പിഎം കെയേഴ്സ് ഫണ്ടിന് കഴിഞ്ഞ മൂന്നു വർഷത്തിനിടെ വിദേശത്തുനിന്നും ധനസഹായമായി ലഭിച്ചത് 535.44 കോടി രൂപ. ബാങ്ക് അക്കൗണ്ട് ഇടപാട് രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020ൽ രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ടിന് 2019–20 കാലയളവിൽ 40 ലക്ഷവും 2020–21 കാലയളവിൽ 494.92 കോടിയും, 2021–22 കാലയളവിൽ 40.12 കോടിയും വിദേശ ധനസഹായം ലഭിച്ചു.
2019–20 മുതൽ 2021–22 വരെയുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിലായി പിഎം കെയേഴ്സ് ഫണ്ടിന് വിദേശ സംഭാവനാ അക്കൗണ്ടിന്റെ പലിശയിനത്തില്‍ 24.85 കോടി വരുമാനം ലഭിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി പടർന്നുപിടിച്ച 2020–21 സാമ്പത്തിക വർഷത്തിൽ വിദേശ സംഭാവനകൾ കൂടുതലായിരുന്നുവെന്നും തുടര്‍ന്നുള്ള സാമ്പത്തിക വർഷങ്ങളില്‍ ഇത് കുത്തനെ ഇടിഞ്ഞതായും കണക്കുകൾ കാണിക്കുന്നു. പിഎം കെയേഴ്‌സ് ഫണ്ടിലേക്കുള്ള വിദേശ സംഭാവനകളെ എഫ്സിആര്‍എ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സന്നദ്ധ സംഘടനകളിൽനിന്നും വ്യക്തികളില്‍ നിന്നുമുള്ള സംഭാവനകളും 2020–21 ലെ 7,183.77 കോടിയിൽ നിന്ന് 2021–22 ൽ 1,896.76 കോടി രൂപയായി കുറഞ്ഞു. 2019–20 കാലയളവിൽ സന്നദ്ധ സംഘടനകളിൽനിന്നുള്ള സംഭാവനകൾ 3,075.85 കോടിയായിരുന്നു. 2019–22 വരെയുള്ള മൂന്നു വർഷ കാലയളവിനുള്ളിൽ ആകെ 12,691.82 കോടിയാണ് പിഎം കെയേഴ്സ് ഫണ്ടിന് ലഭിച്ചത്. ഇതിൽ 12,156.39 സന്നദ്ധ സംഘടനകളിൽനിന്നും 535.43 കോടി വിദേശത്തുനിന്നുമാണ്. 2022 മാർച്ച് 31 വരെ, 5,415.65 കോടി രൂപ ഫണ്ടിൽ അവശേഷിക്കുന്നു. നിക്ഷേപത്തില്‍ നിന്നും ലഭിച്ച ആകെ പലിശ വരുമാനം 263.98 കോടി രൂപയാണ്.
2020 സെപ്റ്റംബറിൽ വിവരാവകാശ നിയമത്തിന്റെ ചോദ്യത്തിന് മറുപടിയായി ഇളവിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചു. 2020 മാർച്ച് 27ന് 1908ലെ രജിസ്ട്രേഷൻ ആക്ട് പ്രകാരം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായിട്ടാണ് പിഎം കെയേഴ്സ് ഫണ്ട് ന്യൂഡൽഹിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി എക്സ് ഒഫിഷ്യോ ചെയര്‍മാനായ ഫണ്ടിന്റെ ട്രസ്റ്റിമാര്‍ ആഭ്യന്തര, ധന, പ്രതിരോധ മന്ത്രിമാരാണ്. ഫണ്ടിന്റെ ചെലവഴിക്കലും പണം സ്വരൂപിക്കലുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.
English Summary;535 crore foreign contribution to PM CARES fund
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.