
ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളില്‍ വന്ന മാറ്റം ആരോഗ്യമേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പഠന റിപ്പോര്‍ട്ട്. രാജ്യത്ത് അള്‍ട്രാ പ്രോസസ‍്ഡ് ഫുഡ് (അമിതമായി സംസ്കരിച്ച ഭക്ഷണം) വിപണിയില്‍ 4000 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. പ്രശസ്ത മെഡിക്കല്‍ ജേണലായ ‘ദ ലാന്‍സെറ്റ്’ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 43 ആഗോള വിദഗ്ധര്‍ ചേര്‍ന്നാണ് മൂന്ന് ഭാഗങ്ങളുള്ള ഈ പഠനം തയ്യാറാക്കിയത്. ഇന്‍സ്റ്റന്റ് നൂഡില്‍സ്, റെഡി ടു ഈറ്റ് മീല്‍സ് (ഉടന്‍ കഴിക്കാവുന്ന ഭക്ഷണങ്ങള്‍), ചിപ്‌സ്, സംസ്കരിച്ച മാംസം, വന്‍തോതില്‍ ഉല്പാദിപ്പിക്കുന്ന പാക്കറ്റ് ബ്രെഡുകള്‍, മധുര പാനീയങ്ങള്‍ എന്നിവയാണ് അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളുടെ ഗണത്തില്‍ വരുന്നത്. വിപണിയിലെ സ്ഫോടനാത്മക വളര്‍ച്ച 2006‑ല്‍ വെറും 7,996 കോടി രൂപയായിരുന്ന യുപിഎഫ് ചില്ലറ വില്പന, 2019‑ല്‍ എത്തിയപ്പോഴേക്കും 3.3 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഏകദേശം 4000 ശതമാനത്തിന്റെ വർധനവാണിത്.
പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണരീതികളില്‍ നിന്ന് മാറി പാക്കറ്റ് ഭക്ഷണങ്ങളിലേക്കുള്ള മാറ്റം പോഷകാഹാരക്കുറവിനും വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാരണമാകുന്നു. ഈ ഭക്ഷണങ്ങളില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ചേരുവകള്‍ ചേര്‍ക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷിയെയും ദീര്‍ഘകാല ആരോഗ്യത്തെയും തകര്‍ക്കുന്നു. പൊണ്ണത്തടി, ടൈപ്പ്-2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വിഷാദം, അകാല മരണം എന്നിവയ്ക്ക് ഇവ കാരണമാകുന്നതായി പഠനം വ്യക്തമാക്കുന്നു. യുപിഎഫ് വില്പന കൂടിയ അതേ കാലയളവില്‍ ഇന്ത്യയിലെ സ്ത്രീകളിലും പുരുഷന്മാരിലും പൊണ്ണത്തടി ഇരട്ടിയായെന്ന് പഠനം പറയുന്നു. 2016‑നും 2021‑നും ഇടയില്‍ കുട്ടികളിലെ പൊണ്ണത്തടി 2.1 ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായി വര്‍ദ്ധിച്ചു. നാലില്‍ ഒരു ഇന്ത്യക്കാരന് അമിത വണ്ണമുണ്ട്. പത്തില്‍ ഒരാള്‍ക്ക് പ്രമേഹവും, മൂന്നില്‍ ഒരാള്‍ക്ക് അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയും ഉള്ളതായി പഠനം പറയുന്നു.
മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ഇത്തരം ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്ന ഉയര്‍ന്ന ലാഭം കാരണം കോര്‍പ്പറേറ്റുകള്‍ ഇവയുടെ വില്പനയ്ക്കായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളില്‍ സ്വാധീനം ചെലുത്താനും, അനുകൂലമായ നയങ്ങള്‍ രൂപീകരിക്കാനും, ശാസ്ത്രീയ പഠനങ്ങളില്‍ പോലും സംശയം ജനിപ്പിക്കാനും വന്‍കിട കമ്പനികള്‍ ശ്രമിക്കുന്നതായി പഠനം മുന്നറിയിപ്പ് നല്‍കുന്നു. നിലവിലെ വിപണന നിയന്ത്രണങ്ങള്‍ ഇതിനെ തടയാന്‍ പര്യാപ്തമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു: ഉയര്‍ന്ന അളവില്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങളെയും യുപിഎഫുകളെയും നിയമപരമായി തരംതിരിക്കണം. സിഗരറ്റ് പാക്കറ്റിലേതുപോലെ ഭക്ഷണ പാക്കറ്റുകളുടെ മുന്‍വശത്ത് വ്യക്തമായ മുന്നറിയിപ്പ് ലേബലുകള്‍ നിര്‍ബന്ധമാക്കണം. കുട്ടികള്‍ ടിവി കാണുന്ന പ്രധാന സമയങ്ങളില്‍ ഇത്തരം ഭക്ഷണങ്ങളുടെ പരസ്യങ്ങള്‍ നിരോധിക്കണം.
സ്കൂളുകളിലും പരിസരങ്ങളിലും ഇത്തരം ഭക്ഷണങ്ങളുടെ വില്പന നിയന്ത്രിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. യുപിഎഫ് പരസ്യങ്ങള്‍ക്കും സ്പോണ്‍സര്‍ഷിപ്പിനും പൂര്‍ണ നിരോധനം വേണമെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചാന്‍സലര്‍ പ്രൊഫ. ശ്രീനാഥ് റെഡ്ഡി അഭിപ്രായപ്പെട്ടു. വെറുതെ ഭക്ഷണം ഒഴിവാക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും, വിപണന തന്ത്രങ്ങളെ നിയന്ത്രിക്കുകയാണ് വേണ്ടതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.