കേരള പൊലീസിന്റെ വിവിധ ബറ്റാലിയനുകളിൽ പരിശീലനം പൂർത്തിയാക്കിയ 447 പേരുടെ പാസ്സിങ് ഔട്ട് പരേഡ് കെ എ പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് നടന്നു. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹെബ് സല്യൂട്ട് സ്വീകരിച്ചു. ജനങ്ങളുടെ ആവശ്യം എത്രയും പെട്ടെന്ന് നിറവേറ്റുകയെന്നതാണ് ജനമൈത്രി പൊലീസിന്റെ കടമയെന്ന് അദ്ദേഹം പറഞ്ഞു.
പരിശീലന കാലയളവിൽ മികവ് തെളിയിച്ച വിവിധ ബറ്റാലിയനുകളിലെ റിക്രൂട്ട് സേനാംഗങ്ങൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. 2024 ജൂണിൽ പരിശീലനം ആരംഭിച്ച എം എസ് പി, കെ എ പി രണ്ട്, കെ എ പി നാല്, കെ എ പി അഞ്ച് ബറ്റാലിയനുകളിലെ 347 പോലീസ് സേനാംഗങ്ങളും 2024 സെപ്റ്റംബര്‍ മാസം ഇന്ത്യാ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം ആരംഭിച്ച 100 പോലീസ് ഡ്രൈവര്‍ സേനാംഗങ്ങളുമാണ് പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. കാസർകോട് സ്വദേശിയും കെ എ പി. നാലാം ബറ്റാലിയനിലെ സേനാംഗവുമായ പി ആദർഷ്, മലപ്പുറം സ്വദേശിയും എം എസ് പിയിലെ ടി കെ അക്ബർ അലി എന്നിവരാണ് പരേഡ് നയിച്ചത്. സേനാംഗങ്ങളിൽ 40 പേർ ബിരുദാനന്തര ബിരുദം, എം ടെക് നേടിയവരും ഒമ്പത് പേർ എം ബി എക്കാരും 33 ബി ടെക്, 192 ബിരുദം നേടിയവരുമാണ്. നാല് ബി എഡ് ബിരുദദാരികളും 39 ഡിപ്ലോമക്കാരും 129 പേർ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്.
ആധുനിക ആയുധങ്ങളുടെ ഉപയോഗവും പ്രവർത്തനങ്ങളും, സ്ഫോടക വസ്‌തുക്കളെ കൈകാര്യം ചെയ്യുന്നതിനുള്ള അറിവും പരിശീലനവും വിവിധ അവസരങ്ങളിൽ ചെയ്യേണ്ട ഡ്യൂട്ടികൾ, വിഐപി ഡ്യൂട്ടികൾ, സ്പെഷ്യലൈസ്‌ഡ് വാഹനങ്ങളായ ക്രെയ്ൻ, റിക്കവറി വെഹിക്കിൾ, വരുൺ, വജ്രാ എന്നിവ ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും, വി വി ഐ പി മോട്ടോർ കേഡ് വെഹിക്കിൾ മൂവ്മെന്റ് തുടങ്ങിയ വിഷയങ്ങളിലുമാണ് പ്രായോഗിക പരിശീലനം നൽകിയത്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എം ആർ അജിത്ത് കുമാർ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് എ പി ആനന്ദ് ആർ, ഡി എസ് സി കമാൻഡർ ശ്രീകുമാർ കെ പിള്ള, ഏഴിമല നേവൽ അക്കാദമി ലെഫ്റ്റ് കമാൻഡർ അസ്തേഹം സർ താജ്, ഡി എസ് സി കമാൻഡന്റ് കേണൽ പി എസ് നാഗ്റ, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിതിൻരാജ്, റൂറൽ ഡിസ്ട്രിക്ട് പൊലീസ് മേധാവി അനൂജ് പലിവാൽ, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, മറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വിവിധ ബറ്റാലിയനുകളിൽ നിന്നും മികവിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയവർ‑കെഎപി നാലാം ബറ്റാലിയൻ,ബെസ്റ്റ് ഇൻഡോർ പുരസ്കാരം — സി. സുജിത്ത്, മികച്ച ഔട്ട്ഡോർ — കെ എം ശരത്, മികച്ച ഷൂട്ടർ — മുജീബ് റഹ്മാൻ,മികച്ച ഓൾറൗണ്ടർ — കെ എം ശരത്.എം എസ് പി ബറ്റാലിയൻ മികച്ച ഇൻഡോർ പുരസ്കാരം — അതുൽ വിജയ്, മികച്ച ഔട്ട്ഡോർ — ആഷിക് വി, മികച്ച ഷൂട്ടർ ‑ഗോക്കുൽ ഗോവിന്ദൻ, മികച്ച ഓൾറൗണ്ടർ — അക്ബർ അലി. കെ എ പി രണ്ടാം ബറ്റാലിയൻ മികച്ച ഇൻഡോർ പുരസ്കാരം — ആർ.സഞ്ജിത്ത്, മികച്ച ഔട്ട്ഡോർ — എസ് സുജിത്ത്, മികച്ച ഷൂട്ടർ — എൻ എ സേനു, മികച്ച ഓൾറൗണ്ടർ — വിപിൻ വർഗീസ്,കെ എ പി അഞ്ചാം ബറ്റാലിയൻ .മികച്ച ഇൻഡോർ — എസ് യദുകൃഷ്ണ,മികച്ച ഔട്ട്ഡോർ ആസിഫ് യൂനുസ്,മികച്ച ഷൂട്ടർ — അമൽദേവ്, മികച്ച ഓൾറൗണ്ടർ — ആസിഫ് യൂനസ്.ഐആർബി ബറ്റാലിയൻ മികച്ച ഇൻഡോർ പുരസ്കാരം — എ ജി ബാലു, മികച്ച ഔട്ട്ഡോർ — പ്രഭാത് വി നായർ, മികച്ച ഷൂട്ടർ — വി.എസ് വൈശാഖ്,മികച്ച ഓൾ റൗണ്ടർ ‑താജുദ്ദീൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.