17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 15, 2024
October 24, 2024
October 17, 2024
September 9, 2024
September 3, 2024
September 1, 2024
August 17, 2024
August 17, 2024
August 16, 2024
August 15, 2024

2022ലെ സംസ്ഥാന ചലചിത്രപുരസ്കാരങ്ങളുടെ പൂര്‍ണരൂപം

web desk
July 21, 2023 8:01 pm

2022ലെ സംസ്ഥാന ചലചിത്രപുരസ്കാരങ്ങളുടെ പൂര്‍ണരൂപം

രചനാ വിഭാഗം

മികച്ച ചലച്ചിത്രഗ്രന്ഥം — സിനിമയുടെ ഭാവനാദേശങ്ങള്‍
ഗ്രന്ഥകര്‍ത്താവ് — സി എസ് വെങ്കിടേശ്വരന്‍

മലയാള സിനിമയിലെ സമീപകാല പ്രമേയങ്ങളും ആവിഷ്‌കാരങ്ങളും സ്രഷ്ടാക്കളുടെ സമീപനരീതിയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത് അവയുടെ രാഷ്ട്രീയവും സാങ്കേതികവും ലാവണ്യപരവുമായ ഘടകങ്ങളെ അപഗ്രഥിക്കുന്നതാണ് ഈ കൃതി. പ്രതിപാദ്യത്തെക്കുറിച്ച് രചയിതാവിനുള്ള കാഴ്ചപ്പാട് ലളിതസുഗ്രഹമായി വ്യക്തമാക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ. ‘വിഗതകുമാരനി‘ല്‍ തുടങ്ങി മള്‍ട്ടിപ്ലക്‌സിലേക്കു വളര്‍ന്ന മലയാള സിനിമയുടെ ചരിത്രാവലോകനം കൂടിയായി അത് മാറുന്നു.

മികച്ച ചലച്ചിത്ര ലേഖനം — പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം
ലേഖകന്‍ — സാബു പ്രവദാസ്

വിഖ്യാതമായ ആദ്യകാല സിനിമകളുടെ പഴകിപ്പൊളിഞ്ഞ പ്രിന്റുകളുടെ പുനഃസ്ഥാപനം ലോകമെങ്ങും അതീവ ഗൗരവത്തോടെ കാണുന്ന പ്രക്രിയയാണ്. വിസ്മൃതിയിലാണ്ടുപോയേക്കാവുന്ന മഹത്തായ സൃഷ്ടികള്‍ വരുംതലമുറകള്‍ക്കായി സാങ്കേതികത്തികവോടെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു പറയുന്നു ഈ ലേഖനം.

ചലച്ചിത്ര വിഭാഗം

മികച്ച ചിത്രം — നന്‍ പകല്‍ നേരത്ത് മയക്കം
സംവിധായകന്‍ — ലിജോ ജോസ് പെല്ലിശ്ശേരി
നിര്‍മ്മാതാവ് — ജോര്‍ജ്ജ് സെബാസ്റ്റ്യന്‍

മരണവും ജനനവും സ്വപ്നവും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന ആഖ്യാനത്തിലൂടെ ദാര്‍ശനികവും മാനവികവുമായ ചോദ്യങ്ങളുയര്‍ത്തുന്ന ചിത്രം. അതിര്‍ത്തികള്‍ രൂപപ്പെടുന്നത് മനുഷ്യരുടെ മനസ്സിലാണ് എന്ന യാഥാര്‍ത്ഥ്യത്തെ പ്രഹേളികാ സമാനമായ ബിംബങ്ങളിലൂടെ ആവിഷ്‌കരിക്കുന്നു ഈ സിനിമ. നവീനമായ ഒരു ദൃശ്യഭാഷയുടെ സമര്‍ത്ഥമായ ഉപയോഗത്തിലൂടെ ബഹുതല വ്യാഖ്യാന സാധ്യതകള്‍ തുറന്നിടുന്ന വിസ്മയകരമായ ദൃശ്യാനുഭവം.

മികച്ച രണ്ടാമത്തെ ചിത്രം — അടിത്തട്ട്
സംവിധായകന്‍ — ജിജോ ആന്റണി
നിര്‍മ്മാതാവ് — ഗോഡ്‌ജോ ജെ

ഉപജീവനമാര്‍ഗം തേടി കടല്‍നടുവിലെത്തിയ മനുഷ്യരുടെ പകയുടെയും പ്രതികാരത്തിന്റയും തീക്ഷ്ണമായ ആവിഷ്‌കാരം. ഉള്‍ക്കടലിലെ ഒരു ബോട്ടിനകത്തെ പരിമിതവൃത്തത്തില്‍ നിന്നുകൊണ്ട് മനുഷ്യരിലെ ആദിമവും വന്യവുമായ ചോദനകളെ പച്ചയായി അവതരിപ്പിക്കുന്നു ഈ സിനിമ.

