തെരഞ്ഞെടുപ്പ് ട്രസ്റ്റ് ഫണ്ട് വഴിയുള്ള ധനസമ്പാദനത്തിലും റെക്കോഡ് നേട്ടവുമായി ബിജെപി. 2022–23 സാമ്പത്തിക വര്‍ഷം ട്രസ്റ്റ് ഫണ്ട് വഴി ആകെ ലഭിച്ച 366.49 കോടി രൂപയില്‍ ബിജെപിയുടെ അക്കൗണ്ടിലേക്ക് എത്തിച്ചേര്‍ന്നത് 259.08 കോടിയാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ബോണ്ട് വഴിയുള്ള സംഭാവനയുടെ സിംഹഭാഗവും നേടിയതിന് പിന്നാലെയാണ് ട്രസ്റ്റ് ഫണ്ടിലും മറ്റ് പാര്‍ട്ടികളെ നിഷ്പ്രഭമാക്കി ബിജെപി മുന്നിലെത്തിയത്. മൊത്തം തുകയുടെ 70.69 ശതമാനമാണ് ബിജെപിക്ക് ലഭിച്ചത്.
തൊട്ടുപിന്നില്‍ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) 90 കോടി കരസ്ഥമാക്കി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് 17.40 കോടി രൂപ ട്രസ്റ്റ് ഫണ്ട് ലഭിച്ചെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് തെരഞ്ഞെടുപ്പ് ട്രസ്റ്റ് ഫണ്ട് വഴിയാണ് ആകെ 366.49 കോടി രൂപ എത്തിയത്. ഇതില്‍ കുത്തക കമ്പനികളും വ്യക്തികളും ഉള്‍പ്പെടും. 2013ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ട്രസ്റ്റ് ഫണ്ട്, തെരഞ്ഞെടുപ്പ് ബോണ്ട് സംവിധാനത്തിന്റെ അതേ മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ലഭിക്കുന്ന തുകയുടെ മുഴുവന്‍ വിവരങ്ങളും വര്‍ഷാവര്‍ഷം തെരഞ്ഞെടുപ്പ് കമ്മിഷനെ നിര്‍ബന്ധമായും അറിയിക്കണമെന്ന വ്യവസ്ഥയുണ്ട്.
സംഭാവന ലഭിച്ച വിവരം സുതാര്യമായിരുന്നുവെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് ഈ വ്യവസ്ഥ. എന്നാല്‍ മോഡി സര്‍ക്കാര്‍ നടപ്പാക്കിയ ഇലക്ടറല്‍ ബോണ്ട് സംവിധാനം തികച്ചും രഹസ്യാത്മകവും സ്രോതസ് വെളിപ്പെടുത്തേണ്ടാത്തതുമാണ്. 2022–23 വര്‍ഷം 18ല്‍ 13 ട്രസ്റ്റുകളാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സില്‍ തങ്ങളുടെ സംഭാവന വിവരത്തിന്റെ രേഖകള്‍ സമര്‍പ്പിച്ചത്.
ട്രസ്റ്റുകളില്‍ സംഭാവന നല്‍കുന്ന കമ്പനികളുടെ വിവരവും എഡിആര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതില്‍ പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റിനാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. 360 കോടി രൂപ, 34 കോര്‍പറേറ്റ് കമ്പനികളാണ് നിക്ഷേപിച്ചിരിക്കുന്നത്. സമാജ് ഇലക്ടറല്‍ ട്രസ്റ്റ് ഫണ്ടിന് രണ്ട് കോടി രൂപ ഒരു കമ്പനി സംഭാവന ചെയ്തു. പരിവര്‍ത്തന്‍ ട്രസ്റ്റിന് 75.50 ലക്ഷവും, ട്രയംപ് ട്രസ്റ്റിന് 50 ലക്ഷവും സംഭാവനയായി ലഭിച്ചു. ഇലക്ടറല്‍ ബോണ്ട് സംവിധാനം ഏര്‍പ്പെടുത്തിയശേഷം നാളിതുവരെ ലഭിച്ച സംഭാവനയില്‍ മുക്കാല്‍പ്പങ്കും കരസ്ഥമാക്കിയത് ബിജെപിയാണെന്ന് ഏതാനും നാള്‍ മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
English Summary: 70 percent of election trust fund contribution to BJP
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.