25 February 2026, Wednesday

Related news

February 25, 2026
February 23, 2026
February 22, 2026
February 10, 2026
February 6, 2026
February 3, 2026
January 28, 2026
January 24, 2026
January 9, 2026
January 8, 2026

ഇടുക്കിയിലെ ഏലം കർഷകർക്ക് അഞ്ച് കോടി അനുവദിച്ചു: പി പ്രസാദ്

Janayugom Webdesk
തിരുവനന്തപുരം
February 25, 2026 9:34 pm

ഇടുക്കി ജില്ലയിൽ കടുത്ത വരൾച്ച മൂലം കൃഷിനാശം നേരിട്ട ഏലം കർഷകർക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ അഞ്ച് കോടി രൂപ കൂടി അനുവദിച്ചതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. 2025ൽ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിൽ നിന്നും അനുവദിച്ച 10 കോടി രൂപയ്ക്ക് പുറമെയാണ് ഇപ്പോൾ ഈ തുക അനുവദിച്ചിരിക്കുന്നത്. ഇതോടെ കർഷകരുടെ പ്രതിസന്ധി പരിഹരിക്കാനായി സർക്കാർ മൊത്തം 15 കോടി രൂപയാണ് വിനിയോഗിക്കുന്നത്.
2024 ഫെബ്രുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ അനുഭവപ്പെട്ട അപൂർവമായ കടുത്ത വരൾച്ച, ജലക്ഷാമം, ഉയർന്ന താപനില, മണ്ണിലെ ഈർപ്പക്കുറവ് എന്നിവ ഏലം കൃഷിയെ ഗുരുതരമായി ബാധിച്ചിരുന്നു. ഇതിനെത്തുടർന്ന് ജില്ലയിൽ ആകെ 4364.4 ഹെക്ടർ സ്ഥലത്തെ ഏലം കൃഷിയാണ് നശിച്ചത്. ഇത് ഏലം കൃഷി മുഖ്യജീവനോപാധിയായ ചെറുകിട, ഇടത്തരം കർഷകർക്ക് വലിയ തിരിച്ചടിയുണ്ടാക്കുകയും അവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഇടുക്കി വികസന പാക്കേജിന്റെ നിലവിലെ മാർഗരേഖയിൽ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യക്തമായ വ്യവസ്ഥകൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ, കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം പ്രത്യേക ഇളവ് നൽകിയാണ് ഇപ്പോൾ ഈ തുക അനുവദിച്ചത്. 

നേരത്തെ അനുവദിച്ച 10 കോടി രൂപ ഏലത്തോട്ടങ്ങളുടെ പുനർജീവനത്തിനായി നടീൽ വസ്തുക്കൾ വാങ്ങുന്നതിനും ജീവാണു വളങ്ങൾ വിതരണം ചെയ്യുന്നതിനുമായാണ് വിനിയോഗിച്ചു വരുന്നത്. ഇപ്പോൾ പുതിയതായി അനുവദിച്ച അഞ്ച് കോടി രൂപ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാനും കൂടുതൽ ദുരിതബാധിതരായ കർഷകർക്ക് സഹായമെത്തിക്കാനും ഉപകരിക്കും. കർഷകരുടെ വരുമാന നഷ്ടം കുറയ്ക്കുന്നതിനൊപ്പം അവരുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കാനും ഇത് ശക്തമായ പിന്തുണയാകും. വികസന പാക്കേജിൽ ആവശ്യമായ ഇളവ് വരുത്തി കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത് കർഷകക്ഷേമത്തിന് സർക്കാർ നൽകുന്ന പ്രാഥമികതയുടെയും സമയോചിത ഇടപെടലിന്റെയും തെളിവാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനങ്ങളുടെ വെല്ലുവിളികൾ ഉയരുന്ന സാഹചര്യത്തിൽ കാർഷിക മേഖലയെ കൂടുതൽ പ്രതിരോധ ശേഷിയുള്ളതാക്കാനും കർഷകരെ സാമ്പത്തികമായി സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമായി മുന്നോട്ട് പോകുന്നുവെന്ന ശക്തമായ സന്ദേശമാണ് ഈ തീരുമാനം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.