മികച്ച സംവിധായകന്‍ — മഹേഷ് നാരായണന്‍
ചിത്രം — അറിയിപ്പ്

ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ താഴ്ന്ന മധ്യവര്‍ഗക്കാരായ മലയാളി ദമ്പതിമാര്‍ കോവിഡ് ലോക്ഡൗണ്‍ കാലത്ത് അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും ജീവിത സംഘര്‍ഷങ്ങളും അതിവൈകാരികതയിലേക്ക് വഴുതിപ്പോവാതെ അസാമാന്യമായ ശില്‍പ്പഭദ്രതയോടെ ആവിഷ്‌കരിച്ച സംവിധാന മികവിന്.

മികച്ച നടന്‍ — മമ്മൂട്ടി
ചിത്രം — നന്‍ പകല്‍ നേരത്ത് മയക്കം

മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂര്‍വ്വവും വിസ്മയകരവുമായ ഭാവാവിഷ്‌കാരമികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയില്‍ പകര്‍ന്നാടിയ അഭിനയത്തികവ്. ജയിംസ് എന്ന മലയാളിയില്‍ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ടു ദേശങ്ങള്‍, രണ്ടു ഭാഷകള്‍, രണ്ടു സംസ്‌കാരങ്ങള്‍ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച മഹാപ്രതിഭ.

മികച്ച നടി — വിന്‍സി അലോഷ്യസ്
ചിത്രം — രേഖ

ഉത്തര കേരളത്തിലെ ഒരു നാട്ടിന്‍പുറത്തുകാരിയുടെ പ്രാദേശികത്തനിമയാര്‍ന്ന സ്വഭാവവിശേഷങ്ങളും പ്രണയവും പ്രതിരോധവും തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച അഭിനയ മികവിന്.

മികച്ച സ്വഭാവനടന്‍ — പി പി കുഞ്ഞികൃഷ്ണന്‍
ചിത്രം — ന്നാ താന്‍ കേസ് കൊട്

കോടതി നടപടികളുടെ ഗൗരവം കൈവിടാതെയും അതേസമയം നര്‍മ്മം നിലനിര്‍ത്തിക്കൊണ്ടും സവിശേഷമായ പെരുമാറ്റ രീതികളുള്ള ഒരു മജിസ്‌ട്രേറ്റിന്റെ വേഷം മികവുറ്റതാക്കിയ പ്രകടനത്തിന്.

മികച്ച സ്വഭാവനടി — ദേവി വര്‍മ്മ
ചിത്രം — സൗദി വെള്ളക്ക

അവിചാരിതമായ ഒരു തെറ്റിന്റെ പേരില്‍ കാലങ്ങളോളം കോടതി കയറിയിറങ്ങേണ്ടി വരുന്ന അയിഷ റാവുത്തര്‍ എന്ന ഏകാകിയായ പോരാളിയുടെ ഉള്ളിലടക്കിപ്പിടിച്ച ആത്മ സംഘര്‍ഷങ്ങളെ അവിസ്മരണീയമാക്കിയതിന്.

മികച്ച ബാലതാരം (ആണ്‍) — മാസ്റ്റര്‍ ഡാവിഞ്ചി
ചിത്രം — പല്ലൊട്ടി 90’കിഡ്‌സ്

ദരിദ്രമായ കുടുംബാന്തരീക്ഷത്തില്‍ കഴിയുമ്പോഴും കളിക്കൂട്ടുകാരന് താങ്ങായും തുണയായും നിലകൊള്ളുന്ന കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ സൗഹൃദവും സ്‌നേഹവും സഹനങ്ങളും ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചതിന്.

മികച്ച ബാലതാരം (പെണ്‍) — തന്മയ സോള്‍ എ
ചിത്രം — വഴക്ക്

അരക്ഷിതവും സംഘര്‍ഷഭരിതവുമായ ഗാര്‍ഹികാന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പര്‍ശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിന്.

