16 December 2025, Tuesday

Related news

September 26, 2025
September 26, 2025
August 19, 2025
August 4, 2025
July 29, 2025
July 24, 2025
July 16, 2025
July 15, 2025
July 15, 2025
July 13, 2025

യെമൻ തീരത്ത് ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കൻ കുടിയേറ്റക്കാർ മരിച്ചു

Janayugom Webdesk
കെയ്‌റോ
August 4, 2025 9:27 pm

യെമൻ തീരത്ത് ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കൻ കുടിയേറ്റക്കാർ മരിച്ചതായി റിപ്പോർട്ട്. 74 പേരെ കണ്ടെത്താനുണ്ടെന്ന് യുഎൻ മൈഗ്രേഷൻ ഏജൻസി അറിയിച്ചു. ഗൾഫ് അറബ് രാജ്യങ്ങളിലേക്ക് എത്താമെന്ന പ്രതീക്ഷയിൽ പലായനം ചെ­യ്‌ത ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നുള്ള നൂറുക്കണക്കിന് കുടിയേറ്റക്കാരാണ് അപകടത്തിൽ­പ്പെട്ടത്. 154 എത്യോപ്യൻ കുടിയേറ്റക്കാരുമായി എത്തിയ ബോട്ടാണ് ഞായറാഴ്‌ച പുലർച്ചെ തെക്കൻ യെമൻ പ്രവിശ്യയായ അബ്യാനിലെ ഏദൻ ഉൾക്കടലിൽ മുങ്ങിയതെന്ന് യെമനിലെ ഇന്റര്‍നാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ മേധാവി അബ്‌ദുള്‍ സത്താർ അറിയിച്ചു. ഖാൻഫാർ ജില്ലയിലെ തീരത്ത് മാത്രം 14 മൃതശരീരങ്ങള്‍ കരയ്‌ക്കടിഞ്ഞതായാണ് റിപ്പോർട്ട്. യെമനിലെ മറ്റ് തീരദേശങ്ങളിലായി 54 കുടിയേറ്റക്കാരുടെ മൃതദേഹങ്ങളും കരയ്ക്കടിഞ്ഞു. യെമന്റെ തെക്കൻ തീരത്തെ അബ്യാൻ പ്രവിശ്യാ തലസ്ഥാനമായ സിൻജിബാറിലെ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. 12 പേർ മാത്രമാണ് അപകടത്തെ അതിജീവിച്ചതെന്നും കാണാതായവർ മരിച്ചിട്ടുണ്ടാകണമെന്നും ഇന്റര്‍നാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ മേധാവി പറഞ്ഞു. 

കിഴക്കൻ ആഫ്രിക്കയിൽ നിന്നുമുള്ള കുടിയേറ്റക്കാർ ജോലിക്കായി ഗൾഫ് അറബ് രാജ്യങ്ങളിലേക്ക് എത്താൻ ശ്രമിക്കുന്ന പ്രധാന പാതയാണ് യെമൻ. ചെങ്കടലിനും ഏദൻ ഉൾക്കടലിനും കുറുകെ സഞ്ചരിച്ചാണ് കുടിയേറ്റക്കാർ അതിർത്തി കടക്കുന്നത്. ഇത് വളരെ അപകടകരമായ യാത്രയാണ്. മാർച്ച് മാസത്തിൽ മാത്രം യെമനിലും ജിബൂട്ടിയിലും നാല് ബോട്ടുകൾ മറിഞ്ഞതായാണ് കണക്ക്. 186 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ലോകത്തിലെ ഏറ്റവും തിരക്കേറിയതും അപകടകരവുമായ കുടിയേറ്റ പാതകളിൽ ഒന്നാണിത്. ആഫ്രിക്കൻ മുനമ്പിനും യെമനിനും ഇടയിലുള്ള കടൽ പാതയുടെ അപകടങ്ങളെക്കുറിച്ച് ഐഒഎം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എത്യോപ്യയില്‍ നിന്നും സൊമാലിയയിൽ നിന്നുമുള്ള കുടിയേറ്റക്കാർ പ്രധാനമായും ജോലി തേടി സൗദി അറേബ്യയിലോ മറ്റ് ഗൾഫ് രാജ്യങ്ങളിലോ എത്താനുള്ള മാർഗമാണിത്. അതേസമയം 2024ൽ 60,000 ൽ അധികം കുടിയേറ്റക്കാർ യെമനിൽ എത്തിയതായാണ് കണക്ക്. 2023ൽ 97,200 കുടിയേറ്റക്കാർ യെമൻ വഴി പലായനം ചെയ്‌തതായും റിപ്പോർട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.