വിയറ്റ്നാമില്‍ യാഗി ചുഴിക്കാറ്റിന്റെ താണ്ഡവം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 46 പേര്‍ മരിച്ചു. വടക്കന്‍ വിയറ്റ്നാമില്‍ മാത്രം 299 പേര്‍ക്ക് പരിക്കേറ്റു. 22 പേരെ കാണാനില്ല. പല സ്ഥലങ്ങളിലും പ്രളയമുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ഏഷ്യയില്‍ ഈ വര്‍ഷമുണ്ടായ ഏറ്റവും ശക്തിയേറിയ കാറ്റാണ് യാഗി. ശനിയാഴ്ച മുതല്‍ രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ തീരത്ത് കനത്ത മഴയാണ് പെയ്യുന്നത്. തുടര്‍ന്ന് രാജ്യത്തിന്റെ പലപ്രദേശങ്ങളിലും വൈദ്യുതിയും ആശയവിനിമയ സംവിധാനങ്ങളും തടസപ്പെട്ടു. ക്വന്‍ങ് നിന്‍, ഹയ്പ്ഹോങ് എന്നിവിടങ്ങളിലാണ് യാഗി ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 208–433 എംഎം മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും പരിസ്ഥിതിയെയും മനുഷ്യരെയും ഗുരുതരമായി ബാധിച്ചതായി നാഷണല്‍ സെന്റര്‍ ഫോര്‍ ഹൈഡ്രോ മെറ്റീരിയോളജിക്കല്‍ ഫോര്‍കാസ്റ്റിങ്ങിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തദ്ദേശീയ, വിദേശ കമ്പനികളുടെ നിരവധി നിര്‍മ്മാണ കേന്ദ്രങ്ങളാണ് വിയറ്റ്നാമിലുള്ളത്. ശക്തമായ കാറ്റില്‍ എല്‍ജി ഇലക്ട്രോണിക്സിന്റെ ഭിത്തി തകര്‍ന്നുവീണിരുന്നു. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് കമ്പനി പിന്നീട് അറിയിച്ചു. ഫു തൊ പ്രവിശ്യയിലെ തിരക്കേറിയ പാലം തകര്‍ന്നുവീണതും ഏറെ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ലാങ് സണ്‍, കോവോ ബാങ്, യെന്‍ ബായ്, തായ് എന്‍ജിയാന്‍ പ്രവിശ്യകളില്‍ പ്രളയ സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലയില്‍പ്പെട്ട് മുപ്പതോളം ബോട്ടുകള്‍ മുങ്ങി. 3300 വീടുകള്‍, ഒരുലക്ഷത്തിലധികം ഹെക്ടര്‍ ഭൂമിയിലെ കൃഷി എന്നിവയും നശിച്ചു.
വിയറ്റിനാമിലേക്ക് എത്തുന്നതിന് മുമ്പ് ചൈനയുടെ തെക്കന്‍ മേഖലയിലും ഫിലിപ്പീന്‍സിലും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. 24 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു.
നിലവില്‍ യാഗിയുടെ തീവ്രത കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് തീരത്തോട് ചേര്‍ന്ന് ചുഴലിക്കാറ്റുകള്‍ രൂപപ്പെടാനും അതിവേഗം ശക്തിപ്രാപിച്ച് കരമേഖലയിലേക്ക് ആഞ്ഞടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ജൂലൈ മാസത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.