
കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ ഏകദേശം 5.82 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയതായി ധനകാര്യ മന്ത്രാലയം. 2024–25 കാലയളവിൽ പൊതുമേഖലാ ബാങ്കുകള്‍ 91,260 കോടി എഴുതിത്തള്ളി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 1.15 ലക്ഷം കോടി രൂപയായിരുന്നുവെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. 2020–21 കാലയളവിൽ 1.33 ലക്ഷം കോടിയാണ് എഴുതിത്തള്ളിയത്. തൊട്ടടുത്ത വര്‍ഷം ഇത് 1.16 ലക്ഷം കോടിയായും 2022–23 ൽ 1.27 ലക്ഷം കോടിയായും കുറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ ഏകദേശം 1.65 ലക്ഷം കോടി തിരിച്ചുപിടിച്ചു.
കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലെ മൊത്തം എഴുതിത്തള്ളലിന്റെ ഏകദേശം 28% ആണ് വീണ്ടെടുക്കലെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ എഴുതിത്തള്ളുന്നതുകൊണ്ട് വായ്പ എടുത്തവര്‍ ബാധ്യതകളിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്ന് മന്ത്രി പറഞ്ഞു. വായ്പ എടുത്തവർ വ്യക്തികളായാലും കമ്പനികളായാലും ബാങ്കുകളുടെ ബാധ്യതക്കാരായി തുടരുന്നതിനാല്‍ വീണ്ടെടുക്കൽ നടപടികൾ തുടര്‍ന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. സർഫാസി നിയമപ്രകാരം ബാങ്കുകൾ 32,466 കോടിയോളം രൂപ തിരിച്ചുപിടിച്ചതായി മറ്റൊരു ചോദ്യത്തിന് മറുപടിയായി ചൗധരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.