മികച്ച കഥാകൃത്ത് — കമല്‍ കെ എം
ചിത്രം — പട

ആദിവാസി ഭൂനിയമഭേദഗതിക്കെതിരായി കേരളത്തില്‍ നടന്ന വ്യത്യസ്തമായ ഒരു പ്രതിഷേധത്തെ ചലച്ചിത്രത്തിനുതകുന്ന ഒരു കഥയായി പരിവര്‍ത്തിപ്പിച്ച രചനാ മികവിന്.

മികച്ച ഛായാഗ്രാഹകര്‍ — 1. മനേഷ് മാധവന്‍, 2. ചന്ദ്രു സെല്‍വരാജ്
ചിത്രങ്ങള്‍ — 1. ഇല വീഴാ പൂഞ്ചിറ, 2. വഴക്ക്

സാങ്കേതികതയുടെയും ഭാവനയുടെയും അതിവിദഗ്ധമായ സമന്വയത്തിലൂടെ കഥയോടും അതിന്റെ ആഖ്യാനത്തോടും പൂര്‍ണമായി നീതി പുലര്‍ത്തുന്ന ദൃശ്യങ്ങളൊരുക്കിയ ഛായാഗ്രഹണ പാടവത്തിന്.

മികച്ച തിരക്കഥാകൃത്ത് — രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ചിത്രം — ന്നാ താന്‍ കേസ് കൊട്

നിസ്സാരമായ ഒരു വിഷയത്തില്‍ തുടങ്ങി അധികാരവും കോടതിയും ഇടപെടുന്ന ഗൗരവമാര്‍ന്ന ഒരു സാമൂഹിക പ്രശ്‌നത്തിലേക്ക് വളരുന്ന കഥാഗതിയെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയില്‍ പൊതിഞ്ഞ് രസകരമായി അവതരിപ്പിച്ച രചനാ വൈഭവത്തിന്.

മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍) — രാജേഷ് കുമാര്‍ ആര്‍. ചിത്രം — ഒരു തെക്കന്‍ തല്ല് കേസ്

ജി.ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയുടെ സത്ത ചോരാതെ ദൃശ്യഭാഷയിലേക്ക് അനുവര്‍ത്തനം നടത്തിയ ആഖ്യാന മികവിന്.

മികച്ച ഗാനരചയിതാവ് — റഫീക്ക് അഹമ്മദ്
ഗാനം — തിരമാലയാണു നീ.…
ചിത്രം — വിഡ്ഢികളുടെ മാഷ്

ചലച്ചിത്ര ഗാനസാഹിത്യത്തിന്റെ പതിവ് ബിംബകല്‍പ്പനകളില്‍ നിന്ന് വ്യത്യസ്തമായി കവിതയോട് ചേര്‍ന്നുനില്‍ക്കുന്ന വരികളൊരുക്കിയ രചനാപാടവത്തിന്.

മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍) — എം ജയചന്ദ്രന്‍ ഗാനങ്ങള്‍ — 1. മയില്‍പ്പീലി ഇളകുന്നു കണ്ണാ.., 2. കറുമ്പനിന്നിങ്ങ്.., 3. ആയിഷാ ആയിഷാ
ചിത്രങ്ങള്‍ — 1, 2. പത്തൊന്‍പതാം നൂറ്റാണ്ട്, 3. ആയിഷ

സംഗീത വാദ്യങ്ങളുടെ നിയന്ത്രിതവും താളാത്മകവുമായ പ്രയോഗത്തിലൂടെ നാടന്‍ശീലുകളും ഭക്തിരസവും പ്രണയഭാവങ്ങളും കലര്‍ന്ന ഗാനങ്ങള്‍ ‘പത്തൊന്‍പതാം നൂറ്റാണ്ടിനും’ അറേബ്യന്‍ സംഗീതത്തിന്റെ സ്പര്‍ശമുള്ള ഗാനങ്ങള്‍ ‘ആയിഷ’ എന്ന ചിത്രത്തിനും തികച്ചും വൈവിധ്യമാര്‍ന്ന രീതിയില്‍ ഒരുക്കിയ സംഗീത സംവിധാന മികവിന്.

മികച്ച സംഗീത സംവിധായകന്‍ — ഡോണ്‍ വിന്‍സെന്റ്
(പശ്ചാത്തല സംഗീതം)
ചിത്രം — ന്നാ താന്‍ കേസ് കൊട്

ശബ്ദമുഖരിതമായ കഥാപശ്ചാത്തലത്തില്‍ സംഭാഷണങ്ങളെ തടസ്സപ്പെടുത്താതെ വൈകാരികതയുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസൃതമായി സംഗീത സന്നിവേശം നടത്തിയ മികവിന്.

