
പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി ഛത്തീസ്ഗഢ് സര്‍ക്കാര്‍. റായ്പൂർ മുനിസിപ്പൽ കോർപറേഷനാണ് പ്രതിഷേധം പ്രകടനങ്ങള്‍ നടത്തുന്നതിന് 500 രൂപ ഫീസ് ചുമത്തിക്കൊണ്ട് ഉത്തരവിറക്കിയത്. പന്തല്‍ കെട്ടി പ്രതിഷേധിക്കുന്നതിന് പ്രത്യേക ചാര്‍ജ് വേറെയും ഈടാക്കും. ചരുരശ്ര അടിക്ക് അഞ്ച് രൂപ വീതമായിരിക്കും ഈടാക്കുക.
പുതിയ നിര്‍ദേശങ്ങള്‍ മുനിസിപ്പൽ യോഗത്തിൽ ഏകകണ്ഠമായി പാസാക്കിയതായാണ് റിപ്പോര്‍ട്ട്. നഗരത്തിലെ പ്രധാന പ്രതിഷേധ സ്ഥലമായ ടുട്ട ധർണ സ്ഥലിൽ പരിപാടികള്‍ നടത്തുന്നതിന് നേരത്തെ റായ്പൂര്‍ കളക്ടർ രണ്ട് മാസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശത്ത് അറ്റകുറ്റ പണികള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. ഇതിന് പിന്നാലെയാണ് കോർപറേഷനും പണം അടയ്ക്കണമെന്ന നിബന്ധനയുമായി രംഗത്തെത്തിയത്.
സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജനാധിപത്യാവകാശങ്ങൾക്കു നേരെയുള്ള കടന്നുകയറ്റമാണിതെന്ന് പ്രതിപക്ഷവും സാമൂഹ്യപ്രവര്‍ത്തകരും വിമര്‍ശിച്ചു. സ്വാഭാവിക ജനാധിപത്യ പ്രതിഷേധങ്ങളെ നിയന്ത്രണങ്ങൾക്ക് വിധേയമാക്കി അവയെ ഇല്ലാതാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം കോര്‍പറേഷൻ നടപടിയെ ന്യായീകരിച്ചുകൊണ്ട് ബിജെപി നേതാവും മേയറുമായ മീനാൽ ചൗബെ രംഗത്തെത്തി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും പൊതുസ്ഥലങ്ങളുടെയും അറ്റകുറ്റ പണികള്‍ നടത്തുന്നതിനും തീരുമാനം സഹായകമാകുമെന്ന് മേയര്‍ പറഞ്ഞു. കൂടാതെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നവരുടെ പൂര്‍ണ വിവരങ്ങളും ഉദ്ദേശ്യവും അറിയാൻ ഇതിലൂടെ കഴിയുമെന്നും ചൗബെ പറഞ്ഞു.
അതേസമയം ഫീസ് 1,000 രൂപയായി ഉയർത്താനും പദ്ധതിയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.