രാജ്യത്തെ ഏറ്റവും വലിയ ആയുധവാങ്ങല്‍ കരാറുകളിലൊന്നായി ഫ്രാന്‍സില്‍ നിന്ന് 26 റഫാല്‍ എം യുദ്ധ വിമാനങ്ങള്‍ കൂടി ഇന്ത്യ വാങ്ങുന്നു. 64,000 കോടിയുടെ ഇടപാടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാകാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) അംഗീകാരം നൽകി. നാവിക സേനയുടെ ഐഎന്‍എസ് വിക്രമാദിത്യ, ഐഎഎസ് വിക്രാന്ത് എന്നിവയില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കാനാവുന്ന 26 മറൈന്‍ ഫൈറ്റര്‍ ജെറ്റുകളാണ് വാങ്ങുക. ഇടപാടുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ മാര്‍ച്ച് പകുതിയോടെ പൂര്‍ത്തിയായിരുന്നു. ഇതുസംബന്ധിച്ച കരാര്‍ ഈ മാസം ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യന്‍ ലെക്കോര്‍ണോ ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ ഒപ്പിട്ടേക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കണമെന്നായിരിക്കും വ്യവസ്ഥ.
22 സിംഗിള്‍ സീറ്റ് റാഫാല്‍ എം യുദ്ധവിമാനങ്ങളും നാല് ഇരട്ട സീറ്റ് റാഫാല്‍ ബി ട്രെയിനര്‍ വിമാനങ്ങളുമാണ് കരാര്‍ പ്രകാരം ഇന്ത്യക്ക് ദസ്സോ ഏവിയേഷന്‍ നിര്‍മ്മിച്ച് നല്‍കുക. പൈലറ്റുമാര്‍ക്ക് പരിശീലനം, അനുബന്ധ ഉപകരണങ്ങള്‍, അറ്റകുറ്റപ്പണിക്കുള്ള സഹായം, റഫാല്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളും കരാറിലുണ്ടാകുമെന്നാണ് സൂചന. നേരത്തെ വ്യോമ സേനയ്ക്ക് വേണ്ടി 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ, ചട്ടങ്ങളിൽ മാറ്റം വരുത്തി 36 റഫാൽ വിമാനങ്ങൾ വാങ്ങിയത് വൻനഷ്ടമുണ്ടാക്കിയെന്നായിരുന്നു ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.