27 December 2024, Friday
KSFE Galaxy Chits Banner 2

അവളുടെ രാവുകൾക്ക് 45 വയസ്: ചിത്രീകരണ ഓർമയിൽ വെള്ളയിൽ റെയിൽവേ സ്റ്റേഷൻ

കെ കെ ജയേഷ്
March 4, 2023 7:36 pm

കോഴിക്കോട്: മലയാള സിനിമാ ചരിത്രത്തിലെ വഴിത്തിരിവായ ഐ വി ശശിയുടെ അവളുടെ രാവുകൾ എന്ന സിനിമയ്ക്ക് 45 വയസ് പൂർത്തിയാകുമ്പോൾ ചിത്രത്തിലെ പ്രധാന രംഗം ചിത്രീകരിച്ച വെള്ളയിൽ റെയിൽവേ സ്റ്റേഷൻ കാര്യമായ മാറ്റങ്ങളില്ലാതെ ഇന്നും തുടരുന്നു. വർഷങ്ങൾക്ക് മുമ്പത്തെ ആ ഷൂട്ടിംഗ് ദിനം പ്രദേശവാസികളായ പലരുടെയും മനസ്സിൽ ഇപ്പോഴുമുണ്ട്. തിരക്ക് കുറഞ്ഞ റെയിൽവേ സ്റ്റേഷൻ അന്ന് ചിത്രീകരണത്തിന്റെ ഭാഗമായി ആൾക്കൂട്ടത്താൽ നിറഞ്ഞു. സീമ അവതരിപ്പിച്ച രാജി എം ജി സോമന്റെ ചന്ദ്രൻ എന്ന കഥാപാത്രത്തെ യാത്രയാക്കാൻ വരുന്നത് വെള്ളയിൽ റെയിൽവേ സ്റ്റേഷനിലാണ്. ആൾക്കൂട്ടത്തിൽ സംവിധായകൻ ഐ വി ശശിയും അതിഥിതാരമായി കമൽഹാസനും ഈ രംഗത്തുണ്ട്. വണ്ടിയിൽ നിന്നിറങ്ങി ആൾക്കൂട്ടത്തിലൂടെ നടന്നുപോകുന്ന കഥാപാത്രമായിരുന്നു കമൽഹാസന്റേത്. 

പൂർണമായും കോഴിക്കോട്ട് വെച്ചായിരുന്നു സിനിമ ചിത്രീകരിച്ചത്. വെള്ളയിൽ റെയിൽവേ സ്റ്റേഷന് അടുത്തായി മലബാർ ക്രിസ്ത്യൻ കോളെജിലും ബീച്ചിലും ചിത്രത്തിന്റെ പല ഭാഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. റൂമിൽ നിന്നിറങ്ങി വരാന്തയിൽ നിന്ന് രാജി ബീച്ച് കാണുന്ന രംഗം ചിത്രീകരിച്ചത് ബീച്ച് ഹോട്ടലിൽ വെച്ചാണ്. രാജിയെ ചിലർ കടന്നുപിടിക്കാൻ ശ്രമിക്കുന്ന രംഗങ്ങൾ ബീച്ചിൽ വെച്ചും ചിത്രീകരിച്ചു. മീഞ്ചന്ത പൊലീസ് സ്റ്റേഷൻ, പാളയം, മിഠായിത്തെരുവ്, പുതിയ ബി ഇ എം യു പി സ്കൂൾ എന്നിവടങ്ങളിലെല്ലാം ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. 

മലയാളത്തിലെ ആദ്യ ന്യൂജെൻ സിനിമ എന്ന് വേണമെങ്കിലു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് അവളുടെ രാവുകൾ. താരപ്പൊലിമയില്ലാതെ ഐ വി ശശി ഒരുക്കിയ ചിത്രം ഒരു ലൈംഗിക തൊഴിലാളിയുടെ ജീവിതമാണ് പ്രമേയമാക്കിയത്. നഗ്നതാ പ്രദർശനം കൂടുതലുണ്ടെന്ന് ആരോപിച്ച് അശ്ലീല ചിത്രമെന്ന് പോലും ഒരു കാലത്ത് സിനിമ മുദ്രകുത്തപ്പെട്ടു. എന്നാൽ പിന്നീട് മലയാളത്തിലെ ശക്തമായ സ്ത്രീപക്ഷ സിനിമകളിലൊന്നായി അവളുടെ രാവുകൾ രേഖപ്പെടുത്തപ്പെടുകയും ചെയ്തു. 1978 മാർച്ചിലാണ് അവളുടെ രാവുകൾ റിലീസായത്. പ്രേക്ഷകർ സ്വീകരിക്കാൻ മടിക്കുന്ന പ്രമേയമായിരുന്നിട്ടും എ സർട്ടിഫിക്കറ്റോടെ പുറത്തിറങ്ങിയ സിനിമ സൂപ്പർഹിറ്റായി. ആലപ്പി ഷെറീഫ് തിരക്കഥയെഴുതിയ ചിത്രം നിർമിച്ചത് എം പി രാമചന്ദ്രനായിരുന്നു. വിപിൻദാസ് ആയിരുന്നു ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച സിനിമയുടെ ഛായാഗ്രഹകൻ. ബിച്ചു തിരുമല രചിച്ച് എ ടി ഉമ്മർ സംഗീതം നൽകിയ ഗാനങ്ങളും ഏറെ ജനപ്രിയമായി. രവികുമാർ നായകനായ ചിത്രത്തിൽ സോമൻ, സുകുമാരൻ, ബഹദൂർ, കുതിരവട്ടം പപ്പു, ശങ്കരാടി, കവിയൂർ പൊന്നമ്മ, ഉഷാറാണി തുടങ്ങിയവരും വേഷമിട്ടു. ചിത്രത്തിന്റെ അരങ്ങളിലും അണിയറയിലും പ്രവർത്തിച്ച പലരും മരണപ്പെട്ടു. എന്നാൽ അവർ ജീവൻ പകർന്ന കഥാപാത്രങ്ങളും അനശ്വരമായ ജീവിത കാഴ്ചകളും നിറം മങ്ങാതെ പ്രേക്ഷകർക്ക് മുമ്പിൽ ഇന്നുമുണ്ട്. പിന്നീട് അധികം സിനിമാക്കാരൊന്നും വെള്ളയിൽ റെയിൽവേ സ്റ്റേഷൻ തേടി വന്നിട്ടില്ല. അപൂർവ്വം വണ്ടികൾ മാത്രം നിർത്തുന്ന സ്റ്റേഷനുകളിലൊന്നായി വെള്ളയിൽ ശാന്തമായി തുടരുന്നു.

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.