മിനിമം മാർക്ക് അടിസ്ഥാനമാക്കിയുള്ള എട്ടാം ക്ലാസ് പരീക്ഷയില്‍ ഹിന്ദി ഭാഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടിതെറ്റി. ആകെ 3.87 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോള്‍ 42,810 (12.69 ശതമാനം) പേരും തോറ്റു. ഇവര്‍ക്ക് ഇ ഗ്രേഡാണ് ലഭിച്ചത്. ഏറ്റവും കുറച്ച് കുട്ടികൾ പരാജയപ്പെട്ടത് ഇംഗ്ലീഷിനാണ്. 24,192 (7.6 ശതമാനം) പേര്‍ക്കാണ് ഇ ഗ്രേഡ് കിട്ടിയത്. വിവിധ വിഷയങ്ങളിലായി 2,24,175 ഇ ഗ്രേഡുകളാണ് ലഭ്യമായത്. ഏകദേശം പത്ത് ശതമാനം കുട്ടികൾ എല്ലാ വിഷയത്തിനും ഇ ഗ്രേഡ് നേടിയതായാണ് കണക്കുകൾ. ആകെ 3136 സ്കൂളുകളിലാണ് എട്ടാം ക്ലാസ് പരീക്ഷ നടന്നത്. 595 സ്കൂളിലെ പരീക്ഷാ ഫലം വരാനുണ്ട്. ഒമ്പതാംക്ലാസ് പ്രവേശനത്തിന് അധിക പിന്തുണ വേണ്ടവരുടെ അന്തിമ കണക്ക് ഇതിനു ശേഷമേ ലഭ്യമാകുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏറ്റവും കൂടുതൽ വിഷയങ്ങൾക്ക് ഇ ഗ്രേഡ് ലഭിച്ചത് വയനാട് ജില്ലയിലാണ്, 6.3 ശതമാനം. കുറവ് കൊല്ലം ജില്ലയിലും, 4.2 ശതമാനം. എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ പ്രധാനാധ്യാപകർ ഇന്ന് രക്ഷിതാക്കളെ അറിയിക്കും. ഇവർക്ക് എട്ടു മുതൽ 24 വരെ അധിക പിന്തുണാ ക്ലാസുകൾ നടത്തും. രാവിലെ 9.30 മുതൽ 12.30 വരെയാണ് ക്ലാസുകൾ. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ മാത്രമാണ് അധിക പിന്തുണാ ക്ലാസുകൾ നൽകുക. അതത് ക്ലാസിൽ കുട്ടികൾ നേടേണ്ട അടിസ്ഥാന ശേഷികൾ ആർജിച്ചു എന്ന് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഇത്തരത്തിൽ അധിക പിന്തുണ ക്ലാസുകൾ നൽകുന്നത് നിരീക്ഷിക്കുന്നതിനും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും ജില്ലാതലത്തിൽ മോണിട്ടറിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.