
തെക്കുപടിഞ്ഞാറൻ ജപ്പാനിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ടോക്കിയോയിൽ നിന്ന് ഏകദേശം 1,200 കിലോമീറ്റർ അകലെയുള്ള കഗോഷിമ പ്രിഫെക്ചറിലെ ടോക്കര ദ്വീപ് ശൃംഖലയുടെ തീരത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പം വളരെ ശക്തമായിരുന്നെങ്കിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. ഭൂകമ്പം ശക്തമായ പ്രദേശങ്ങളിൽ വീടുകൾ തകരാനും മണ്ണിടിച്ചിലിനും സാധ്യത കൂടുതലാണെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ ഭൂകമ്പ, സുനാമി നിരീക്ഷണ വിഭാഗം ഡയറക്ടർ ആയതക എബിറ്റ പറഞ്ഞു. സമാനമായ തീവ്രതയുള്ള ഭൂകമ്പങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ക്യൂഷു മേഖലയുടെ തെക്ക് ഭാഗത്തുള്ള ടോക്കറ ദ്വീപ് ശൃംഖലയില്‍ വിവിധ തീവ്രതകളുള്ള 1,000 ത്തോളം ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയിരുന്നു. ശക്തമായ ഭൂകമ്പത്തെത്തുടർന്ന് തെക്കൻ ദ്വീപിലെ 89 നിവാസികളോട് ഒഴിഞ്ഞുപോകാൻ ജാപ്പനീസ് അധികൃതർ ആവശ്യപ്പെട്ടു. ജൂലെെ അഞ്ചിന് വിനാശകരമായ സുനാമി വരുമെന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നുമുള്ള റയോ തത്സുകിയുടെ പ്രവചനത്തില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജപ്പാനില്‍ തുടര്‍ച്ചയായി ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജാപ്പനീസ് ബാബ വാന്‍കയെന്നാണ് റയോയെ ജനങ്ങള്‍ വിളിക്കുന്നത്.
ഇല്ലസ്ട്രേറ്ററായ റയോ, 1999 ല്‍ പ്രസിദ്ധീകരിച്ച ദ് ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകമാണ് ജപ്പാന്‍കാരുടെ ആശങ്കയ്ക്ക് കാരണം. 2011 ലെ ഭൂകമ്പം റയോ 1999ല്‍ തന്നെ പ്രവചിച്ചിരുന്നു. 2011 മാര്‍ച്ചില്‍ മഹാദുരന്തമുണ്ടാകുമെന്നായിരുന്നു റയോ കുറിച്ചത്. 2021 ല്‍ കുറേക്കൂടി ഭീതിദമായ വിവരങ്ങളാണ് റയോ വെളിപ്പെടുത്തിയത്. ജപ്പാനും ഫിലിപ്പീന്‍സിനും ഇടയിലുള്ള സമുദ്രാന്തര്‍ ഫലകം വിണ്ടുകീറും. നാലുദിക്കിലേക്കും മാനം മുട്ടുന്ന തിരമാലകള്‍ ആഞ്ഞടിക്കും. 2011 ല്‍ ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്തുണ്ടായതിനെക്കാള്‍ മൂന്നിരട്ടി വലിപ്പത്തില്‍ സൂനാമിത്തിരകള്‍ ആഞ്ഞടിക്കും’- എന്നാണ് പ്രവചനത്തില്‍ പറയുന്നത്.
എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത്തരം പ്രവചനങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. റയോയുടെ പ്രവചനം ചര്‍ച്ചയായതിന് പിന്നാലെ ആളുകള്‍ കൂട്ടത്തോടെ വിമാനയാത്ര ഉപേക്ഷിച്ചു. വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇതോടെ ഏകദേശം 3.9 ബില്യണ്‍ ഡോളര്‍ (33,438.6 കോടി രൂപ) നഷ്ടമാണ് ജപ്പാനുണ്ടാകുകയെന്ന് നൊമുറോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നു. 30 ശതമാനത്തോളം ഇടിവാണ് വിമാന ടിക്കറ്റ് ബുക്കിങിലുണ്ടായത്. . മാര്‍ച്ച് 28ന് മ്യാന്‍മറിലുണ്ടായ ഭൂചലനമാണ് ജപ്പാനിലും വന്‍ ഭൂകമ്പമുണ്ടാകുമെന്ന ആശങ്കയേറ്റുന്നത്. റയോയുടെ പ്രവചനം യാഥാര്‍ഥ്യമാകാന്‍ പോകുന്നതിന് മുന്നോടിയാണിതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.