ബിജെപിയുടെ പ്രധാന സഖ്യകക്ഷികള്‍ ഭരിക്കുന്ന ബിഹാറിനും ആന്ധ്രപ്രദേശിനും റെയില്‍വേ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും പാത വിപുലീകരണത്തിനുമായി 6,798 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ.
ആന്ധ്ര പ്രദേശിലെ അമരാവതി റെയില്‍വേ പാതക്കായി 2245 കോടി രൂപ അനുവദിച്ചു. അമരാവതിയെ ഹൈദരാബാദ്, ചെന്നൈ തുടങ്ങി പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ബിഹാറിലെ റെയില്‍വേ പാത ഇരട്ടിപ്പിക്കലിനായി 4553 കോടി രൂപയുടെയും പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ഈ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ തൊഴിലവസരങ്ങള്‍ക്കും പദ്ധതികള്‍ വഴി തുറക്കും.
റെയില്‍വേ അവഗണനയില്‍ കേരളം അടക്കം വിവിധ സംസ്ഥാനങ്ങള്‍ പ്രതിഷേധിക്കുന്നതിനിടയിലാണ് ഭരണസഖ്യത്തിലെ പങ്കാളികളെ സന്തോഷിപ്പിക്കുന്ന പ്രത്യേക തീരുമാനങ്ങള്‍ ഉണ്ടായത്. കേന്ദ്രബജറ്റിലും ഈ സംസ്ഥാനങ്ങള്‍ക്ക് വലിയ പദ്ധതികള്‍ പ്രഖ്യാപിച്ച് തുക വകയിരുത്തിയത് ഏറെ ചര്‍ച്ച ഉയര്‍ത്തിയിരുന്നു.
കേരളം ആവശ്യപ്പെട്ട കെ റെയില്‍, ശബരി റെയില്‍വേ എന്നിവക്കായി കേന്ദ്രം അനുമതി ഇതുവരെയും നല്‍കിയിട്ടില്ല. കോവിഡിന് ശേഷം നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനും കേന്ദ്ര നടപടി സ്വീകരിച്ചിട്ടില്ല. കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍ , യാത്രാനിരക്കിലെ വര്‍ധനവ് എന്നിവ ചൂണ്ടിക്കാട്ടി സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ മുഖവിലയ്ക്കെടുത്തിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.