
കഠിനമായ ജോലി സാഹചര്യം, അമിത ജോലി സമ്മര്‍ദം എന്നിവ കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സില്‍ (സിഎപിഎഫ്) മൂന്നു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 438 പേര്‍. സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഏഴ് സംഭവങ്ങളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2014 മുതല്‍ 23,000 പേര്‍ സര്‍വീസില്‍ നിന്ന് രാജിവച്ചു. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്), അസം റൈഫിള്‍സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്), സശസ്ത്ര സീമബല്‍ (എസ്എസ്ബി), നാഷണല്‍ സെക്യൂരീറ്റി ഗാര്‍ഡ് (എന്‍എസ്ജി) എന്നിവയിലെ 438 ഉദ്യോഗസ്ഥരാണ് മൂന്നു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 133 പേര്‍ ആത്മഹത്യ ചെയ്തു.
2023 ല്‍ സഹപ്രവര്‍ത്തകരെ വെടിവച്ച് കൊലപ്പെടുത്തിയ രണ്ട് കേസുകളാണ് രേഖപ്പെടുത്തിയത്. 2024ല്‍ ഒന്നും ഈ വര്‍ഷം നാല് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സിആര്‍പിഎഫിലാണ്. തൊട്ടുപിന്നില്‍ ബിഎസ്എഫും സിഐഎസ്എഫുമാണ്. 2014നും 2025 നുമിടയില്‍ അസം റൈഫിള്‍സ്, കേന്ദ്ര സേനകളില്‍ നിന്ന് 23,360 പേരാണ് രാജിവച്ച് പുറത്തുപോയത്. ബിഎസ്എഫില്‍ നിന്ന് 74,93 പേരും സിആര്‍പിഎഫില്‍ നിന്ന് 74,56 പേരും രാജിവച്ചു. സിഐഎസ്എഫില്‍ നിന്ന് 4,137 പേരും സേവനം പാതി വഴിയില്‍ അവസാനിപ്പിച്ചു. 2025ല്‍ ഇതുവരെ 3,077 പേരാണ് രാജിവച്ചത്. ഇതില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് മുന്നില്‍. കേന്ദ്രസേനകളില്‍ എട്ടുമണിക്കൂര്‍ ഡ്യൂട്ടിയാണ് നിലവിലുള്ളത്. എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ വിശ്രമം, അവധി എന്നിവ ബാധകമല്ല. ഫീല്‍ഡ് ജോലി ചെയ്യുന്ന കേന്ദ്ര സേനാ ഉദ്യോഗസ്ഥര്‍ക്ക് പ്രതിവര്‍ഷം 75 അവധിയാണ് നല്‍കുന്നത്. 15 ദിവസം കാഷ്വല്‍ ലീവ്, 60 ദിവസത്തെ ആര്‍ജിത അവധിയും എടുക്കാവുന്നതാണ്. എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ അവധി ബാധകമാകില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ മന്ത്രിയുടെ വാക്കുകള്‍ സത്യം മൂടി വയ്ക്കുന്നതാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. സംഘര്‍ഷ സാധ്യത ഇല്ലാത്ത അവസരങ്ങളില്‍ പോലും അവധിയില്ലാതെ ജോലി ചെയ്യേണ്ട സാഹചര്യം നേരിട്ടിരുന്നതായി വിരമിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ജോലി സമ്മര്‍ദം, മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം എന്നിവയും രാജിയിലേക്ക് നയിക്കുന്നുണ്ട്. സഹപ്രവര്‍ത്തകരെ വെടിവച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ അവധി നിഷേധം, മേലുദ്യോഗസ്ഥരുടെ മോശം പെരുമാറ്റം എന്നിവയുടെ ഫലമായി ഉണ്ടാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.