24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 29, 2024
May 17, 2024
April 2, 2024
April 2, 2024
March 21, 2024
March 21, 2024
March 12, 2024
March 12, 2024
March 11, 2024
March 8, 2024

7000 കോടി ബാധ്യതയുള്ള സ്ഥാപനത്തിന് ഇരുകൈ സഹായം

Janayugom Webdesk
ന്യൂഡൽഹി
September 29, 2024 10:25 pm

7000 കോടിയിലധികം ബാധ്യതയും തങ്ങൾക്കുതന്നെ 1,023.42 കോടി രൂപ വായ്പയുമായി തകർച്ചയുടെ വക്കിലുള്ള സ്ഥാപനത്തെ ഓഹരിയെടുത്ത് സംരക്ഷിക്കുവാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). സുപ്രീം ഇൻഫ്രാസ്ട്രക്ചർ ഇന്ത്യ ലിമിറ്റഡ് (എസ്ഐഐഎൽ) എന്ന സ്ഥാപനത്തെയാണ് കടം പുനഃക്രമീകരിക്കുന്നതിന് ഇരുകൈകളും നീട്ടി എസ്ബിഐ സഹായിക്കുന്നത്. കുടിശിക തിരിച്ചെടുക്കൽ നടപടികളുടെ ഭാഗമായി വായ്പാത്തുകയിൽ 93 ശതമാനം ഇളവ് നൽകിയ തീരുമാനം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് 24.33 കോടി എസ്ഐഐഎൽ ഓഹരികൾ വാങ്ങുന്നതിനായി എസ്ബിഐ ഒരുങ്ങുന്നത്. 28,55,771 ഓഹരികൾ ഒന്നിന് 85.23 രൂപ നിരക്കിൽ വാങ്ങുന്നതിനാണ് ബാങ്ക് തീരുമാനം. കമ്പനിയുടെ ഏകദേശം 2.49 ശതമാനം ഓഹരി ഇതോടെ എസ്ബിഐക്ക് സ്വന്തമാകും. ഇന്ത്യയുടെ കോർപറേറ്റ് വായ്പാ തിരിച്ചടവിൽ തന്നെ ഇത്തരം നീക്കം ഇദംപ്രഥമാണെന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സി എച്ച് വെങ്കിടാചലം ചൂണ്ടിക്കാട്ടി. 

1000ത്തിലധികം കോടി രൂപ കുടിശിക വരുത്തിയ കമ്പനിയിൽ വീണ്ടും നിക്ഷേപം നടത്തുന്നതിനെതിരെ സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. എസ്ബിഐയുടെ ഇത്തരമൊരു നിക്ഷേപനീക്കം ബാങ്കിങ് ചരിത്രത്തിലെ അസാധാരണമായ നടപടിയാണെന്ന് സി എച്ച് വെങ്കിടാചലം ചൂണ്ടിക്കാട്ടി. ഗണ്യമായ എഴുതിത്തള്ളൽ നേരിടുന്ന കടക്കാരൻ എന്ന നിലയിൽ നിന്നും ഓഹരി പങ്കാളിയാകുന്നതിലേക്കുള്ള മാറ്റം സംശയാസ്പദമാണെന്നും വാതുവയ്പ് നടത്തുന്നതിന് തുല്യമായ നടപടിയാണ് എസ്ബിഐയുടേതെന്നും വിദഗ്ധർ വിലയിരുത്തുന്നു. 

2,200 കോടി രൂപ പ്രധാന ബാധ്യതകളും 4,893 കോടിയുടെ ടേം ലോണുകളും പലിശയും ഉൾപ്പെടെ എസ്ഐഐഎല്ലിന്റെ മൊത്തം ബാങ്ക് കുടിശിക 7,093 കോടി രൂപയാണ്. നഷ്ടത്തിലായ കമ്പനിയിൽ നിക്ഷേപം നടത്താൻ പൊതുമേഖലാ ബാങ്ക് ഫണ്ട് ഉപയോഗിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ആർബിഐ ഇടപെടണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കടക്കാരനും ഓഹരി ഉടമയും എന്ന നിലയിലുള്ള എസ്ബിഐയുടെ ഇരട്ട റോൾ എസ്ഐഐഎല്ലിനെ സംബന്ധിച്ച ഭാവി തീരുമാനങ്ങളിൽ താല്പര്യ വൈരുധ്യങ്ങൾക്ക് കാരണമായേക്കാമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ജൂലൈ എട്ടിനാണ് എസ്ഐഐഎൽ വായ്പകൾ തീർപ്പാക്കുന്നതിനുള്ള പുതിയ റെസല്യൂഷൻ പ്ലാനിന് അംഗീകാരം തേടി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചത്. ഇതുപ്രകാരം കമ്പനി കൊടുത്തുതീർക്കാനുള്ള ആകെ കടം നാടകീയമായി 2,200.36 കോടിയിൽ നിന്നും 464 കോടി രൂപയായി കുറച്ചു. 93.45 ശതമാനം വായ്പ എഴുതിത്തള്ളിയെന്നാണ് ഇത് വ്യക്തമാക്കുന്നത്. എസ്ബിഐ അടക്കം 92 ശതമാനം വായ്പാദാതാക്കളും ഈ പുനഃക്രമീകരണത്തെ അനുകൂലിക്കുകയായിരുന്നു. എന്നാൽ ഇത്തരമൊരു വൻ എഴുതിത്തള്ളലിന്റെ പിന്നിലെ യുക്തിയെ സാമ്പത്തിക വിദഗ്ധർ ചോദ്യംചെയ്യുന്നു. ബാങ്കിങ്, കോർപറേറ്റ് മേഖലയിൽ എസ്ബിഐയുടെ നടപടി ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇവർ പറയുന്നു. 

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.