22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

55-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിച്ചേക്കും; നടന്മാരുടെ മത്സരത്തില്‍ മമ്മൂട്ടിയും ആസിഫ് അലിയും

ആര്‍ സുമേഷ് 
തിരുവനന്തപുരം
October 31, 2025 8:00 am

55ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ കേരളപ്പിറവി ദിനത്തില്‍ പ്രഖ്യാപിച്ചേക്കും. മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടിയും ആസിഫ് അലിയും വിജയരാഘവനുമാണ് അവസാന ഘട്ടത്തിലുള്ളതെന്നാണ് സൂചന. അവസാന റൗണ്ടിലെത്തിയ 38 ചിത്രങ്ങളാണ് നടൻ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിലുള്ളത്. ഭ്രമയുഗം എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിയും ‘ലെവൽ ക്രോസ്’, ‘കിഷ്കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്റെ പിൻബലത്തില്‍ ആസിഫ് അലിയുമാണ് മികച്ച നടന്മാരുടെ അന്തിമ പട്ടികയില്‍ മുന്നിലുള്ളത്.

കിഷ്കിന്ധാകാണ്ഡത്തില്‍ വിമുക്തഭടനായ അപ്പുപിള്ളയെ അവതരിപ്പിച്ച വിജയരാഘവൻ, ആവേശം എന്ന സിനിമയിലെ രംഗണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസിൽ, അജയന്റെ രണ്ടാം മോഷണം (എആർഎം) എന്ന ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവിനോ തോമസ് എന്നിവരും പരിഗണനയിലുണ്ടെന്നാണ് സൂചന. എആര്‍എം, മഞ്ഞുമ്മല്‍ ബോയ്സ്, ഗുരുവായൂർ അമ്പലനടയിൽ, പ്രേമലു, സൂക്ഷ്മദർശിനി, ആവേശം, പണി, കിഷ്കിന്ധാകാണ്ഡം, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, പ്രേമലു, ഫെമിനിച്ചി ഫാത്തിമ എന്നിവയാണ് ജനപ്രിയ ചിത്രങ്ങളുടെ പട്ടികയിൽ അവസാന റൗണ്ടിലുള്ളതെന്ന് അറിയുന്നു.

കാൻ ചലച്ചിത്രമേളയിൽ ഇന്ത്യയുടെ എൻട്രിയായിരുന്ന ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ പ്രഭയുടെ വേഷമിട്ട കനി കുസൃതി, അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദിവ്യപ്രഭ, രേഖാചിത്രം എന്ന സിനിമയിലെ രേഖാ പത്രോസിനെ അവതരിപ്പിച്ച അനശ്വര രാജൻ, ബോഗെയ്ൻ വില്ലയിലെ ഋതുവിനെ അവതരിപ്പിച്ച ജ്യോതിർമയി, എആർഎമ്മിൽ മാണിക്യം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരഭി ലക്ഷ്മി, ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമ ഷംല ഹംസ എന്നിവരാണ് മികച്ച നടിമാരാകാൻ മത്സരിക്കുന്നത്. നവാഗത സംവിധായകരാകാൻ മത്സരിക്കുന്നവരില്‍ ബറോസ് സംവിധാനം ചെയ്ത നടൻ കൂടിയായ മോഹൻലാലും പണി എന്ന സിനിമയൊരുക്കിയ നടൻ ജോജു ജോര്‍ജുമാണ് മുന്നില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.