7 December 2025, Sunday

Related news

December 3, 2025
November 27, 2025
November 24, 2025
November 24, 2025
November 11, 2025
November 4, 2025
October 12, 2025
October 4, 2025
October 3, 2025
September 13, 2025

രാജ്യത്തെ 67 ലക്ഷം കുട്ടികള്‍ മുഴുപ്പട്ടിണിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 5, 2024 11:26 pm

രാജ്യത്തെ 67 ലക്ഷം കുട്ടികള്‍ക്ക് ഒരു ദിവസം മുഴുവന്‍ ഭക്ഷണം ലഭിക്കുന്നില്ലെന്ന് സര്‍വേ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ 2019–2021ലെ ദേശീയ കുടുംബ ആരോഗ്യസര്‍വേ പ്രകാരം ഇന്ത്യയിലെ ഭക്ഷണമില്ലാത്ത (സീറോ ഫുഡ്) കുട്ടികളുടെ എണ്ണം 19 ശതമാനമാണെന്ന് പുതിയ പഠനം കണക്കാക്കുന്നു. 24 മണിക്കൂര്‍ നേരം കലോറിയടങ്ങിയ ഭക്ഷണം ലഭിക്കാത്ത അവസ്ഥയെയാണ് സീറോ ഫുഡ് എന്ന് പറയുന്നത്. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ, ബെനിന്‍, ലൈബീരിയ, മാലി എന്നിവിടങ്ങളിലേതിന് തുല്യമാണ് ഇന്ത്യയില്‍ പട്ടിണി കിടക്കുന്ന കുട്ടികളുടെ എണ്ണമെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. സീറോ ഫു‍ഡ് കുട്ടികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഗിനിയ (21.8 ശതമാനം), മാലി (20.5 ശതമാനം) എന്നിവയാണ് ആദ്യ സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍. 

ബംഗ്ലാദേശ് (5.6), പാകിസ്ഥാന്‍ (9.2), കോംഗോ (7.4), നൈജീരിയ (8.8), എത്യോപ്യ (14..8 ശതമാനം) തുടങ്ങിയ അരക്ഷിതാവസ്ഥ തുടരുന്ന രാജ്യങ്ങളില്‍ പോലും സീറോ ഫു‍‍ഡ് കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2010–21 കാലഘട്ടത്തില്‍ കുറഞ്ഞ, ഇടത്തരം വരുമാനമുള്ള 92 രാജ്യങ്ങളില്‍ നടത്തിയ ആരോഗ്യ സര്‍വേകളുടെ അടിസ്ഥാനത്തില്‍ ഹാര്‍വാ‍‍ഡ് സര്‍വകലാശാലയിലെ ആരോഗ്യഗവേഷകനായ എസ് വി സുബ്രഹ്മണ്യനും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ജാമ നെറ്റ്‌വര്‍ക്ക് ഓപ്പണിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ദക്ഷിണേഷ്യയില്‍ മാത്രം 80 ലക്ഷം കുട്ടികള്‍ക്ക് ദിവസം മുഴുവന്‍ ഭക്ഷണം ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുട്ടികളിലെ സീറോ ഫുഡ് നിരക്ക് വര്‍ധിക്കാന്‍ കാരണം ദാരിദ്ര്യം മാത്രമല്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. നവജാത ശിശുക്കള്‍ക്കുള്‍പ്പെടെ ശരിയായ രീതിയില്‍ ഭക്ഷണം നല്‍കാന്‍ കഴിയാത്തതും ഇതില്‍ ഉള്‍പ്പെടും.

ആറ് മുതല്‍ 24 മാസം വരെ പ്രായമുള്ള കുട്ടികളെയാണ് പഠനത്തിന് വിധേയരാക്കിയത്. 92 രാജ്യങ്ങളിലെ സീറോ ഫുഡ് വിഭാഗത്തില്‍ വരുന്ന 99 ശതമാനം കുട്ടികളും മുലപ്പാല്‍ കുടിക്കുന്ന പ്രായത്തിലുള്ളവരാണ്. ഇന്ത്യയിലെ ഓരോ പത്ത് നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ രണ്ടു പേര്‍ ഒരു ദിവസം മുഴുവന്‍ ഭക്ഷണം കിട്ടാത്ത അവസ്ഥയിലാണെന്നും പഠനം പറയുന്നു. സീറോ ഫുഡ് കുട്ടികളുടെ എണ്ണം 2016ല്‍ 17.2 ആയിരുന്നെങ്കില്‍ 2021ല്‍ അത് 17.8 ശതമാനമായി വര്‍ധിക്കുകയും ചെയ്തു.

Eng­lish Summary:67 lakh chil­dren in the coun­try are starving
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.