
ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക എൻഫോഴ്സ്മെന്റ് ഡ്രൈവില്‍ നിയമലംഘനം നടത്തിയ 59 ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ലൈസൻസുകള്‍ റദ്ദാക്കി. ഓട്ടോറിക്ഷകള്‍ ഉൾപ്പെടുന്ന അപകടങ്ങളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവുണ്ടായ സാഹചര്യത്തിലായിരുന്നു പരിശോധന.
44,146 വാഹനങ്ങൾ പരിശോധിച്ചതിൽ 3818 നിയമലംഘനങ്ങൾ കണ്ടെത്തി. ഒക്ടോബർ ആറ് മുതല്‍ ഒരാഴ്ചയാണ് പരിശോധന നടത്തിയത്. ജൂൺ മുതൽ ഓഗസ്റ്റ് വരെ സംസ്ഥാനത്ത് ഓട്ടോറിക്ഷകൾ ഉൾപ്പട്ട 330 അപകടങ്ങൾ റിപ്പോർട്ട് ചെയ്തതില്‍ 108 എണ്ണം കാൽനടയാത്രക്കാരെ ഇടിച്ചിട്ടതാണ്.
ഓട്ടോറിക്ഷകൾ നിയന്ത്രണംവിട്ട 28 സംഭവങ്ങളും ഉണ്ടായി. ഓട്ടോ ഡ്രൈവർമാരുടെ അമിത വേഗത, അശ്രദ്ധമായ ഡ്രൈവിങ്, തെറ്റായ വശത്തേക്ക് വാഹനമോടിക്കൽ എന്നിവയ്ക്കെതിരെ കർശനമായ പരിശോധന പോലുള്ള എൻഫോഴ്സ്മെന്റ് നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഡ്രൈവർമാരുടെ ലൈസൻസ്, വാഹന രേഖകൾ, ഫിറ്റനസ് സർട്ടിഫിക്കറ്റുകൾ പരിശോധിക്കുകയും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.
സുരക്ഷിതമായ ഡ്രൈവിങ് രീതികൾ, വേഗത നിയന്ത്രണം, യാത്രക്കാരുടെ സുരക്ഷ എന്നിവയെക്കുറിച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർക്കിടയിൽ അവബോധ കാമ്പയിനുകളും നടത്തി. അലക്ഷ്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കാതെയുള്ള ഡ്രൈവിങ് ശ്രദ്ധയിൽ പെടുന്ന പക്ഷം 9747001099 എന്ന ശുഭയാത്ര നമ്പറിലേക്കു പൊതുജങ്ങൾക്ക് അറിയിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.