ആഗോള രാജ്യങ്ങളിലെ മാതൃമരണ കണക്കില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യ. ലോകത്ത് മാതൃമരണം (എംഎംആര്‍) ഏറ്റവും കുടുതല്‍ സംഭവിക്കുന്ന നൈജീരിയയ്ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 19,000 മാതൃമരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതായത് ആഗോള മരണത്തിന്റെ 7.2 ശതമാനം. ഓരോ ദിവസും 52 മാതൃമരണങ്ങള്‍ ഇന്ത്യയില്‍ സംഭവിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഗര്‍ഭകാലത്തുണ്ടാകുന്ന മരണം, പ്രസവിച്ച് 42 ദിവസത്തിനിടെയുണ്ടാകുന്ന മരണം എന്നിവയാണ് മാതൃമരണ നിരക്കിന്റെ ഗണത്തില്‍പ്പെടുന്നത്. 2023 ൽ ഓരോ രണ്ടു മിനിറ്റിലും ഒരു മാതൃമരണം സംഭവിക്കുന്നതായി ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. നൈജീരിയ, കോംഗോ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ യഥാക്രമം 75,000, 19,000, 11,000 മാതൃമരണം രേഖപ്പെടുത്തി. ആഗോള തലത്തില്‍ മാതൃമരണ നിരക്കില്‍ 47 ശതമാനം സംഭാവനയും ഈ നാല് രാജ്യങ്ങളില്‍ നിന്നായിരുന്നു.
പ്രസവാനന്തര രക്തസ്രാവം, അമിത രക്തസ്രാവം, അല്ലെങ്കില്‍ ഗര്‍ഭിണികളായ സ്ത്രീകളില്‍ കാണപ്പെടുന്ന എക്സംസിയ പോലുള്ള പ്രസവ സംബന്ധമായ സങ്കീര്‍ണതകള്‍ തുടങ്ങിയവ മാതൃമരണത്തിന് ഇടവരുത്തുന്നു. ഗര്‍ഭകാലത്ത് പിടിപെടുന്ന ഏതെങ്കിലും രോഗം മൂലം സ്ത്രീകള്‍ മരിച്ചാലും മാതൃമരണ നിരക്കിലാണ് ഇവയും ഉള്‍പ്പെടുത്തുക. ഇന്ത്യയില്‍ ഒരു ലക്ഷം ജനനങ്ങളില്‍ 80 മരണം എന്നതാണ് മാതൃമരണനിരക്ക്. ജനസംഖ്യയുമായി ഇന്ത്യയോട് താരതമ്യം ചെയ്യാന്‍ കഴിയുന്ന ചൈനയില്‍ 2023 ല്‍ 1400 മാതൃമരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2000 ത്തില്‍ 56 ആയിരുന്ന ചൈനയിലെ മാതൃമരണ നിരക്ക് 2025 ആയപ്പോഴേക്കും 16 ആയി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 2000 ത്തില്‍ 362 ആയിരുന്ന മാതൃമരണനിരക്ക് ആരോഗ്യപ്രവര്‍ത്തനങ്ങളിലൂടെ 80 ആയി കുറയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
ലോകാരോഗ്യ സംഘടന എംഎംആര്‍ അനുസരിച്ച് നാല് വിഭാഗങ്ങളായാണ് ലോക രാജ്യങ്ങളെ തിരിച്ചിരിക്കുന്നത്. ഇതില്‍ ഉയര്‍ന്ന ഗണത്തില്‍ (300 നും 400 ഇടയില്‍ മരണം) 14 രാജ്യങ്ങളാണ് സ്ഥാനം പിടിച്ചത്. 43 രാജ്യങ്ങള്‍ മിതമായ (100–299) പട്ടികയിലാണ്. 129 രാജ്യങ്ങളില്‍ കുറഞ്ഞ എംഎംആര്‍ (100 ല്‍ താഴെ) പട്ടികയില്‍ വരും. 74 രാജ്യങ്ങളിലാണ് വളരെ താഴ്ന്ന മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
മാതൃമരണത്തിന്റെ എണ്ണം പരിഗണിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയത് ഗുരുതരമായ സ്ഥിതിവിശേഷം ഇന്ത്യയില്‍ തുടരുന്നു എന്നാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് പോഷകാഹാര ദൗര്‍ലഭ്യം കാരണം ഗര്‍ഭിണികള്‍ക്ക് വിളര്‍ച്ച രോഗം പിടിപെടുന്നത് വന്‍തോതില്‍ വര്‍ധിക്കുന്നതായി ദേശീയ ആരോഗ്യ സര്‍വേ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു. വിളര്‍ച്ചയും അനുബന്ധ രോഗങ്ങളും മാതൃമരണ നിരക്കിലേക്ക് നയിക്കുന്ന സ്ഥിതിവിശേഷം സംജാതമായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇവ പരിഹരിക്കാന്‍ യാതൊരു നീക്കവും ആരംഭിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.