
ഇന്ത്യ തെരയുന്ന 70ലധികം പിടികിട്ടാപ്പുള്ളികൾ വിദേശരാജ്യങ്ങളിൽ ഒളിവിൽ കഴിയുന്നതായി കേന്ദ്ര സർക്കാർ. കേന്ദ്ര പേഴ്സണൽ, പബ്ലിക് ഗ്രീവൻസസ് ആന്റ് പെൻഷൻ മന്ത്രാലയത്തിന്റെ 2024–25 വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകൾ. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 27 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിക്കാൻ അന്വേഷണ ഏജൻസികൾക്ക് സാധിച്ചു. ഇതേ കാലയളവിൽ മറ്റ് രാജ്യങ്ങൾ തെരയുന്ന 203 കുറ്റവാളികളെ ഇന്ത്യയിൽ നിന്ന് കണ്ടെത്തുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ട്. ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായ സിബിഐ, വിദേശ ഏജൻസികളുമായി സഹകരിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.
വിദേശങ്ങളിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി അയക്കുന്ന ‘ലെറ്റേഴ്സ് റോഗേറ്ററി’ സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടിലുണ്ട്. 2024 ഏപ്രിൽ മുതൽ 25 മാർച്ച് വരെ 74 പുതിയ അപേക്ഷകൾ വിദേശത്തേക്ക് അയച്ചു. ഇതിൽ 54 എണ്ണം സിബിഐ കേസുകളുമായും 20 എണ്ണം വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് കേസുകളുമായും ബന്ധപ്പെട്ടതാണ്. നിലവിൽ 533 അപേക്ഷകൾ വിവിധ രാജ്യങ്ങളിലായി തീർപ്പാകാതെ കിടക്കുന്നുണ്ട്. കുറ്റവാളികളെ കണ്ടെത്താൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എന്‍സിബി) മുഖേന നിരവധി ഇന്റർപോൾ നോട്ടീസുകൾ പുറപ്പെടുവിച്ചു. 126 റെഡ് കോർണർ നോട്ടീസുകളും 24 യെല്ലോ കോർണർ നോട്ടീസുകളും എട്ട് വീതം ബ്ലാക്ക്, ഗ്രീൻ നോട്ടീസുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാൻ താല്പര്യം പ്രകടിപ്പിച്ച 22,200 ലധികം അപേക്ഷകളിൽ സിബിഐ ഈ വർഷം നടപടി സ്വീകരിച്ചു. മോഷണം പോയതോ റദ്ദാക്കിയതോ ആയ 1.91 ലക്ഷം ഇന്ത്യൻ പാസ്പോർട്ടുകളുടെ വിവരങ്ങൾ ഇന്റർപോളിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പാസ്പോർട്ടുകൾ ഉപയോഗിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച 30 കേസുകൾ വിവിധ രാജ്യങ്ങൾ ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.