മികച്ച പിന്നണി ഗായകന്‍ — കപില്‍ കപിലന്‍
ഗാനം — കനവേ മിഴിയിലുണരേ…
ചിത്രം — പല്ലൊട്ടി 90′ കിഡ്‌സ്

അക്ഷരങ്ങളുടെ ഉച്ചാരണഭംഗിയും ശ്രുതിശുദ്ധമായ ആലാപനവും കൊണ്ട് മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്തിന് പുതുവാഗ്ദാനമായ ശബ്ദം.

മികച്ച പിന്നണി ഗായിക — മൃദുല വാര്യര്‍
ഗാനം — മയില്‍പ്പീലി ഇളകുന്നു കണ്ണാ…
ചിത്രം — പത്തൊന്‍പതാം നൂറ്റാണ്ട്

ചടുലതയാര്‍ന്ന ഒരു നൃത്ത രംഗത്തിനുവേണ്ടിയുള്ള ഭാവം അല്‍പ്പം പോലും ചോര്‍ന്നു പോകാതെ ലാസ്യഭാവവും ശ്രുതിശുദ്ധിയും നിലനിര്‍ത്തിയ ആലാപന ചാരുതയ്ക്ക്.

മികച്ച ചിത്രസംയോജകന്‍ — നിഷാദ് യൂസഫ്
ചിത്രം — തല്ലുമാല

വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍, സങ്കീര്‍ണമായ സാഹചര്യങ്ങള്‍ എന്നിവയെ അതിവിദഗ്ധമായി സമന്വയിപ്പിച്ചുകൊണ്ട് സിനിമയുടെ ആഖ്യാനത്തെ സുഗമമായി സംഗ്രഹിക്കുന്ന ദൃശ്യസന്നിവേശ പാടവത്തിന്

മികച്ച കലാസംവിധായകന്‍ — ജ്യോതിഷ് ശങ്കര്‍
ചിത്രം — ന്നാ താന്‍ കേസ് കൊട്

കഥാസന്ദര്‍ഭത്തിന് ഇണങ്ങുംവിധം അതിഭാവുകത്വമില്ലാത്തതും യുക്തിഭദ്രവുമായ പശ്ചാത്തലമൊരുക്കിയ കലാവിരുതിന്.

മികച്ച സിങ്ക് സൗണ്ട് — വൈശാഖ് പി വി
ചിത്രം — അറിയിപ്പ്

യഥാര്‍ത്ഥ അന്തരീക്ഷത്തിലെ ശബ്ദപഥങ്ങള്‍ക്കു മേല്‍ പിടിമുറുക്കിക്കൊണ്ട് വിവിധ വീക്ഷണകോണുകള്‍ നിലനിര്‍ത്തുന്ന തല്‍സമയ ശബ്ദലേഖന മികവിന്.

മികച്ച ശബ്ദമിശ്രണം — വിപിന്‍ നായര്‍
ചിത്രം — ന്നാ താന്‍ കേസ് കൊട്

ശബ്ദപഥങ്ങളും ഇഫക്ട്‌സും പശ്ചാത്തല സംഗീതവും തികച്ചും സന്തുലിതവും അതിവിദഗ്ധവുമായി മിശ്രണം ചെയ്ത സാങ്കേതിക വൈഭവത്തിന്.

മികച്ച ശബ്ദരൂപകല്‍പ്പന — അജയന്‍ അടാട്ട്
ചിത്രം — ഇല വീഴാ പൂഞ്ചിറ

സ്വാഭാവിക ശബ്ദഘടകങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ട് ശബ്ദത്തിന്റെ മിതമായ പ്രയോഗത്തിലൂടെ ത്രസിപ്പിക്കുന്ന, ഉദ്വേഗജനകമായ കഥാന്തരീക്ഷം പ്രേക്ഷകനെ അനുഭവിപ്പിച്ച ശബ്ദരൂപകല്‍പ്പനയ്ക്ക്.

മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ് — 1. ആഫ്റ്റര്‍ സ്റ്റുഡിയോസ്/ റോബര്‍ട്ട് ലാംഗ് സി.എസ്.ഐ.
2. ഐജീന്‍ ഡിഐ ആന്റ് വി എഫ് എക്‌സ്/ആര്‍ രംഗരാജന്‍
ചിത്രം — 1. ഇല വീഴാ പൂഞ്ചിറ | 2. വഴക്ക്

ചിത്രങ്ങളുടെ ദുരൂഹവും ശോകാത്മകവുമായ ദൃശ്യങ്ങളെ അതിന്റെ പാരമ്യത്തിലേക്കുയര്‍ത്തുന്ന വര്‍ണ പരിചരണ മികവിന്.

മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് — റോണക്‌സ് സേവ്യര്‍
ചിത്രം — ഭീഷ്മപര്‍വ്വം

1980 കളിലെ കൊച്ചി പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ കഥയ്ക്കിണങ്ങുന്ന വിധം കൃത്രിമത്വമില്ലാതെ കഥാപാത്രങ്ങളെ ചമയിച്ചൊരുക്കിയ കലാപാടവത്തിന്.

മികച്ച വസ്ത്രാലങ്കാരം — മഞ്ജുഷ രാധാകൃഷ്ണന്‍
ചിത്രം — സൗദി വെള്ളക്ക

ചിത്രത്തിലെ കഥാപാത്രങ്ങളുടെ സ്വഭാവത്തിനും കഥ നടക്കുന്ന പശ്ചാത്തലത്തിനും ഉതകുന്ന വിധം വിവിധ വേഷപ്പകര്‍ച്ചകളെ തന്മയത്വത്തോടെ അണിയിച്ചൊരുക്കിയ വസ്ത്രാലങ്കാര വൈദഗ്ധ്യത്തിന്.

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) — ഷോബി തിലകന്‍
ചിത്രം — പത്തൊന്‍പതാം നൂറ്റാണ്ട്
കഥാപാത്രം — പടവീടന്‍ തമ്പി

ചിത്രത്തില്‍ സുദേവ് നായര്‍ അവതരിപ്പിച്ച പടവീടന്‍ തമ്പി എന്ന കഥാപാത്രത്തിന്റെ ക്രൂരഭാവങ്ങള്‍ക്കനുസൃതമായി ശബ്ദം പകര്‍ന്ന മികവിന്.

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) — പൗളി വല്‍സന്‍
ചിത്രം — സൗദി വെള്ളക്ക
കഥാപാത്രം — അയിഷ റാവുത്തര്‍

അയിഷ റാവുത്തര്‍ എന്ന കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷങ്ങള്‍ പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന വിധം തന്മയത്വത്തോടെ ശബ്ദം പകര്‍ന്നതിന്

മികച്ച നൃത്തസംവിധാനം — ഷോബി പോള്‍രാജ്
ചിത്രം — തല്ലുമാല

സിനിമയുടെ പൊതുവായ ദ്രുതതാളം നിലനിര്‍ത്തിക്കൊണ്ട് ചടുലമായ ചുവടുകള്‍ ഒരുക്കിയ നൃത്തസംവിധാന പാടവത്തിന്.

ജനപ്രീതിയും കലാമേന്മയുമുള്ള — ന്നാ താന്‍ കേസ് കൊട്
മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്
നിര്‍മ്മാതാവ് — സന്തോഷ് ടി കുരുവിള
സംവിധായകന്‍ — രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍

അധികാരമില്ലാത്ത സാധാരണ മനുഷ്യര്‍ നേരിടുന്ന പ്രശ്‌നങ്ങളെ അനുതാപപൂര്‍വ്വം സമീപിച്ചുകൊണ്ട് ആക്ഷേപഹാസ്യത്തിലൂടെ ഗൗരവമുള്ള സാമൂഹിക വിഷയത്തെ ജനശ്രദ്ധയിലെത്തിക്കുന്നതിനായി കലയും വാണിജ്യമൂല്യങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ച ചിത്രം.

മികച്ച നവാഗത സംവിധായകന്‍ — ഷാഹി കബീര്‍
ചിത്രം — ഇല വീഴാ പൂഞ്ചിറ

സമുദ്രനിരപ്പില്‍ നിന്ന് 3200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിജനമായ പൊലീസ് വയര്‍ലെസ് സ്റ്റേഷനിലെ ദുരൂഹവും ഭീതിദവുമായ അന്തരീക്ഷത്തില്‍ കഴിയേണ്ടി വരുന്ന മനുഷ്യരുടെ അതിജീവനശ്രമങ്ങളും പകയും പ്രതികാരവും പ്രണയവും ഉദ്വേഗജനകമായി ആവിഷ്‌കരിച്ച സംവിധാനത്തികവിന്.

