കൊയിലാണ്ടി കഴിഞ്ഞ ദിവസം യുവാവിനെ ബന്ദിയാക്കി 72.40 ലക്ഷം രൂപ കവർന്നെടുത്തു എന്ന പരാതി നൽകിയ കേസിൽ വാദി തന്നെയാണ് പ്രതി എന്ന് പൊലീസ് കണ്ടെത്തി. മൂന്നുപേർ ചേർന്ന് നടത്തിയ നാടകമായിരുന്നു ഇത്. പരാതിക്കാരനായ തിക്കോടി ആവിക്കൽ സുഹാന മൻസിൽ സുഹൈലിനേയും കൂട്ടുപ്രതികളായ താഹയേയും യാസിറിനേയും പൊലീസ് അറസ്റ്റു ചെയ്തു. കാട്ടിലപീടികയിൽ കയ്യും കാലും ബന്ധിച്ച് ശരീരത്തിൽ മുളക് പൊടി വിതറിയ ശേഷം യുവാവിനെ കാറിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് നാടകമാണെന്ന് തെളിഞ്ഞത്. തിക്കോടി ആവിക്കൽ റോഡ് സുഹാന മൻസിൽ സുഹൈലിനെ(25)യാണ് ശനിയാഴ്ച മൂന്നരയോടെ കാട്ടിൽ പീടിക ദേശീയ പാതയോരത്ത് ഉപേക്ഷിച്ച കാറിനുളളിൽ അവശനിലയിൽ കണ്ടെത്തിയത്. എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടു പോയ 72.40 ലക്ഷം രൂപ അജ്ഞാതരായ രണ്ടു പേർ തന്നെ ബന്ധിയാക്കിയ ശേഷം കൈക്കലാക്കിയെന്നാണ് സുഹൈൽ കൊയിലാണ്ടി പൊലീസിൽ നൽകിയ പരാതി. 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നായിരുന്നു സുഹൈൽ ആദ്യം ജനങ്ങളോട് പറഞ്ഞിരുന്നത്. എടിഎമ്മിൽ നിറയ്ക്കുന്നതിനായി പണവുമായി കെഎൽ 56 ഡബ്ല്യു 3723 നമ്പർ കാറിൽ കൊയിലാണ്ടിയിൽ നിന്നും കാരയാട് കുരുടിമുക്ക് ഭാഗത്തേക്ക് പോകുമ്പോഴാണ് അരിക്കുളം പഞ്ചായത്ത് ഓഫീസിന് സമീപംവെച്ച് പർദ്ദ ധരിച്ച് നടന്നു പോകുകയായിരുന്ന രണ്ട് സ്ത്രീകൾ കാറിന് മുന്നിൽച്ചാടി പണം തട്ടിയതെന്നായിരുന്നു ഇവരുടെ പരാതി. സ്ത്രീകൾ രണ്ടുപേരും ചേർന്ന് തന്നെ കാറിന്റെ പുറകിലേക്ക് വലിച്ചിട്ടശേഷം കാലും കയ്യും കെട്ടിയിട്ട് ശരീരമാസകലം മുളകുപൊടി വിതറുകയും കാറിന്റെ മുൻസീറ്റിൽ ബാഗിലാക്കിവെച്ചിരുന്ന 72.40 ലക്ഷം രൂപ കവർച്ച നടത്തിയെന്നുമാണ് പരാതി.
എന്നാൽ ആദ്യം മുതലേ സുഹൈലിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തില്ല. കണ്ണിൽ മുളക് പൊടിയുടെ അംശമോ തലയ്ക്ക് അടിയേറ്റതിന്റെ പാടോ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. മാത്രമല്ല കാറിന്റെ പുറകിലത്തെ ഗ്ലാസ് പൊക്കിവെച്ചതിലും പൊലീസിന് സംശയമുണ്ടായി. പെട്ടെന്ന് തന്നെ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. കാർ കടന്നു പോയ അരിക്കുളം മുതൽ കാട്ടിലപ്പീടീക വരെയുെള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഫോറൻസിക് വിദഗ്ധരെത്തി കാറും പരിശോധിച്ചു. കവർച്ചാ നാടകത്തിന്റെ മുഖ്യ സൂത്രധാരൻ താഹയാണെന്നും കുറച്ചുകാലത്തെ ആസൂത്രണത്തിനുശേഷമാണ് പദ്ധതി നടപ്പിലാക്കിയതെന്നും റൂറൽ എസ് പി നിധിൻ മാധ്യമങ്ങളോട് പറഞ്ഞു. വലിയ ഒരു തുക ഒറ്റയടിക്ക് കൈക്കലാക്കുക എന്ന ലക്ഷ്യമാണ് ഈ നാടകത്തിനു പിന്നിൽ. അറുപത്തിരണ്ട് ലക്ഷം രൂപയാണ് വിവിധ ബാങ്കുകളിൽ നിന്നായി സുഹൈൽ പിൻവലിച്ചത്. 72.40 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഏജൻസി പറയുന്നത്. 37 ലക്ഷം രൂപ വില്യാപ്പള്ളിയിൽ വെച്ച് താഹയിൽ നിന്ന് പണമായി പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ബാക്കി പണത്തിന്റെ കാര്യം കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ എന്നും പൊലീസ് വ്യക്തമാക്കി. എസ്ഐ മനോജ് രാമത്ത്, എഎസ്ഐ വി സി ബിനീഷ്, വി വി ഷാജി, എസ് സി പി ഒ മാരായ പി കെ ശോഭിത്ത്, ഇ കെ അഖിലേഷ്, കൊയിലാണ്ടി സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ്, ബിജു വാണിയംകുളം, സനീഷ് എന്നിവരാണ് കേസന്വേഷത്തിനുള്ള സ്പെഷ്യൽ സ്ക്വാഡിലുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.