പത്തനംതിട്ടയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരു പ്രതികൂടി ഇന്ന് പൊലീസ് പിടിയിലായി . ഇതോടെ 44 പ്രതികൾ പിടിയിലായി. പിടികൂടുവാനുള്ള 15 പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. വിദേശത്തുള്ള 2 പ്രതികൾക്കായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം പത്തനംതിട്ട പീഡന കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴിയെടുത്തു. അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. പത്തനംതിട്ട ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം.
അഞ്ചുവർഷത്തെ പീഡന വിവരങ്ങളായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയത്. എത്രയും വേഗം മുഴുവൻ പ്രതികളിലേക്കും എത്താനാണ് പൊലീസിന്റെ ശ്രമം. കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണ മേൽനോട്ട ചുമതല ഡിഐജി അജിതാ ബീഗത്തിന് സർക്കാർ കൈമാറിയിരുന്നു. പൊതു ഇടങ്ങളിൽ വച്ചാണ് പെൺകുട്ടി കൂടുതലും ചൂഷണത്തിനിരയായത്. പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്ത് വെച്ചു പോലും പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിരുന്നു. പീഡനം നേരിട്ട പെൺകുട്ടിയെ ബാലാവകാശ കമ്മിഷൻ അംഗം എൻ സുനന്ദ സന്ദർശിച്ചു. കുട്ടിക്ക് ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ട്. ആശ്വാസനിധിയിൽനിന്ന് സഹായധനം അനുവദിക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ക്ക് കമ്മിഷൻ നിർദേശം നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി സുനന്ദ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.