മികച്ച കുട്ടികളുടെ ചിത്രം — പല്ലൊട്ടി 90’കിഡ്‌സ്
നിര്‍മ്മാതാവ് — 1. സാജിദ് യഹിയ | 2. നിതിന്‍ രാധാകൃഷ്ണന്‍
സംവിധായകന്‍ — ജിതിന്‍ രാജ്

ദാരിദ്ര്യവും പ്രാരബ്ധങ്ങളും നിറഞ്ഞ കുട്ടിക്കാലത്തെ പ്രതിബന്ധങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്ന രണ്ടു കുട്ടികളുടെ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഹൃദയഹാരിയായ കഥപറയുന്ന ചിത്രം.

 

മികച്ച വിഷ്വല്‍ എഫക്ട്‌സ് — 1. അനീഷ് ഡി, 2. സുമേഷ് ഗോപാല്‍
ചിത്രം — വഴക്ക്

പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള നിഗൂഢമായ ബന്ധത്തിന്റെ സ്പഷ്ടമായ സൂചനകള്‍ അവതരിപ്പിക്കുന്ന ദൃശ്യപ്രഭാവ നിര്‍മ്മിതിക്ക്.

സ്ത്രീ/ട്രാന്‍സ്‌ജെന്‍ഡര്‍ — ശ്രുതി ശരണ്യം
വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ്
ചിത്രം — ബി 32 മുതല്‍ 44 വരെ

വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിലുള്ള ആറ് സ്ത്രീകളുടെ ജീവിത ചിത്രീകരണത്തിലൂടെ ലിംഗസ്വത്വം, ആണ്‍കോയ്മ എന്നിവയെ സംബന്ധിച്ച ശക്തമായ രാഷ്ട്രീയ പ്രസ്താവന മുന്നോട്ടുവെയ്ക്കുന്ന ചിത്രം അണിയിച്ചൊരുക്കിയതിന്.

പ്രത്യേക ജൂറി അവാര്‍ഡ്
അഭിനയം — 1. കുഞ്ചാക്കോ ബോബന്‍ | 2. അലന്‍സിയര്‍ ലെ ലോപസ്
ചിത്രം — 1. ന്നാ താന്‍ കേസ് കൊട് | 2. അപ്പന്‍

1. വടക്കന്‍ കേരളത്തിലെ ഗ്രാമീണനായ കുന്നുമ്മല്‍ രാജീവന്‍ എന്ന മോഷ്ടാവിനെ സവിശേഷമായ ശരീരഭാഷയും വ്യത്യസ്തമായ രൂപഭാവങ്ങളും കൊണ്ട് അവിസ്മരണീയമാക്കിയ നടന വൈഭവത്തിന്. അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രത്തെ സമാനതകളില്ലാത്ത പ്രകടനത്തിലൂടെ അനശ്വരമാക്കിയതിന്.

2. ശരീരം തളര്‍ന്നു കിടക്കുമ്പോഴും വെറുപ്പും വിദ്വേഷവും ചുറ്റുവട്ടത്തേക്കു പരത്തിക്കൊണ്ട് അണയാത്ത ആസക്തികളുടെ ശമനത്തിനായി ജീവിതത്തിലേക്ക് ആര്‍ത്തിയോടെ മടങ്ങിവരാന്‍ വെമ്പുന്ന ആണഹന്തയുടെ കരുത്തുറ്റ ആവിഷ്‌കാരത്തിന്.

പ്രത്യേക ജൂറി പരാമര്‍ശം

സംവിധാനം
1. ബിശ്വജിത്ത് എസ്
2. രാരിഷ്

1. ഇലവരമ്പ്
2. വേട്ടപ്പട്ടികളും ഓട്ടക്കാരും

 

മലയാളത്തിലെ സ്വതന്ത്ര സിനിമാ പ്രസ്ഥാനത്തെ സജീവമായി മുന്നോട്ടുകൊണ്ടുപോവുന്ന യുവസംവിധായകരുടെ പ്രശംസാര്‍ഹമായ സംരംഭങ്ങള്‍ എന്ന നിലയില്‍ ഈ രണ്ടു ചിത്രങ്ങളെ ജൂറി പ്രത്യേകപരാമര്‍ശത്തിലൂടെ അംഗീകരിക്കുന്നു.

Eng­lish Sam­mury: 53rd Ker­ala State Film Awards: Com­plete list of win­ners 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.