്നതിലും വ്യക്തതയില്ല.

Eng­lish summary;375 years were hid­den; Zealan­dia to become the 8th continent

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.