19 December 2024, Thursday
KSFE Galaxy Chits Banner 2

നേപ്പാള്‍ വിമാനാപകടം: 72 പേര്‍ മരിച്ചു

മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് മടങ്ങിയപ്പോയ മൂന്നു നേപ്പാള്‍ സ്വദേശികളും
Janayugom Webdesk
കാഠ്മണ്ഡു
January 15, 2023 7:08 pm

നേപ്പാളില്‍ വിമാനം തകര്‍ന്നുവീണ് അഞ്ച് ഇന്ത്യക്കാരടക്കം 72 മരണം. കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട യെതി എയര്‍ലൈന്‍സിന്റെ 9എന്‍ എഎന്‍സി എടിആര്‍ 72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൊഖാറ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേക്ക് സമീപം വിമാനം തകര്‍ന്നുവീഴുകയായിരുന്നു. 68 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് വിവരം. വിമാനം പൂര്‍ണമായി കത്തിനശിച്ചു. 68 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നാലുപേര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. മൂന്നുപതിറ്റാണ്ടിനിടെ നേപ്പാള്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് ഇന്നലെ രാജ്യം സാക്ഷിയായത്. യാത്രക്കാരില്‍ 15 വിദേശികളുണ്ട്. അഭിഷേക് കുഷ്‌വാഹ, ബിഷാല്‍ ശര്‍മ്മ, അനില്‍ കുമാര്‍ രാജ്ഭര്‍, സോനു ജെയ്സ്വാള്‍, സഞ്ജയ ജെയ്സ്വാള്‍ എന്നിവരാണ് മരിച്ച ഇന്ത്യക്കാരെന്ന് തിരിച്ചറിഞ്ഞു.

റഷ്യയില്‍ നിന്ന് നാല്, കൊറിയന്‍ സ്വദേശികളായ രണ്ട്, അര്‍ജന്റീന, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ഓസ്ട്രേലിയ രാജ്യങ്ങളില്‍ നിന്നുള്ള ഒന്നുവീതം യാത്രക്കാരും ദുരന്തത്തിനിരയായി. 20 പേര്‍ കുട്ടികളാണെന്നും യെതി എയര്‍ലൈന്‍സ് അറിയിച്ചു. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമാണ് പൊഖാറ. ഇതിന് മൂന്ന് കിലോമീറ്റര്‍ അകലെ പുതുതായി നിര്‍മ്മിച്ച ആഭ്യന്തര വിമാനത്താവളത്തിലാണ് ദുരന്തം. പ്രവര്‍ത്തനം ആരംഭിച്ച്‌ 15-ാം ദിവസമാണ് അപകടം ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച രാവിലെ 10.33 നാണ് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്നും വിമാനം പുറപ്പെട്ടത്. 10.50 ന് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ സെത്തി നദീതിരത്തുള്ള കൊക്കയിലേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് നേപ്പാള്‍ വ്യോമയാന മന്ത്രാലയം അഞ്ചംഗ സമിതി രൂപീകരിച്ചു. മോശം കാലാവസ്ഥയാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിമാനത്താവളത്തിന്റെ റണ്‍വേയില്‍ പ്രശ്നങ്ങളുണ്ടായിരുന്നോ എന്നതും അന്വേഷിക്കും. യെതി എയര്‍ലൈന്‍സിന്റെ എല്ലാ വിമാനങ്ങളും പരിശോധനയ്ക്കായി നിലത്തിറക്കിയിട്ടുണ്ട്. എട്ടുമാസത്തിനിടെ രണ്ടാം തവണയാണ് നേപ്പാളില്‍ വിമാനം അപകടത്തില്‍പ്പെടുന്നത്. 2022 മേയില്‍ ഉണ്ടായ അപകടത്തില്‍ നാല് ഇന്ത്യക്കാരടക്കം 22 പേര്‍ മരിച്ചിരുന്നു.

Eng­lish Sum­ma­ry: 68 Dead As Nepal Plane With 72 On Board Crash­es Min­utes Before Landing
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.