27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 8, 2025
March 19, 2025
March 18, 2025
March 10, 2025
March 5, 2025
March 3, 2025
February 25, 2025
February 20, 2025
February 18, 2025
February 4, 2025

ഗാസയില്‍ കൊല്ലപ്പെട്ടത് 62,000പേര്‍ : പുതുക്കിയ കണക്ക് പുറത്തുവിട്ട് ഗാസ ആരോഗ്യമന്ത്രാലയം

Janayugom Webdesk
ഗാസാ സിറ്റി
February 4, 2025 11:12 am

രണ്ടാംഘട്ട വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകളിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ നടത്തിയ വംശഹത്യയുടെ നടുക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട ഗാസ ആരോഗ്യമന്ത്രാലയം. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രയേല്‍ കടന്നാക്രമണത്തില്‍ 61,709 ഗാസ നിവാസികള്‍ കൊല്ലപ്പെട്ടതായി അറിയിച്ചു. 47,498 പേരുടെ മരണമാണ്‌ ഇതുവരെ സ്ഥിരീകരിച്ചിരുന്നത്‌. വെടിനിർത്തലിനെ തുടർന്ന്‌ നടത്തിയ തിരച്ചിലിൽ നിരവധി മൃതദേഹങ്ങൾ ലഭിച്ചു. 

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരും കൊല്ലപ്പെട്ടതായി കണക്കാക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഏറ്റവും കുറഞ്ഞത്‌ 14,222 പേരെങ്കിലും ഇത്തരത്തിൽ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി മരിച്ചതായാണ്‌ കണക്കാക്കപ്പെടുന്നത്‌. മരണസംഖ്യ ഉയർന്നതിൽ അത്‌ഭുതമില്ലെന്ന്‌ ആംനെസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ്‌ കല്ലമാർഡ്‌ പറഞ്ഞു. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയെന്നും അതിന്റെ ഉത്തരവാദിത്വം ഇസ്രയേൽ സർക്കാർ ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, ഗാസയിലേക്ക്‌ കൂടുതൽ സഹായം എത്തിക്കാൻ ഖത്തർ എയർ ബ്രിഗേഡ്‌ രൂപീകരിച്ചു. റാഫ അതിർത്തിവഴി കൂടുതൽ രോഗികളെ ചികിത്സയ്ക്കായി പുറത്തേക്ക്‌ കൊണ്ടുപോകാനും നടപടിയായി. 

രണ്ടാംഘട്ട ചർച്ചയ്ക്ക്‌ തയ്യാറാണെന്ന്‌ ഹമാസ്‌ അറിയിച്ചു. വാഷിങ്‌ടണിലുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ചർച്ചയ്ക്ക്‌ സംഘത്തെ അയക്കില്ലെന്ന്‌ റിപ്പോർട്ടുകൾ വന്നിരുന്നു. മാതൃരാജ്യത്തുനിന്ന്‌ കുടിയൊഴിപ്പിച്ച്‌ മറ്റ്‌ രാജ്യങ്ങളിലേക്ക്‌ നാടുകടത്താനുള്ള ഒരു നിർദേശവും പലസ്തീൻ അംഗീകരിക്കില്ലെന്ന്‌ പലസ്തീൻ അതോറിറ്റി പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌ വ്യക്തമാക്കി. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം വെസ്‌റ്റ്‌ ബാങ്കിലേക്ക്‌ കൂടുതൽ ആക്രമണം അഴിച്ചുവിട്ട അമേരിക്കയുടെ നടപടിയെയും വിമർശിച്ചു.

ഇസ്രയേൽ കടന്നാക്രമണം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ നടപടി എടുക്കണമെന്നും പലസ്തീൻ അതോറിറ്റി വക്താവ്‌ നബിൽ അബു റുദെയ്‌നെ പറഞ്ഞു. ഗാസയിൽനിന്ന്‌ പലസ്തീൻകാരെ തുടച്ചുനീക്കി അവരെ മറ്റ്‌ അറബ്‌ രാഷ്ട്രങ്ങളിൽ പുനരധിവസിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം തള്ളിക്കളയുന്നെന്ന്‌ ഇറാൻ പറഞ്ഞു. ഗസയിൽ ബാക്കിയായ എല്ലാ ബന്ദികളെയും വിട്ടയക്കുക, പകരം ഇസ്രയേൽ തടവറകളിലുള്ള പലസ്തീൻകാരെ മോചിപ്പിക്കുക, ഗാസയിൽനിന്ന്‌ ഇസ്രയേൽ സൈന്യം പൂർണമായും പിന്മാറുക തുടങ്ങിയവയാണ്‌ രണ്ടാംഘട്ട വെടിനിർത്തലിനായി മുന്നോട്ടുവച്ചിരിക്കുന്ന നിബന്ധനകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.