17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 28, 2024
October 20, 2024
October 9, 2024
September 10, 2024
September 10, 2024
August 15, 2024
July 18, 2024
July 17, 2024
July 12, 2024

ഗാസയില്‍ കാണാതായത് 6400 പലസ്തീനികളെ

Janayugom Webdesk
ഗാസ സിറ്റി
July 12, 2024 10:10 pm

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം 6400 പലസ്തീനികളെ കാണാതായതായി ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ (ഐസിആര്‍സി) റിപ്പോര്‍ട്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കുറെയധികം പേരെ കുഴിച്ചുമൂടി. ചിലരെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തു. കുട്ടികളെയുള്‍പ്പെടെ നാടുകടത്താനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ മുതല്‍ കാണാതായവരെ സംബന്ധിച്ച 1100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഓരോ ആഴ്ചയും 500 മുതൽ 2,500 ഫോണ്‍ കോളുകള്‍ ഹെല്‍പ്പ്‍ലെെന്‍ നമ്പരിലേക്കെത്തുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും കാണാതായവരെക്കുറിച്ചുള്ള പരാതികളാണ്, റെഡ് ക്രോസ് വക്താവ് സാറാ ഡേവിഡ് പറയുന്നു. പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും അവരുടെ കുടുംബാംഗങ്ങളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമുണ്ട്. യുദ്ധമേഖലയിൽ നിന്ന് പലവിധ കാരണങ്ങളാല്‍ ആളുകള്‍ പരസ്പരം വേര്‍പിരിയുകയാണെന്നും സാറ കൂട്ടിച്ചേര്‍ത്തു.

നിരന്തര ആക്രമണം ആശയവിനിമയ സംവിധാനങ്ങളെയും ആശുപത്രി പ്രവര്‍ത്തനങ്ങളെയും തകരാറിലാക്കിയതിനാല്‍ അപകടങ്ങൾ രേഖപ്പെടുത്തുന്നതിനും മരിച്ചവരെ തിരിച്ചറിയുന്നതിനുമുള്ള നടപടി ക്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. മനുഷ്യാവകാശ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഗാസയിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുന്ന സാഹചര്യത്തില്‍ മരണ സംഖ്യ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനായിട്ടില്ല. 38,000 ത്തിലധികം പലസ്തീനികള്‍ മരിച്ചതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ കാണാതായ വ്യക്തികളെ ഉള്‍പ്പെടുത്തിയിട്ടില്ല. പുറത്തുവരുന്ന കണക്കുകളെക്കാള്‍ കൂടുതലാണ് യഥാര്‍ത്ഥ മരണസംഖ്യയെന്ന് ലാന്‍സെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ഗാസയിലെ വിവിധ ഭാഗങ്ങളില്‍ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. ആഴത്തിലുള്ള മുറിവുകളുണ്ടാക്കാന്‍ കഴിയുന്ന യുദ്ധോപകരണങ്ങളാണ് ഇസ്രയേല്‍ സെെ­ന്യം ഗാസയില്‍ ഉപയോഗിക്കുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിൽ ജോലി ചെയ്യുന്ന വിദേശ ശസ്ത്രക്രിയാ വിദഗ്ധരെ ഉദ്ധരിച്ചാണ് വെളിപ്പെടുത്തല്‍. തങ്ങൾ ചികിത്സിച്ച കുട്ടികളുടെ ഗുരുതരമായ മുറിവുകളിൽ പലതും സംഭവിച്ചത് മിസൈലുകളുടെയും ഷെല്ലുകളുടെയും ചീളുകളിൽ നിന്നാണെന്ന് ഇവർ വ്യക്തമാക്കുന്നു. 

കെട്ടിടങ്ങൾ നശിപ്പിക്കാൻ ഉപയോഗിക്കുന്ന പരമ്പരാഗത ആയുധങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയ തോതിലുള്ള ആളപായങ്ങൾ സൃഷ്ടിക്കാൻ രൂപകല്പന ചെയ്ത ഇസ്രയേൽ നിർമ്മിത ആയുധങ്ങളുമായി പൊരുത്തപ്പെടുന്നതാണ് മുറിവുകളെന്ന് ആ­യുധ വിദഗ്ധർ പറയുന്നു. ചർമ്മത്തിൽ ഒരു പോറൽ മാത്രം അവശേഷിപ്പിച്ച്, എല്ലിനെയും അവയവങ്ങളെയും രണ്ടാക്കി മുറിക്കാൻ ഇവയ്ക്ക് സാധിക്കും. ആക്രമണം ആരംഭിച്ചത് മുതൽ മരണസംഖ്യ ഭയാനകമായ രീതിയിൽ കുതിച്ചുയർന്നതിന് ഇതൊരു കാരണമാണ്.
കുഞ്ഞുങ്ങളുടെ ശരീരത്തിലാണ് മുറിവുകൾ കൂടുതൽ ഗുരുതരമാകാൻ സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിജീവിച്ചവരിൽ പലർക്കും കൈകാലുകൾ നഷ്ടപ്പെട്ടതായും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. മുറിവുകളുടെ ചിത്രങ്ങളും മുറിവുകളെക്കുറിച്ചുള്ള ഡോക്ടർമാരുടെ വിവരണങ്ങളും അവലോകനം ചെയ്ത സ്ഫോടകവസ്തു വിദഗ്ധർ, ഫ്രാഗ്‍മെന്റേഷന്‍ സ്ലീവ് ഘടിപ്പിച്ചിരിക്കുന്ന ബോംബുകളും ഷെല്ലുകളും ചേർന്ന ആയുധങ്ങളാണ് ഇസ്രയേൽ പ്രയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗാസയിൽ ഇസ്രയേൽ നടത്തിയ മുൻകാല ആക്രമണങ്ങളിലും ഇവയുടെ ഉപയോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: 6400 Pales­tini­ans are miss­ing in Gaza
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.