
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നിന്നായി ഈ വർഷം ജൂലെെ വരെ കാണാതായത് 6,667 പേരെയെന്ന് ക്രെെം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ കണക്കുകൾ പരിശോധിച്ചാൽ ഒരോ വർഷവും വലിയ വർധനവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2020ൽ സംസ്ഥാനത്ത് 8,742 പേരെയാണ് കാണാതായത്.
2021, 2022 എന്നീ വർഷങ്ങളിൽ കാണാതായവരുടെ എണ്ണം യഥാക്രമം 9, 713, 11, 259 എന്നിങ്ങനെയാണ്. 2023 ൽ 11, 760 പേരെയും 2024ൽ 11, 897 പേരെയും കാണാതായി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 2023- 24 കാലയളവിലാണ് എറ്റവും കൂടുതൽ ആളുകളെ കാണാതായത്. അതേസമയം, കോഴിക്കോട് ജില്ലയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് കാണാതായ രണ്ടുപേർ മരിച്ചതായി അടുത്തിടെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
2019ൽ കാണാതായ വെസ്റ്റ്ഹിൽ സ്വദേശി വിജിലിനെയും 2024ൽ കാണാതായ ഹേമചന്ദ്രനെയുമാണ് ഇത്തരത്തിൽ കണ്ടെത്തിയത്. അമിതമായി ലഹരി ഉപയോഗിച്ചതിനെത്തുടർന്ന് മരിച്ച വിജിലിന്റെ മൃതദേഹം സുഹൃത്തുക്കൾ സരോവരത്തെ ചതുപ്പിൽ കുഴിച്ചിടുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഹേമചന്ദ്രനെ ഒരുസംഘം ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയും നീലഗിരിയിലെ കാട്ടിൽ കൊലപ്പെടുത്തി കുഴിച്ചുമൂടുകയുമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കുമുള്ള യാത്രയ്ക്കിടയിലും സ്വന്തം വീടുകളിൽ നിന്നുപോലും കാണാതായവരുണ്ട്.
പെൺകുട്ടികളും സ്ത്രീകളുമാണ് കാണാതാകുന്നതിൽ കൂടുതലും. ഇവരിൽ പലരെയും കണ്ടെത്തിയെങ്കിലും കണ്ടെത്താൻ സാധിക്കാത്തവരും നിരവധിയാണ്. നിസാര കാര്യങ്ങൾക്ക് വരെ രക്ഷിതാക്കളോട് വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങി പോകുന്നവരും പ്രണയബന്ധത്തിലേർപ്പെട്ട് ഒളിച്ചോടി പോകുന്നവരുമാണ് കൂടുതൽ. പൊലീസിൽ രജിസ്റ്റർ ചെയ്യാത്ത കണക്കുകൾ കൂടി നോക്കിയാൽ കാണാതായവരുടെ എണ്ണം ഇനിയും വർധിക്കും.
ചിലർ കാണാതായി ദിവസങ്ങൾക്ക് ശേഷം സ്വന്തം നിലയിലുള്ള അന്വേഷണങ്ങളെല്ലാം പൂർത്തിയായി ഫലമില്ലെന്ന് കാണുമ്പോഴാണ് പൊലീസിനെ അറിയിക്കുന്നത്.
ഇതിനിടെ സമൂഹമാധ്യമം വഴി പരിചയത്തിലാകുന്നവർ ആരോടും പറയാതെ മുൻ പരിചയം ഒന്നുമില്ലാതെ തന്നെ ദിവസങ്ങളും ആഴ്ചകളും മാത്രമുള്ള ബന്ധത്തിൽ ഇറങ്ങി പോകുന്നതും ആശങ്കയുണ്ടാക്കുന്നു.
കുടുംബ സാഹചര്യവും കാണാതാവുന്നതിൽ വളരെയേറെ പങ്കുവഹിക്കുന്നുണ്ട്. കുട്ടികളെ അവഗണിക്കുകയോ അകാരണമായി ശിക്ഷിക്കുകയോ ചെയ്യുന്ന കുടുംബാന്തരീക്ഷത്തിൽ നിന്നും ഓടിയൊളിക്കാൻ കുട്ടികളും നിർബന്ധിതരാവാറുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.